റാഷിദ് ഖാന്‍ എറിഞ്ഞുവീഴ്ത്തി; രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് പ്ലേ ഓഫിനരികില്‍
Cricket
റാഷിദ് ഖാന്‍ എറിഞ്ഞുവീഴ്ത്തി; രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് പ്ലേ ഓഫിനരികില്‍
Sudev A
Saturday, 9th May 2026, 11:28 pm

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴാം വിജയം. രാജസ്ഥാന്‍ റോയല്‍സിനെ 77 റണ്‍സിനാണ് ഗുജറാത്ത് തകര്‍ത്തുവിട്ടത്. റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 16.3 ഓവറില്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു.

റാഷിദ് ഖാന്റെ മിന്നും ബൗളിങ് പ്രകടനമാണ് രാജസ്ഥാനെ തകര്‍ത്തത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് അഫ്ഗാന്‍ സ്പിന്നര്‍ വീഴ്ത്തിയത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും കഗിസോ റബാദ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

രവീന്ദ്ര ജഡേജയാണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 25 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 38 റണ്‍സാണ് ജഡേജ നേടിയത്. വൈഭവ് സൂര്യവംശി 16 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി. മൂന്ന് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 84 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്സ്.

36 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 55 റണ്‍സാണ് സായ് നേടിയത്. വാഷിങ്ങ്ടണ്‍ സുന്ദര്‍ 20 പന്തില്‍ പുറത്താവാതെ 37 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. രണ്ട് ഫോറുകളും മൂന്ന് ഫോറുകളുമാണ് താരം നേടിയത്.

രാജസ്ഥാന്‍ ബൗളിങ്ങില്‍ ബ്രിജേഷ് ശര്‍മ രണ്ട് വിക്കറ്റും യാഷ് പുഞ്ച, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഈ തകര്‍പ്പന്‍ വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും നാല് തോല്‍വിയും അടക്കം 14 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ഗുജറാത്തിന് സാധിച്ചു. മറുഭാഗത്ത് 11 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Content Highlight: Gujarat Titans Beat Rajastan Royals in IPL 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.