വൈഭവിന്റെ പോരാട്ടം പാഴായി, ഗില്ലാട്ടത്തിൽ രാജസ്ഥാൻ വീണു; കിരീടപ്പോരിന് ഗുജറാത്ത്
Cricket
വൈഭവിന്റെ പോരാട്ടം പാഴായി, ഗില്ലാട്ടത്തിൽ രാജസ്ഥാൻ വീണു; കിരീടപ്പോരിന് ഗുജറാത്ത്
Sudev A
Friday, 29th May 2026, 11:30 pm

2026 ഐ.പി.എല്‍ ഫൈനലിലേക്ക് മുന്നേറി ഗുജറാത്ത് ടൈറ്റന്‍സ്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ശുഭ്മന്‍ ഗില്ലും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്.

ഐപിഎല്ലിലെ മൂന്നാം ഫൈനല്‍ പോരാട്ടത്തിലാണ് ഗുജറാത്ത് യോഗ്യത നേടിയിരിക്കുന്നത്. 2022ല്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടിയ ഗുജറാത്ത് തൊട്ടടുത്ത സീസണിലും ഫൈനല്‍ വരെ മുന്നേറിയിരുന്നു. എന്നാല്‍ ആ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ട് ഗുജറാത്തിന് കിരീടം നഷ്ടമാവുകയായിരുന്നു.

മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് വിജയിച്ചു കയറിയത്. 53 പന്തില്‍ 104 റണ്‍സ് നേടിയാണ് ഗില്‍ തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗുജറാത്ത് നായകന്റെ ഇന്നിങ്‌സ്.

അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശനും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. 32 പന്തില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്‌സുമടക്കം 58 റണ്‍സാണ് ആണ് സുദര്‍ശന്‍ നേടിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം മടങ്ങുകയായിരുന്നു.

വൈഭവിന് പുറമെ രവീന്ദ്ര ജഡേജ 45 റണ്‍സും ഡോണോവന്‍ ഫെരേര 38 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

ഗുജറാത്ത് ബൗളിങ്ങില്‍ കഗിസോ റബാദ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

മെയ് 31നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന കിരീട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ഗില്ലും സംഘവും നേരിടുക. കിരീടം നിലനിര്‍ത്താന്‍ ആര്‍.സി.ബിയും രണ്ടാം കിരീടം സ്വന്തമാക്കാന്‍ ഗുജറാത്തും കളത്തിലിറങ്ങുമ്പോള്‍ ഫൈനല്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്.

 

Content Highlight: Gujarat Titans advance to the 2026 IPL final

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.