അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെ വിറപ്പിച്ച് ദളിതരുടെ സ്വാഭിമാന പ്രക്ഷോഭം. ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് ഉനയില്‍ ഒത്തുചേരുമെന്ന് ദളിത് നേതാക്കള്‍ അറിയിച്ചു.
“സ്വാതന്ത്ര്യം കാണാനും അനുഭവിക്കാനുമാണ് ഞങ്ങളുടെ ഒത്തുചേരല്‍” എന്നാണ് ദളിത് നേതാക്കള്‍ പറയുന്നത്.
ആഗസ്റ്റ് അഞ്ചിനും ആഗസ്റ്റ് 15നും ഇടയില്‍ അഹമ്മദാബാദില്‍ നിന്നും ഉന വരെ ദളിത് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്ന ജോലിയും അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ജോലിയും ഇനി ചെയ്യരുതെന്ന് ദളിത് സമൂഹത്തിന് സമരനേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് അഹമ്മദാബാദില്‍ കഴിഞ്ഞദിവസം നടന്ന ദളിത് മഹാറാലിയില്‍ അണിചേര്‍ന്നത് 12,000ത്തിലേറെപ്പേരാണ്. ഉന ദളിത് അത്യാചാര്‍ ലഡത് സമിതി (യു.ഡി.എ.എല്‍.എസ്) ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ ദളിതര്‍ നേരിടുന്ന എല്ലാതരം നീതിനിഷേധവും ചര്‍ച്ചയായി.
2012ല്‍ തങ്കഥില്‍ കൊല്ലപ്പെട്ട മൂന്നു ദളിത് യുവാക്കള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവും റാലിയില്‍ ഉയര്‍ന്നു. മകന് നീതി ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ ഗാന്ധിനഗറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് തങ്കഥ് സംഭവത്തില്‍ കൊല്ലപ്പെട്ട യുവാക്കളിലൊരാളുടെ പിതാവ് വാല്‍ജി റാത്തോഡ് പ്രഖ്യാപിക്കുകയും ചെയ്തു.
ഗുജറാത്തിലെ ദളിതര്‍ നേരിടുന്ന നിയമപരമായ, ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് റാലിയുടെ കണ്‍വീനറായിരുന്നു ജിഗ്നേഷ് വെവാനി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.
“ദളിതരുടെ വിചാരണയിലും ദളിതരുടെ ഉന്മൂലനത്തിനുമാണ്” ഈ സര്‍ക്കാര്‍ വിശ്വസിക്കുമെന്നതെന്ന് ജിഗ്നേഷ് അഭിപ്രായപ്പെട്ടു.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കും ഉന സംഭവത്തില്‍ വേദനയുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുള്ള ശക്തമായ മറുപടി കൂടിയായിരുന്നു ജിഗ്നേഷിന്റെ പ്രസംഗം.
” രാജ്‌നാഥ് ജിയോട് ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു. മോദി ഗുജറാത്ത് ഭരിക്കുന്ന കാലത്ത് അദ്ദേഹം അതിക്രമം നേരിട്ട ഏതെങ്കിലുമൊരു ദളിത് കുടുംബത്തെ സന്ദര്‍ശിച്ചിട്ടുണ്ടോ? ഇതിനുള്ള മറുപടി അതെ എന്നാണെങ്കില്‍ ഞങ്ങള്‍ ഈ പ്രതിഷേധമൊക്കെ അവസാനിപ്പിക്കാം.” അദ്ദേഹം പറഞ്ഞു.
ദളിത് മുസ്‌ലിം ഐക്യസന്ദേശം നല്‍കി ഒരു സംഘം മുസ് ലിം യുവാക്കളും പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നു.
