ഒന്നില്‍ 150!! ഹിറ്റ്മാനുള്ള എലീറ്റ് ലിസ്റ്റിലേക്ക് അടിച്ച് കയറി മാക്‌സി
Cricket
ഒന്നില്‍ 150!! ഹിറ്റ്മാനുള്ള എലീറ്റ് ലിസ്റ്റിലേക്ക് അടിച്ച് കയറി മാക്‌സി
ഫസീഹ പി.സി.
Monday, 16th February 2026, 10:09 pm

2026 ടി – 20 ലോകകപ്പില്‍ ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ലങ്ക രണ്ട് വിക്കറ്റിന് 141 റണ്‍സ് എടുത്തിട്ടുണ്ട്. 41 പന്തില്‍ 71 റണ്‍സെടുത്ത പാത്തും നിസങ്കയും എട്ട് പന്തില്‍ 14 റണ്‍സെടുത്ത പവന്‍ രത്‌നയാകെയുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആറാമനായി ക്രീസിലെത്തിയ താരം 15 പന്തില്‍ 22 റണ്‍സെടുത്തിരുന്നു. ഒന്ന് വീതം ഫോറും സിക്‌സുമാണ് ഓസീസ് ഓള്‍റൗണ്ടര്‍ അതിര്‍ത്തി കടത്തിയത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍. Photo: CricketGully/x.com

ഈ പ്രകടനത്തോടെ ഒരു എലീറ്റ് ലിസ്റ്റിലും മാക്‌സി ഇടം പിടിച്ചു. അന്താരാഷ്ര ടി – 20യില്‍ 150 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയ താരങ്ങളുടെ ലിസ്റ്റിലാണ് ഓസീസ് ഓള്‍ റൗണ്ടര്‍ക്ക് ഭാഗമാകാന്‍ സാധിച്ചത്. കുട്ടി ക്രിക്കറ്റില്‍ ഇത്രയും സിക്‌സുകള്‍ നേടുന്ന ആറാമത്തെ താരമായാണ് 37കാരന്‍ തന്റെ പേര് എഴുതി ചേര്‍ത്തത്.

ടി – 20ഐയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – സിക്‌സുകള്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 151 – 205

മുഹമ്മദ് വസീം – യു.എ.ഇ – 96 – 193

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 139 – 174

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 101 – 174

മാര്‍ട്ടിന്‍ ഗപ്റ്റില്‍ – ന്യൂസിലാന്‍ഡ് – 118 – 173

ഗ്ലെന്‍ മാക്‌സ് വെല്‍ – ഓസ്‌ട്രേലിയ – 118 – 150

മത്സരത്തില്‍ ഓസീസിനായി തിളങ്ങിയത് ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷുമാണ്. ഹെഡ് 29 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ മാര്‍ഷ് 27 പന്തില്‍ 54 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും. Photo: ICC/x.com

ശ്രീലങ്കക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റുകളും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷ്ണ, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

അതേസമയം, ശ്രീലങ്കയ്ക്ക് കുശാല്‍ മെന്‍ഡിസിന്റെയും കുശാല്‍ പെരേരയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. മെന്‍ഡിസ് 38 പന്തില്‍ 51 റണ്‍സുമായാണ് പുറത്തായതെങ്കില്‍ പെരേര മൂന്ന് പന്തില്‍ ഒരു റണ്‍സാണ് നേടിയത്. രണ്ട് വിക്കറ്റുകളും മാര്‍ക്ക്‌സ് സ്റ്റോയ്നിസിനാണ്.

 

Content Highlight: Glenn Maxwell became the 6th batter to complete 150+ Sixes in T20Is

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി