‘ബെത്ലഹേം കുടുംബ യൂണിറ്റി’ല്‍ ആഷ്‌ലിയും ജസ്റ്റിനും തമ്മിലുള്ള പ്രണയത്തിന് വഴിയൊരുക്കുന്ന കഥാപാത്രമാണ് കുഞ്ഞാന്റി. ആഷ്‌ലിക്ക് ജസ്റ്റിനോട് പ്രണയമാണെന്ന് തിരിച്ചറിയുന്നതും ആ വിവരം ജസ്റ്റിനോട് പറയുന്നതുമെല്ലാം കുഞ്ഞാന്റിയാണ്. ബിന്ദു പണിക്കര്‍ അവതരിപ്പിച്ച ഈ കഥാപാത്രമാണ് സിനിമയെ ഒരു ഘട്ടത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

കുഞ്ഞാന്റിയെന്ന കഥാപാത്രത്തിലേക്ക് എത്തിയതിന് പിന്നിലെ ആലോചനകള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായ കിരണ്‍ ജോസി.

ജസ്റ്റിന്റെ സമപ്രായക്കാരിയായ കന്യാസ്ത്രീ എന്നതായിരുന്നു സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ ആദ്യത്തെ ആശയമെന്നും കഥാപാത്രത്തെ ആന്റിയാക്കി മാറ്റാമെന്ന നിര്‍ദേശം തന്റേതായിരുന്നുവെന്നും കിരണ്‍ പറയുന്നു. ബിന്ദു പണിക്കരെ ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചത് ഗിരീഷാണെന്നും കിരണ്‍ ജോസി പറഞ്ഞു.

‘ഗിരീഷേട്ടന്റെ വേര്‍ഷനില്‍ ജസ്റ്റിന്റെ കസിനും സമപ്രായക്കാരിയുമായ ഒരാളായിരുന്നു ആ കഥാപാത്രം. അങ്ങനെ ഒരാള്‍ വരുന്നു, അവര്‍ക്ക് ആഷ്‌ലിയെയും ജസ്റ്റിനെയും കുറിച്ച് സംശയം തോന്നുന്നു എന്നതായിരുന്നു ആദ്യത്തെ ഐഡിയ. ഞാനും കൂടി എഴുത്തിന്റെ ഭാഗമായ സമയത്താണ് ആ കഥാപാത്രത്തെ ഒരു ആന്റിയാക്കാമെന്ന അഭിപ്രായം വരുന്നത്.

എന്റെ ഫാമിലിയിലും എനിക്ക് അറിയാവുന്ന മറ്റ് കുടുംബങ്ങളിലുമൊക്കെ ജര്‍മനിയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലി ചെയ്യുന്ന കന്യാസ്ത്രീകളുണ്ട്. അവര്‍ രണ്ട് വര്‍ഷം കൂടുമ്പോഴൊക്കെ നാട്ടില്‍ വരാറുണ്ട്. അവരെ പിക്ക് ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ പോകുന്നതൊക്കെ ഞങ്ങളുടെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങളാണ്.

അത്തരത്തില്‍ ഒരു വിസിറ്റിന് വരുന്ന കന്യാസ്ത്രീ കഥാപാത്രമാക്കാമെന്നും അവരെ ഡ്രോപ്പ് ചെയ്യാന്‍ പോകുമ്പോള്‍ ഒരു സംഭാഷണം ഉള്‍പ്പെടുത്താമെന്നൊക്കെ ചര്‍ച്ച വന്നു. അങ്ങനെയാണ് ആ കഥാപാത്രത്തെ ആന്റിയാക്കാമെന്ന് തീരുമാനിച്ചത്. ബിന്ദു പണിക്കരെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവരാമെന്നത് ഗിരീഷേട്ടന്റെ ഐഡിയയായിരുന്നു’, കിരണ്‍ ജോസി പറഞ്ഞു.

‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ ചിത്രീകരണത്തിനിടെ തിരക്കഥയിലില്ലാത്ത പല സംഭാഷണങ്ങളും രംഗങ്ങളും രൂപപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ പറയുന്നു. സുരേഷ് കൃഷ്ണയും ഷമീര്‍ ഖാനും അവതരിപ്പിച്ച രംഗങ്ങളില്‍ ചില സംഭാഷണങ്ങള്‍ ഇത്തരത്തില്‍ കൂട്ടിച്ചേര്‍ത്തവയാണ്. ഗിരീഷ് എ.ഡിയുമായുള്ള ചര്‍ച്ചകളില്‍ നിന്നാകാം അവ രൂപപ്പെട്ടതെന്നും കിരണ്‍ വ്യക്തമാക്കി.

‘സിനിമയില്‍ ഒരുപാട് ഇംപ്രൊവൈസേഷനുകള്‍ ഉണ്ടായിട്ടുണ്ട്. സുരേഷേട്ടനും ഷമീര്‍ഖയും കുറേ ഡയലോഗുകള്‍ പറഞ്ഞിട്ടുണ്ട്. ഗിരീഷേട്ടനുമായുള്ള ഡിസ്‌കഷനുകളിലാണ് അതൊക്കെ വന്നതെന്നാണ് എനിക്ക് മനസിലാകുന്നത്. ഓരോ സീനും ചര്‍ച്ച ചെയ്യുന്ന സമയത്ത് വന്നതാകാം.

ഗിറ്റാറിന്റെ കമ്പിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സ്‌പോട്ടില്‍ വന്നതാണ്. ‘മെയിന്‍ സ്വിച്ച് ഓഫ് ആക്കട്ടെ’ എന്നൊക്കെയുള്ള ഡയലോഗുകളൊന്നും സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നില്ല. പാട്ടിന് അവര്‍ ഡാന്‍സ് കളിക്കുന്നു എന്നത് മാത്രമായിരുന്നു തിരക്കഥയിലുണ്ടായിരുന്നത്. അതിനിടയിലെ സംഭാഷണങ്ങളൊക്കെ സ്‌പോട്ടില്‍ ഇംപ്രവൈസ് ചെയ്തതാണ്’, കിരണ്‍ ജോസി പറഞ്ഞു.

Content Highlight: Girish’s Idea Was to Make the Nun Justin’s Age; I Suggested Making Her an Aunt: Kiran Josey