പലരും മാറ്റി ചെയ്യാന്‍ പറയും, അരുതെന്ന് സത്യന്‍ അന്തിക്കാട് സാര്‍ പറഞ്ഞിരുന്നു: വൈറലായി ഗിരീഷ് എ.ഡിയുടെ പഴയ അഭിമുഖം
Malayalam Cinema
പലരും മാറ്റി ചെയ്യാന്‍ പറയും, അരുതെന്ന് സത്യന്‍ അന്തിക്കാട് സാര്‍ പറഞ്ഞിരുന്നു: വൈറലായി ഗിരീഷ് എ.ഡിയുടെ പഴയ അഭിമുഖം
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 16th August 2026, 3:30 pm

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. റോം-കോം ഴോണറായ പ്രേമലു 100 കോടി ക്ലബില്‍ കയറ്റിക്കൊണ്ടാണ് ഒരു സംവിധായകനെന്ന നിലയില്‍ തന്റെ മികവ് ഗിരീഷ് എ.ഡി തെളിയിച്ചത്. കരിയറില്‍ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളും റൊമാന്‍സ് കോമഡി ഴോണറില്‍ ഒരുക്കിയതായിരുന്നുവെന്നും കാണാം. ഇതേ പാറ്റേണിലാണ് തന്റെ ആറാമത്തെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റും സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്.

Photo: District

ഓഗസ്റ്റ് 21ന് റിലീസിനൊരുങ്ങുന്ന ബെത്‌ലഹേമില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത് നിവിന്‍ പോളിയും മമിത ബൈജുവുമാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമെന്നതും ബെത്‌ലഹേമിന് വലിയ പ്രതീക്ഷ നല്‍കാന്‍ കാരണമാകുന്നു. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ക്കും ടീസറുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കാണാം.

ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംവിധായകന്‍ ഗിരീഷ് എ.ഡി ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു സത്യന്‍ അന്തിക്കാട് നല്‍കിയ ഉപദേശത്തെ കുറിച്ച് ഗിരീഷ് സംസാരിച്ചത്. പ്രേമലുവിന്റെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രേമലു കണ്ടിട്ട് സത്യന്‍ സാര്‍ എന്നെ വിളിച്ചിരുന്നു. പലരും നമ്മളോട് മാറ്റി ചെയ്യ് മാറ്റി ചെയ്യ് എന്ന് പറയും, അതില്‍ വീഴരുത് വീണ് കഴിഞ്ഞാല്‍ പണിയാവും എന്നെല്ലാം അദ്ദേഹം പറഞ്ഞുതന്നു. എന്റെ അതേ രീതി തുടരുന്നതാണ് നല്ലത് എന്നെല്ലാം പറഞ്ഞ് കുറേ നേരം സംസാരിച്ചിരുന്നു. ഇതേ പോലെ അമലേട്ടനും വിളിച്ചിരുന്നു. അദ്ദേഹവും പറഞ്ഞത് ഇതുപോലെ തന്നെ പോവണം എന്നാണ്,’ ഗിരീഷ് പറയുന്നു.

Photo: Reddit

ഗിരീഷിനൊപ്പം തന്നെ റോം-കോം ഴോണറിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നിവിന്‍ പോളിയും ചിത്രത്തില്‍ വേഷമിടുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. തമിഴില്‍ തിളങ്ങി നില്‍ക്കുന്ന മമിതയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവും ബെത്‌ലഹേമിന് പോസിറ്റീവ് ഘടകമാണ്.

Content Highlight: Girish AD says Sathyan anthikkad and Anal neerad asked him to don’t change his mode of creating film

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.