എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ; കാനഡയില്‍ സിഖ് വയോധികന് നേരെ വംശീയാധിക്ഷേപം
India
എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ; കാനഡയില്‍ സിഖ് വയോധികന് നേരെ വംശീയാധിക്ഷേപം
നിഷാന. വി.വി
Monday, 27th April 2026, 2:55 pm

ടൊറാന്റൊ: കാനഡയില്‍ സിഖ് വംശജനായ വയോധികന് നേരെ വംശീയാധിക്ഷേപവുമായി യുവാവ്. വുഡ്‌സ്‌റ്റോക്കിലെ നൈറ്റ്‌സ് ലൈനിന് സമീപമാണ് സംഭവം നടന്നത്.

നടപ്പാതയിലൂടെ നടന്ന് പോവുകയായിരുന്ന വയോധികനെ ഒരു യുവാവ് തടഞ്ഞ് നിര്‍ത്തുകയും തള്ളിവീഴ്ത്താന്‍ നോക്കുകയുമായിരുന്നു.

‘എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ’ എന്ന തരത്തിലുള്ള വംശീയാധിക്ഷേപങ്ങള്‍ യുവാവ് വിളിച്ച് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ വയോധികന് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്ന് വുഡ്‌സ്റ്റോക്ക് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

‘നമ്മുടെ സമൂഹത്തില്‍ വെറുപ്പിന്റെ പ്രവൃത്തികള്‍ക്ക് സ്ഥാനമില്ല. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും സുരക്ഷിതത്വവും പരിരക്ഷയും അനുഭവപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ വുഡ്സ്റ്റോക്ക് പൊലീസ് പ്രതിജ്ഞാബദ്ധമാണ്. വിദ്വേഷം ഉളവാക്കുന്ന ഒരു സംഭവങ്ങള്‍ നേരിട്ടിട്ടുള്ളവരോ കണ്ടിട്ടുള്ളവരോ ആയ ആര്‍ക്കും അത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാം. അത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു,’ പോലീസ് പറഞ്ഞു.

വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത്തരം വംശീയ വിദ്വേഷങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Content Highlight: Get out of my country; Sikh elderly man racially abused in Canada

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.