അഞ്ച് കിരീടം നേടിയ ബ്രസീലിനും മുകളില്‍; ലോകപ്പിലെ ഒരേയൊരു ജര്‍മനി
FIFA World Cup 2026
അഞ്ച് കിരീടം നേടിയ ബ്രസീലിനും മുകളില്‍; ലോകപ്പിലെ ഒരേയൊരു ജര്‍മനി
സുദേവ് എ
Friday, 5th June 2026, 12:49 pm

2026 ഫിഫ ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മനി ഈ ഇരുണ്ട കാലഘട്ടങ്ങളെല്ലാം മറന്ന് കൊണ്ട് ഇത്തവണത്തെ ലോകകപ്പില്‍ ശക്തമായി തിരിച്ചുവരാനാണ് ഒരുങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടത്തിന്റെ തലയെടുപ്പുമായിട്ടാണ് ഓരോ ലോകകപ്പിലും ജര്‍മനി കളത്തിലിറങ്ങുക.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച ടീം ഇപ്പോഴും ജര്‍മനിയാണ്. എട്ട് തവണയാണ് ജര്‍മന്‍ പട ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയത്. ഇതില്‍ നാല് തവണ ചാമ്പ്യന്മാരാവാനും ജര്‍മനിക്ക് സാധിച്ചു. 1954, 1974, 1990, 2014 എന്നീ വര്‍ഷങ്ങളിലായിരുന്നു ജര്‍മനിയുടെ കിരീട നേട്ടം. 1966, 1982, 1986, 2002 എന്നീ വര്‍ഷങ്ങളില്‍ ജര്‍മനി കിരീടപ്പോരില്‍ തലതാഴ്ത്തുകയും ചെയ്തു. ഏഴ് ഫൈനലുകള്‍ കളിച്ച ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച രാജ്യം, ഫൈനലുകളുടെ എണ്ണം

ജര്‍മനി-8

ബ്രസീല്‍-7

ഇറ്റലി-6

അര്‍ജന്റീന-6

ഫ്രാന്‍സ്-4

നെതര്‍ലാന്‍ഡ്സ്-3

ഉറുഗ്വായ്-2

ഹംഗറി-2

സ്പെയ്ന്‍-1

1954ല്‍ സ്വിറ്റ്സർലാൻഡിനെ കീഴടക്കിയാണ് ജര്‍മനിയുടെ ആദ്യ ലോകകപ്പ് നേട്ടം. 1974ല്‍ നെതര്‍ലാന്‍ഡ്സിനെയും 1990ല്‍ ഇറ്റലിയെയും വീഴ്ത്തി ജര്‍മനി ലോകത്തിന്റെ നെറുകയിലെത്തി. പിന്നീട് 2014ലും ജര്‍മനി ലോകകപ്പ് ബെര്‍ലിനിലെത്തിച്ചു.

ജർമനി ഫുട്ബോൾ ടീം

എട്ട് ഫൈനലുകളില്‍ നാല് തവണ ജര്‍മനിക്ക് കാലിടറുകയും ചെയ്തു. 1966ല്‍ ഇംഗ്ലണ്ടിനോടാണ് ജര്‍മനി ആദ്യമായി ഫൈനലില്‍ പരാജയപ്പെടുന്നത്. പിനീട് 1982ല്‍ ഇറ്റലിയോടും തൊട്ടടുത്ത ലോകകപ്പില്‍ അർജന്റീനയോടും ജര്‍മനി അടിയറവ് പറഞ്ഞു. 2022ലാണ് അവസാനമായി ജര്‍മനി ലോകകപ്പ് ഫൈനലില്‍ തോല്‍വി അറിഞ്ഞത്. ബ്രസീലായിരുന്നു ജര്‍മനിയെ അന്ന് ഫൈനലില്‍ വീഴ്ത്തിയത്.

ജർമനി

ഇത്തവണ ജര്‍മനി ഗ്രൂപ്പ് ഇ-യിലാണ് ഇടം നേടിയിട്ടുള്ളത്. ഇക്വഡോര്‍, കുറസാവോ, ഐവറികോസ്റ്റ് എന്നീ ടീമുകള്‍ക്കൊപ്പമാണ് ജര്‍മനി കിരീടത്തിനായി മത്സരിക്കുന്നത്. അഞ്ചാം ലോകകിരീടമാണ് ജര്‍മനി ഇത്തവണ ലക്ഷ്യം വെക്കുന്നത്.

Content Highlight: Germany is hold the record most finals played in FIFA world cup

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.