2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ വിജയവുമായി വരവറിയിച്ചിരിക്കുകയാണ് ജര്‍മനി. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അരങ്ങേറ്റക്കാരായ കുഞ്ഞന്‍ ടീം കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി തുടക്കം ഗംഭീരമാക്കിയത്.

ആദ്യ മത്സരത്തിലെ ഗോള്‍ മഴക്ക് പിന്നാലെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ജര്‍മന്‍ പട. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രാജ്യമായാണ് ജര്‍മനി മാറിയത്. 239 ഗോളുകളാണ് ഇതുവരെ ജര്‍മനി എതിര്‍ ടീമിന്റെ പോസ്റ്റിലെത്തിച്ചത്. 238 ഗോളുകള്‍ നേടിയ ബ്രസീലിനെ മറികടന്നാണ് ജര്‍മനി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ബ്രസീലിനേക്കാള്‍ രണ്ട് ലോകകപ്പ് കുറച്ച് കളിച്ചുകൊണ്ടാണ് ജര്‍മനി ഒന്നാം സ്ഥാനത്തെത്തിയതെന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ബ്രസീല്‍ 22 ലോകകപ്പിന്റെ ഭാഗമായപ്പോള്‍ ജര്‍മനി 20 തവണയും ടൂര്‍ണമെന്റില്‍ കളിച്ചു.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രാജ്യം, ഗോളുകളുടെ എണ്ണം

ജര്‍മനി-239

ബ്രസീല്‍-238

അര്‍ജന്റീന-152

ഫ്രാന്‍സ്-136

ഇറ്റലി-128

സ്പെയ്ന്‍-108

ഇംഗ്ലണ്ട്-104

മത്സരത്തില്‍ കൈ ഹാവെര്‍ട്‌സ് ഇരട്ട ഗോളുകളും ഫെലിക്‌സ് നെമെച്ച, നിക്കോ ഷോട്ടര്‍ബെക്ക്, ജമാല്‍ മുസിയാല, നഥാനിയേല്‍ ബ്രൗണ്‍, ഡെനിസ് ഉന്‍ഡവ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി വമ്പന്‍ വിജയം സമ്മാനിച്ചു. മറുവശത്ത് ലീവാനോ കോമെനെന്‍സിയ കുറസാവോക്ക് വേണ്ടി സ്‌കോര്‍ ചെയ്തു.

അതേസമയം പുതുമുഖങ്ങളായ കുറസാവോയുടെ പ്രകടനം കയ്യടി നേടി. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമാണ് കുറസാവോ മാറിയത്. 158,000 ആണ് കുറസാവോയിലെ ജനസംഖ്യ.

ലോകകപ്പിന് യോഗ്യത നേടുന്ന കുഞ്ഞന്‍ രാജ്യമെന്ന തലയെടുപ്പോടെ ആദ്യ മത്സരത്തിനിറങ്ങിയ കുറസാവോ ജര്‍മനിയെ പോലൊരു ശക്തമായ ടീമിനെതിരെ ഗോള്‍ നേടിയതും ഫുട്‌ബോള്‍ ലോകത്ത് കയ്യടി നേടിക്കൊടുത്തു.

ലോകകപ്പിനെത്തുന്ന കുഞ്ഞന്‍ രാജ്യമെന്ന ഐസ്ലാന്‍ഡിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തായിരുന്നു കോണ്‍കാകാഫില്‍ നിന്നും കുറസാവോ വിശ്വവേദിയിലെത്തിയത്. 3,50,000ത്തിലധികം ജനസംഖ്യയുള്ള ഐസ്ലാന്‍ഡ് 2018ലായിരുന്നു യോഗ്യത നേടിയിരുന്നത്.

കുറസാവോ

ജൂണ്‍ 21നാണ് ജര്‍മനി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ആഫ്രിക്കന്‍ വമ്പന്മാരായ ഐവറി കോസ്റ്റാണ് ജര്‍മനിയുടെ എതിരാളികള്‍. മറുഭാഗത്ത് അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ കുറസാവോ ഇക്വഡോറിനെയും നേരിടും.

 

Content Highlight: Germany breaks Brazil’s world record at FIFA World Cup