കൊച്ചി: സെക്രട്ടറിയേറ്റ് പടിക്കല്‍ ആദിവാസികള്‍ തുടരുന്ന നില്‍പ്പ് സമരത്തിന് പിന്തുണയുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആദിവാസികളുടെ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യപ്രസ്താവന മാത്രമല്ല, നില്‍പ്പ് സമരം അവസാനിപ്പിക്കാനായി ഇടപെടല്‍ നടത്തും. ആദിവാസികളുടെ മണ്ണും സംസ്‌കാരവും നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ ഇതിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഗാന്ധി ജയന്തി ദിവസത്തില്‍ നില്‍പ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഐക്യദാര്‍ഢ്യ യാത്രയിലും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുത്തിരുന്നു.
ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരം നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ജൂലൈ 8നാണ് നില്‍പ് സമരം ആരംഭിച്ചത്.
കേരളത്തിലെ ആദിവാസികളുടെ ഊര്ഭൂമിയും അവര്‍ ഉപയോഗിക്കുന്ന മേഖലകളും പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുകയും ആദിവാസി ഗ്രാമസഭാ നിയമത്തിന് സംസ്ഥാന നിയമമുണ്ടാക്കുകയും ചെയ്യുക. കേരളത്തിലെ ആദിവാസി അധിവാസ മേഖലകള്‍ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്താനും പ്രസ്തുത മേഖലകള്‍ വിജ്ഞാപനം ചെയ്ത് കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും കേരള മന്ത്രിസഭ തീരുമാനമെടുക്കുക. ആദിവാസി പുനരധിവാസ വിഷന്‍ പുനരുജ്ജീവിപ്പിക്കുക. 2001ലെ കരാര്‍ നടപ്പാക്കുക.. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആദിവാസികള്‍ നില്‍പ്പ് സമരം നടത്തുന്നത്.
ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി അവസാനിപ്പിച്ച് ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുക. ആറളം ഫാമിലെ പുനരധിവാസത്തിന് കാര്‍ഷിക പദ്ധതിയിലൂന്നുന്ന സമഗ്രമായ പാക്കേജ് തയ്യാറാക്കുക. ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘത്തെ ഒരു പ്രത്യേക കാലയളവിലേക്ക് ആറളം ഫാമില്‍ നിയോഗിക്കുക. ടി.ആര്‍.ഡി.എം ന്റെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഭാഗമായി പദ്ധതി നടപ്പാക്കുക. ആദിവാസികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുക. ആറളം ഫാമില്‍ കുടിയിരുത്തിയ ആദിവാസികള്‍ക്ക് പ്രാഥമിക ജീവിത സാഹചര്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ആദിവാസികള്‍ ഉന്നയിച്ചിട്ടുണ്ട്.
