മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട അഭിനേതാവും സംവിധായകനുമാണ് പൃഥ്വിരാജ്. മലയാളത്തിലെ ഏറ്റവും വലിയ രണ്ട് വിജയ ചിത്രങ്ങളായ എമ്പുരാനും ലൂസിഫറും സംവിധാനം ചെയ്ത പൃഥ്വി അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ പ്രഭാസിനൊപ്പം പ്രധാനവേഷത്തിലെത്തിയ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി.

ഇന്ത്യയില്‍ ഇന്നേവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെ ഒരുങ്ങുന്ന വാരണാസിയില്‍ വില്ലനായാണ് പൃഥ്വി വേഷമിടുന്നത്. താരത്തിന്റേതായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഹിന്ദി ചിത്രമാണ് മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ദായ്റ. പൃഥ്വിയ്ക്കൊപ്പം കരീന കപൂറും പ്രധാനവേഷത്തിലെത്തിയ ചിത്രം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടായിരുന്നു സംവിധായിക ഒരുക്കിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിധത്തില്‍ ബോക്‌സ് ഓഫീസില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ല. വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്ന സൂചനയാണ് സിനിമാ പേജുകള്‍ നല്‍കുന്നത്.

പള്ളിച്ചട്ടമ്പി. Photo: X.com

ഹിന്ദിയിലും മലയാളത്തിലുമായി ഈ വര്‍ഷം പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. പൃഥ്വിരാജ് കാമിയോ റോളിലെത്തിയ ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിച്ച പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍ എന്ന കഥാപാത്രത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്.

ചിത്രത്തിലെ താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയകളിലും സിനിമാ പേജുകളിലും വലിയ രീതിയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പള്ളിച്ചട്ടമ്പിയിലെ താരത്തിന്റെ ലുക്കിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ മഞ്ജുഷ രാധാകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മീഡിയ വണ്‍ ഷോമാളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജുഷ.

‘കഥാപാത്രത്തിന് വേണ്ടി ഞങ്ങള്‍ക്ക് ആദ്യം വന്ന സ്‌കെച്ച് എന്ന് പറയുന്നത് കുര്‍ത്തയും ഷര്‍വാണിയും പോലെയുള്ള ഡ്രെസ് ഇട്ടിട്ടാണ്. അയാളെ എടുത്തുവളര്‍ത്തുന്നത് ഒരു ബ്രിട്ടീഷ് ഫാമിലി ആയതുകൊണ്ട് കഥാപാത്രത്തോട് ജസ്റ്റിസ് ചെയ്യുന്ന പോലെ തോന്നിയില്ല. അങ്ങനെയാണ് ഈ ലുക്കിലേക്ക് മാറിയത്. സസ്‌പെന്‍ഡേഴ്‌സ് ഇടുന്ന ആദ്യ ദിവസം തന്നെ ഇതൊക്കെ ഇട്ട് ട്രോള്‍ മേടിച്ച് തരുമോ എന്ന് പൃഥ്വി എന്റെ അടുത്ത് ചോദിച്ചിരുന്നു.

പള്ളിച്ചട്ടമ്പി. Photo: X.com

ടെക്‌നീഷ്യന്മാരെ അദ്ദേഹം റെസ്‌പെക്ട് ചെയ്യുന്ന രീതി എടുത്തുപറയേണ്ടതാണ്. ഇക്കാര്യത്തില്‍ എന്നെ വിശ്വസിച്ചോളാന്‍ ഞാനദ്ദേഹത്തോട് പറഞ്ഞു. എന്നെ സംബന്ധിച്ച് ഒരു രോമാഞ്ചം ഫീലായിരുന്നു. അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്ത് നല്‍കാന്‍ ഞാന്‍ തയ്യാറാണ് എന്ന ആവേശത്തിലായിരുന്നു ഞാന്‍. മസ്‌കുലിന്‍ ബോഡിയില്‍ അങ്ങനെ വരുന്നത് കണ്ടപ്പോള്‍ അദ്ദേഹം ഓക്കെ പറഞ്ഞു. കുറച്ച് കൂടെ നേരം ഇങ്ങനെ കിട്ടിയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹമുണ്ടായിരുന്നു,’ മഞ്ജുഷ പറഞ്ഞു.

Content Highlight: Costume Designer Manjusha Radhakrishnan talks about Prithviraj’s costume in Pallichattambi