ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശക്തി അവളുടെ സാമ്പത്തികസ്വാതന്ത്ര്യമാണ്: ഗായത്രി അരുൺ
Malayalam Cinema
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശക്തി അവളുടെ സാമ്പത്തികസ്വാതന്ത്ര്യമാണ്: ഗായത്രി അരുൺ
നന്ദന എം.സി
Sunday, 15th March 2026, 7:18 am

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗായത്രി അരുൺ. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, ഇന്ന് മലയാള സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിനൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിംഗും ബിസിനസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് ഗായത്രി.

ഇപ്പോൾ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശക്തി അവളുടെ സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന് തുറന്നുപറയുകയാണ് താരം. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഈ അഭിപ്രായം പങ്കുവെച്ചത്.

ഗായത്രി അരുൺ, Photo: IMDb

‘ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഏറ്റവും വലിയ ശക്തി സാമ്പത്തികസ്വാതന്ത്ര്യമാണ്. പണ്ടത്തെ സാഹചര്യമല്ലിപ്പോൾ. വലിയ മുതൽമുടക്കിന്റെ ആവശ്യമില്ല. നമ്മുടെ കഴിവുകളും താത്പര്യങ്ങളുമുണ്ടെങ്കിൽ ഒരു ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ചുതന്നെ സംരംഭം തുടങ്ങാനാവും,’ എന്നാണ് ഗായത്രി പറഞ്ഞത്.

അഭിനയത്തോടൊപ്പം ബിസിനസ്സും മുന്നോട്ടുകൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. അധികം സെലിബ്രിറ്റികൾ ബിസിനസ്സിലേക്ക് എത്താത്ത കാലത്ത് തന്നെ താരം‘ആട’ എന്ന പേരിൽ സാരികളും കുർത്തികളും വിൽക്കുന്ന ഓൺലൈൻ സ്റ്റോർ ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപിച്ചതോടെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ വന്നിരുന്നു.

വർഷങ്ങൾക്കിപ്പുറം ‘നെയിൽ ഇറ്റ്’ എന്ന സലൂണിലൂടെ ഗായത്രി തന്റെ ഉള്ളിലെ സംരംഭകയെ വീണ്ടും തിരിച്ച് പിടിച്ചിരിക്കുകയാണ്. ഇത്തരമൊരു സംരംഭം തുടങ്ങാൻ നിരവധി പ്രയാസങ്ങൾ നേരിട്ടുവെന്നും താരം പറയുന്നു.

ഗായത്രി അരുൺ, മമ്മൂട്ടി , Photo: Gayatri Arun/ Facebook

‘സംരംഭം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. ഭർത്താവ് ബിസിനസ്സുകാരനാണ്. അദ്ദേഹത്തിന്റെ ജോലി സമ്മർദ്ദങ്ങളും ടെൻഷനുകളും കാണാറുണ്ട്. അതൊന്നും എന്നെപ്പോലൊരാൾക്ക് നേരിടാൻ കഴിയില്ലെന്നായിരുന്നു ആദ്യം വിചാരം.

ബിസിനസ്സിന്റെ തുടക്കത്തിൽ നേരിട്ട പ്രധാന വെല്ലുവിളി ബ്രാൻഡിനെ ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു. അത്യാവശ്യം ഫോളോവേഴ്‌സുള്ള ഒരു സോഷ്യൽ മീഡിയ പേജ് ഉണ്ടായതിനാൽ ബ്രാൻഡിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ തന്നെ ഉപയോഗപ്പെടുത്തി,’ ഗായത്രി കൂട്ടിച്ചേർത്തു.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത, മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവൽ’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ഗായത്രിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Gayatri Arun says that the greatest strength for a woman is her financial independence.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.