മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കൂടി ഇന്ത്യ പടിക്കല്‍ കലമുടച്ചിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനോട് 209 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 234 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

മത്സരത്തിന്റെ നാലാം ദിവസം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലാം ദിവസം തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും നാലാം ദിവസം തന്നെ തിരികെ കൂടാരം കയറിയപ്പോള്‍ വിരാട് കോഹ്‌ലിയുടെയും അജിന്‍ക്യ രഹാനെയുടെയും ചെറുത്ത് നില്‍പ് മാത്രമാണ് നാലാം ദിവസം ഇന്ത്യക്ക് തുണയായത്.

മികച്ച രീതിയില്‍ പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്തിയ ഇരുവരും അവസാന ദിവസം ക്രീസില്‍ പിടിച്ചുനിന്നാല്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ട് വിരാട് തുടക്കത്തിലേ പുറത്താവുകയായിരുന്നു.

അവസാന ദിവസത്തെ ആദ്യ സെഷന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെയായിരുന്നു വിരാട് പുറത്തായത്. സ്‌കോട് ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

78 പന്തില്‍ നിന്നും 49 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ വിരാടിന്റെ സമ്പാദ്യം.