ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. മത്സരത്തിന് മുന്നോടിയായി സൂപ്പര്‍ താരം ജസ്പ്രീത് ബുംറ പരിക്ക് മൂലം പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ്. ഒരുവിധത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ലെന്നും വെല്ലുവിളികള്‍ നേരിടാന്‍ കരുത്തരായിരിക്കണമെന്നും ഗംഭീര്‍ താരങ്ങളോട് പറഞ്ഞു.
‘ഓഗസ്റ്റ് 15ന് നമ്മള്‍ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍, ബാറ്റിങ്ങില്‍ ആയാലും ബൗളിങ്ങില്‍ ആയാലും എതിരാളികള്‍ ഉയര്‍ത്തുന്ന എല്ലാവിധ വെല്ലുവിളികള്‍ക്കും നമ്മുടെ പക്കല്‍ കൃത്യവും വ്യക്തവുമായ ഉത്തരം ഉണ്ടാകണം. നമുക്ക് മുന്നിലുള്ള ലക്ഷ്യവും വ്യക്തമാണ്. അതുകൊണ്ട് തന്നെ പരിധികള്‍ മറികടന്ന് പരിശീലനത്തില്‍ ഏര്‍പ്പെടാനുള്ള അവസമാണിത്,’ ഗംഭീര്‍ പറഞ്ഞു.
2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിന്നര്മാരെയും ഇന്ത്യ ടീമില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.