[]ചെന്നൈ: പശ്ചിമഘട്ട സംരക്ഷണമ സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ വിമര്‍ശനം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് മുന്‍ സര്‍ക്കാര്‍ ഇറക്കിയ കരടുവിജ്ഞാപനത്തിന്മേല്‍ കേന്ദ്രം ഇന്ന് നിലപാട് അറിയിക്കാതിരുന്നതാണ് െ്രെടബ്യൂണലിനെ രോഷം കൊള്ളിച്ചത്.

പരിസ്ഥിതി മന്ത്രാലയം കോടതിയുടെ മുന്‍ ഉത്തരവുകള്‍ മനസ്സിലാക്കണമെന്ന് ഓര്‍മ്മിപ്പിച്ച ഹരിത ട്രൈബ്യൂണല്‍ പരിസ്ഥിതി സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണോ എന്ന് ചോദിച്ചു. എന്നാല്‍ കരട് വിജ്ഞാപനത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 545 ദിവസമുണ്ടെന്നായിരുന്നു കേന്ദ്രം മറുപടി നല്‍കി.

മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് കേസ് ട്രൈബ്യൂണല്‍ മുമ്പാകെ വരുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

നിലവിലെ കരട് വിജ്ഞാപനം പിന്‍വലിച്ച് ഗാഡ്ഗില്‍ ശുപാര്‍ശകൂടി ഉള്‍പ്പെടുത്തി പുതിയ കരട് വിജ്ഞാപനം ഇറക്കാന്‍ നിയമതടസമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച ഉപദേശമെന്നാണ് സൂചന.

ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാന്‍ കാലതാമസം വരുത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ ചുരുക്കി കേരളം തയ്യാറാക്കിയ കഡസ്ട്രല്‍ മാപ്പ് പരിഗണിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.