ഇല്ല, ആക്രമിക്കാന്‍ ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നില്ല; നിലപാട് വ്യക്തമാക്കി ഫ്രാന്‍സ്
World News
ഇല്ല, ആക്രമിക്കാന്‍ ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നില്ല; നിലപാട് വ്യക്തമാക്കി ഫ്രാന്‍സ്
ആദര്‍ശ് എം.കെ.
Sunday, 5th April 2026, 10:29 pm

 

പാരീസ്: ഇറാനെതിരെ അമേരിക്കയും ഇസ്രഈലും ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇസ്രഈലിന് ആക്രമിക്കാനുള്ള ആയുധങ്ങള്‍ (ഒഫന്‍സീവ് വെപ്പണ്‍സ്) നല്‍കുന്നില്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ്. ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വോട്രിന്‍ ആണ് പാരീസ് സര്‍ക്കാരിന്റെ നിലപാട് ഔദ്യോഗികമായി അറിയിച്ചത്.

ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് വ്യക്തമാക്കിയ വോട്രിന്‍, എന്നാല്‍ അവരുടെ വ്യോമ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന സാങ്കേതിക ഘടകങ്ങളുടെ വില്‍പനയ്ക്ക് ഫ്രാന്‍സ് അനുമതി നല്‍കുന്നുണ്ടെന്ന് പറഞ്ഞു.

‘ഇല്ല, ഇസ്രഈലിന് ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കുന്നില്ല (ഇറാന്‍ വിരുദ്ധ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍). ഇത് ‘അയേണ്‍ ഡോം’ പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുള്ള ഘടകങ്ങളുടെ വില്‍പ്പനയും, പുനര്‍കയറ്റുമതിക്കായി മാത്രമുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും അനുവദിക്കുന്നു. അവയില്‍ ചിലത് നമ്മുടെ സ്വന്തം സായുധസേനയ്ക്കും ആവശ്യമാണ്,’ വോട്രിന്‍ വ്യക്തമാക്കി.

അമേരിക്കയ്ക്കും ഇസ്രഈലിനുമൊപ്പം ഇറാനെതിരായ ആക്രമണങ്ങളില്‍ ഫ്രാന്‍സ് പങ്കുചേരില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മാക്രോണിന്റെ ഈ നിലപാടിനെതിരെ കടുത്ത ഭാഷയിലായിരുന്നു ഇസ്രഈലിന്റെ പ്രതികരണം. ഫ്രാന്‍സിനെ ഇസ്രഈലിന്റെ സുഹൃത്തായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു പാരീസിലെ ഇസ്രഈല്‍ അംബാസഡര്‍ ജോഷ്വ സര്‍ഖ പറഞ്ഞത്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് തങ്ങളുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന് മാക്രോണ്‍ പറഞ്ഞിരുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഫ്രാന്‍സിന്റെ ശ്രമങ്ങളെന്നും നിലവിലെ ആണവ പരിധി കടക്കാനുള്ള സാധ്യത കൂടുതലാണെന്നുമായിരുന്നു മാക്രോണ്‍ പറഞ്ഞത്.

ഫ്രാന്‍സിന് ലഭ്യമായ ആയുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കൃത്യമായ എണ്ണം വെളിപ്പെടുത്താതെ മാക്രോണ്‍ വിശദീകരിച്ചു.

നിലവില്‍ ലോകം അപകടസാധ്യത നിറഞ്ഞ ഒരു ഭൗമരാഷ്ട്രീയ പ്രക്ഷോഭത്തിലൂടെയാണ് കടന്നുപോകുന്നത്, ഈ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രതിരോധത്തം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ബ്രിട്ടാനിയയിലെ അന്തര്‍വാഹിനി താവളത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഫ്രാന്‍സിന്റെ എതിരാളികളും പങ്കാളികളും ഒരുപാട് വളര്‍ന്നുവെന്നും അതുകൊണ്ട് ഫ്രാന്‍സിനും ആണവ സിദ്ധാന്തത്തില്‍ അനിവാര്യമായ മാറ്റം ആവശ്യമാണെന്നും മാക്രോണ്‍ വിശദീകരിച്ചു.

 

Content Highlight: France says they are not supplying offensive weapons to Israel

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.