കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 60 വയസ്സായിരുന്നു.
ദ്രുത പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ഇദ്ദേഹത്തിന് അര്‍ബുദമടക്കം ഗുരുതര രോഗങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് നാലുപേരാണ്. ഇതോടെ കടുത്ത ആശങ്ക വര്‍ധിക്കുകയാണ്.
സംസ്ഥാനത്ത് കോഴിക്കോട്, കാസര്‍ഗോഡ്, കൊല്ലം സ്വദേശികളാണ് നേരത്തെ മരണപ്പെട്ടത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കുലശേഖരം സ്വദേശിനി റഹിയാനത്ത്, കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നീസ, കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടി എന്നിവരാണ് മരിച്ചത്.
കൊല്ലത്ത് കൊവിഡ് ബാധിച്ച് മരിച്ച റഹിയാനത്തിനെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.
ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നീസയ്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 48 കാരിയായ ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഖൈറുന്നീസയ്ക്ക് കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. ഇവരുടെ രോഗ ഉറവിടം എവിടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കൊവിഡ് ബാധിച്ച് മരിച്ച കോയ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസവും കൊല്ലം ജില്ലയില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച മരിച്ച കൊല്ലം പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മകളോടൊപ്പം ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്തേക്ക് പോയവഴി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
