സെഞ്ച്വറിയടിച്ചു എന്നതൊക്കെ ശരി തന്നെ, എന്നാലും ടീമില്‍ അവന്റെ സ്ഥാനം ഉറപ്പായിട്ടില്ല; തുറന്നടിച്ച് മുന്‍ താരം
Sports News
സെഞ്ച്വറിയടിച്ചു എന്നതൊക്കെ ശരി തന്നെ, എന്നാലും ടീമില്‍ അവന്റെ സ്ഥാനം ഉറപ്പായിട്ടില്ല; തുറന്നടിച്ച് മുന്‍ താരം
ആദർശ് എം.കെ.
Monday, 17th August 2026, 1:56 pm

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയിട്ടും മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലിന്റെ കാര്യം ഉറപ്പായിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.

പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ സായ് സുദര്‍ശന്റെ അഭാവത്തിലാണ് പടിക്കലിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചത്. സായ് സുദര്‍ശന്‍ മടങ്ങിയെത്തുമ്പോള്‍ ഈ ബാറ്റിങ് പൊസിഷനില്‍ മത്സരമുണ്ടാകുമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.

ദീപ് ദാസ്ഗുപ്ത

‘മൂന്നാം നമ്പറില്‍ സായ് സുദര്‍ശന്‍ ഇടയ്ക്കിടെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. വളരെ നിര്‍ണായകമായ ഒരു ബാറ്റിങ് പൊസിഷനാണത്, അവിടെ സ്ഥിരതയുള്ള ഒരു കളിക്കാരനെയാണ് ടീമിന് ആവശ്യം.

ഈ സെഞ്ച്വറിക്ക് ശേഷവും അദ്ദേഹത്തിന്റെ (ദേവ്ദത്ത് പടിക്കല്‍) സ്ഥാനം അവിടെ ഉറച്ചു കഴിഞ്ഞു എന്ന് ഞാന്‍ പറയില്ല, എങ്കിലും വലിയൊരളവില്‍ അത് ടീമിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇവിടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com

സായ് വന്നു, പക്ഷേ അദ്ദേഹത്തിന് പരിക്കേറ്റതോടെ പടിക്കല്‍ തിരിച്ചെത്തി. ലെങ്ത്തുകള്‍ കൃത്യമായി വായിക്കാന്‍ പടിക്കലിന് സാധിച്ചു. കഴിഞ്ഞ 6-7 മാസത്തിനിടെ അദ്ദേഹത്തിന്റെ ഗെയിമില്‍ വന്ന വലിയ മാറ്റം അദ്ദേഹത്തിന്റെ ഫൂട്ട്‌വര്‍ക്കാണ്. കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററായി അദ്ദേഹം ഇപ്പോള്‍ കാണപ്പെടുന്നു,’ ദീപ് ദാസ്ഗുപ്ത പറഞ്ഞു.

നവംബറില്‍ നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയെക്കുറിച്ചും ടീമിലെ ആരോഗ്യപരമായ മത്സരത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

സായ് സുദര്‍ശന്‍. Photo: BCCI/x.com

‘ഇതൊരു രസകരമായ സാഹചര്യമാണ്. ഈ പരമ്പരയിലുടനീളം പടിക്കല്‍ തന്നെ ബാറ്റ് ചെയ്യും, അതില്‍ സംശയമില്ല. എന്നാല്‍ ഇതിന് ശേഷമാണ് ചോദ്യം ഉയരുക.

ഇനി നവംബറില്‍ ന്യൂസിലാന്‍ഡിലാണ് അടുത്ത ടെസ്റ്റ് പരമ്പര. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സായ് സുദര്‍ശനെപ്പോലെ പടിക്കലും കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നതാകും. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതൊരു നല്ല മത്സരബുദ്ധിയായിരിക്കും ടീമിന് നല്‍കുക.

പടിക്കല്‍ റണ്‍സ് കണ്ടെത്തുന്നു എന്നതിനര്‍ത്ഥം സായ് സുദര്‍ശന്‍ റേസില്‍ നിന്ന് പുറത്തായി എന്നല്ല. നിലവില്‍ വളരെ ശാന്തമായും സ്ഥിരതയോടെയും ബാറ്റ് ചെയ്ത പടിക്കല്‍ തന്റെ മികവ് വ്യക്തമായി തെളിയിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കൂടുതല്‍ ക്യാമ്പുകളും പരിശീലന മത്സരങ്ങളും വേണമെന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ആവശ്യത്തെ ദീപ് ദാസ്ഗുപ്ത പിന്തുണച്ചു. ലങ്കന്‍ ഇലവനെതിരെ കളിച്ച പരിശീലന മത്സരവും നേരത്തെയെത്തിയുള്ള പരിശീലനവും ഇന്ത്യന്‍ ബാറ്റിങ്ങിനെ ഏറെ സഹായിച്ചുവെന്നും, ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 462 റണ്‍സ് ഇതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യ ടോസ് ജയിച്ചത് വലിയൊരു കാര്യമായിരുന്നു. ഇതൊരു ടേണിങ്് ട്രാക്കായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്, എന്നാല്‍ സാധാരണ സബ് കോണ്ടിനെന്റ് പിച്ച് പോലെയാണ് ഇത് പെരുമാറുന്നത്.

ടോസ് നേടിയത് ഇന്ത്യയ്ക്ക് മേല്‍കൈ നല്‍കി. മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും സാധിച്ചു. അവര്‍ ആവശ്യപ്പെട്ട ക്യാമ്പും പരിശീലനത്തിനുള്ള സമയവും കളിക്കാര്‍ക്കും പരിശീലകര്‍ക്കും ലഭിച്ചു, അതിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്,’ മുന്‍ താരം ചൂണ്ടിക്കാട്ടി.

 

Content Highlight: Former player Deep Dasgupta says Devdutt Padikkal’s spot at number three is not yet confirmed.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.