ഇന്ത്യന്‍ ടി-20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെക്കുറിച്ച് ഒരു വമ്പന്‍ പ്രസ്താവന നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനീന്ദര്‍ സിങ്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ക്യാപ്റ്റനാവുമെന്ന് താന്‍ പ്രവചിരിച്ചിരുന്നുവെന്നാണ് മനീന്ദര്‍ പറഞ്ഞത്.
അന്ന് ശ്രേയസ് അയ്യരുടെ കളി കണ്ടപ്പോള്‍ തന്നെ മികച്ച താരമായിരുന്നുവെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മുന്‍ സ്പിന്നര്‍ വ്യക്തമാക്കി. ഫാന്‍കോഡിലൂടെ സംസാരിക്കുകയായിരുന്നു മനീന്ദര്‍ സിങ്.
’10 വര്‍ഷം മുമ്പ് തന്നെ ശ്രേയസ് അയ്യര്‍ എല്ലാ ഫോര്‍ര്‍മാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റനാവുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ കളി കണ്ടപ്പോഴെല്ലാം മറ്റുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്തനായ ഒരു താരമാണെന്ന് എനിക്ക് തോന്നിയിരുന്നു. അതിനാലാണ് അദ്ദേഹം ഇന്ത്യയെ എല്ലാ ഫോര്‍മാറ്റുകളിലും നയിക്കുമെന്ന് ഞാന്‍ വിശ്വസിച്ചത്. ഇപ്പോള്‍ അദ്ദേഹം ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനായി. അദ്ദേഹത്തില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഞാന്‍ എപ്പോഴും അദ്ദേഹത്തെ പിന്തുണക്കും,’ മനീന്ദര്‍ സിങ് പറഞ്ഞു.
ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ശ്രേയസിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ സിംബാബ്വേക്കെതിരെയുള്ള മൂന്നാം പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം സ്വന്തമാക്കി. സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിയാണ് ഇന്ത്യ തിരിച്ചുവന്നത്.
ഐ.പി.എല്ലിലെ ക്യാപ്റ്റന്‍സി മികവിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി ശ്രേയസ് ഇന്ത്യയുടെ പുതിയ നായകനായി ചുമതലയേറ്റത്. പഞ്ചാബ് കിങ്‌സിനൊപ്പം മികച്ച പ്രകടനമായിരുന്നു അയ്യര്‍ നടത്തിയത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു.
പഞ്ചാബിന് പുറമെ നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. 2024ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് അയ്യരിന്റെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായത്.
ദല്‍ഹി ക്യാപിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്താനും അയ്യര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസിയെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനായും അയ്യര്‍ മാറിയിരുന്നു.
Content Highlight: Former Indian player talks about Shreyas Iyer