അദ്ദേഹത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ് സെലക്ടര്‍മാര്‍, ഇത് വിചിത്രമായ സമീപനമാണ്; തുറന്നടിച്ച് സുരേഷ് റെയ്‌ന
Cricket
അദ്ദേഹത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ് സെലക്ടര്‍മാര്‍, ഇത് വിചിത്രമായ സമീപനമാണ്; തുറന്നടിച്ച് സുരേഷ് റെയ്‌ന
ശ്രീരാഗ് പാറക്കല്‍
Monday, 3rd August 2026, 6:42 pm

2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. മുഹമ്മദ് ഷമിക്ക് ഇപ്പോഴും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കരുത്തുണ്ടെന്ന് റെയ്‌ന പറഞ്ഞു. മാത്രമല്ല ഐ.സി.സി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഷമിയുടെ റെക്കോഡ് പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കേണ്ടതുണ്ടെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

‘മുഹമ്മദ് ഷമിക്ക് ഇപ്പോഴും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കരുത്തുണ്ട്. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അതിയായ ആവേശമാണ് അദ്ദേഹത്തിനുള്ളത്. മറ്റ് ബൗളര്‍മാരെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാല്‍ സൗത്ത് ആഫ്രിക്കയിലേക്കുള്ള വിമാനത്തില്‍ ഷമിയെയായിരിക്കും ഞാന്‍ ആദ്യം തെരഞ്ഞെടുക്കുക.

ഐ.സി.സി ഏകദിന ലോകകപ്പ് ചരിത്രത്തിലെ അദ്ദേഹത്തിന്റെ റെക്കോഡ് പരിഗണിക്കുമ്പോള്‍ ടീമില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കേണ്ടതുണ്ട്. അനുഭവസമ്പത്തും വിക്കറ്റ് വീഴ്ത്താനുള്ള അസാധാരണ കഴിവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്.

തെരഞ്ഞെടുപ്പ് സമിതിയും പരിശീലകസംഘവും ഷമിയെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് പുനപരിശോധിക്കണം. അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ആശയവിനിമയം നടത്തുകയും എന്താണ് പദ്ധതിയെന്ന് കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്യണം.

മുഹമ്മദ് ഷമി

ഇപ്പോഴും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷമി. എന്നാല്‍ ‘ഇനി യുവതാരങ്ങള്‍ക്ക് അവസരം നല്‍കും’ എന്ന കാരണത്താല്‍ അദ്ദേഹത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ് സെലക്ടര്‍മാര്‍. ഇത് തികച്ചും വിചിത്രമായ സമീപനമാണ്,’ റെയ്‌ന പറഞ്ഞു.

അടുത്ത വര്‍ഷം സൗത്ത് ആഫ്രിക്ക, സിംബാബ്വേ, നമീബിയ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമി ടീമിലേക്ക് തിരികെ വിളിക്കണമോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാവുകയാണ്.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് ഷമി (വെറും 18 ഇന്നിങ്‌സുകളില്‍ നിന്ന് 55 വിക്കറ്റുകള്‍). ഇതില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടവും നാല് തവണ നാല് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. 2023ലെ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഏറ്റവും മികച്ച പ്രകടനവും താരത്തിനുണ്ട്.

ആകെ 107 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 206 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ഷമി, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ബൗളറാണ്.

പകരം വെക്കാനാകാത്തെ ഷമിയുടെ സീം പ്രസന്റേഷനും കൃത്യമായ ലൈനും ലെങ്ത്തും ഏത് പിച്ചിലും എതിരാളികളുടെ പേടി സ്വപ്നമാണ്. 2025 മാര്‍ച്ച് മാസത്തില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. അന്ന് ഇന്ത്യയ്‌ക്കൊപ്പം ഷമിയും കിരീടത്തില്‍ മുത്തമിട്ടു. നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ് ഷമി.

Content Highlight: Former Indian Player Suresh Raina Supports Pace Bowler Mohammad Shami

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ