ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മത്സരത്തിന് മുന്നോടിയായി ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ കുല്‍ദീപ് യാദവിനെ മൂന്ന് ഫോര്‍മാറ്റുകളുടെയും ഭാഗമാക്കണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുന്‍ ബി.സി.സി.ഐ ചീഫ് സെലക്ടറുമായ എം.എസ്.കെ പ്രസാദ്.
ചൈനാമാന്‍ ബൗളര്‍മാര്‍ അപൂര്‍വമാണെന്നും കുല്‍ദീപിനെ പോലുള്ള ബൗളര്‍മാരെ എളുപ്പത്തില്‍ കിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ഈ ടീമിലുള്ള യഥാര്‍ത്ഥ സ്പിന്നര്‍ കുല്‍ദീപ് യാദവ് മാത്രമാണ്. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരാണ്. കുല്‍ദീപ് ഒരു മാച്ച് വിന്നറാണ്. അവന്റെ പ്രകടനങ്ങള്‍ തന്നെ അത് തെളിയിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതിയില്‍ മൂന്ന് ഫോര്‍മാറ്റുകളിലും അവന് സ്ഥാനം ഉണ്ടായിരിക്കണം. ചൈനാമാന്‍ ബൗളര്‍മാര്‍ അപൂര്‍വമാണ്. കുല്‍ദീപിനെ പോലെ മികച്ച നിയന്ത്രണവും കഴിവുമുള്ള ബൗളര്‍മാരെ എളുപ്പത്തില്‍ ലഭിക്കില്ല. അതിനാല്‍ അവന് മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കണം,’ എം.എസ്.കെ പ്രസാദ് പറഞ്ഞു.
ഏകദിനത്തിലും ടി-20യിലും മികച്ച പ്രകടനം നടത്തുന്ന കുല്‍ദീപ് ടെസ്റ്റില്‍ വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.. 2017ല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ കുല്‍ദീപ് 18 മത്സരങ്ങളിലാണ് കളിച്ചിട്ടുണ്ട്.
121 ഏകദിന മത്സരങ്ങളിലും 54 ടി-20 മത്സരങ്ങളിലും താരം ഇന്ത്യക്കായി കളത്തിലിറങ്ങി. 2024 ടി-20 ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും കുല്‍ദീപ് പങ്കാളിയായിട്ടുണ്ട്.
ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ കുല്‍ദീപിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.