വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വമ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഇതിഹാസം  രവിചന്ദ്രൻ അശ്വിൻ. വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും കോമ്പിനേഷനാണ്  ഗില്ലിന്റെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു താരം.

‘വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും ഒരു സൂപ്പർ കോമ്പിനേഷനാണ് ശുഭ്മൻ ഗിൽ. ആദ്യമൊക്കെ ഇത് സമ്മതിക്കാൻ എനിക്ക് മടിയായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ കളി അത്രയും രാജകീയമാണ്. ആദ്യമായാണ് ഞാൻ ഒരാളെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. എന്തൊരു കിടിലൻ ഇന്നിങ്‌സ് ആയിരുന്നു അത്. പ്രത്യേകിച്ച്, മുന്നോട്ട് ആഞ്ഞ് വന്ന് ഫാസ്റ്റ് ബൗളർക്കെതിരെ പോയിന്റിലൂടെ കളിച്ച ആ കട്ട് ഷോട്ട്.

ഗിൽ ഒരു അസാധ്യ കളിക്കാരൻ തന്നെയാണ്. വിരാട് കോഹ്‌ലി സാധാരണ സ്പിന്നർമാർക്കെതിരെ കട്ടും സ്വീപ്പും കളിക്കാറില്ല, ഫാസ്റ്റ് ബൗളർമാർക്കെതിരെ സ്വീപ്പ് ചെയ്യേണ്ട കാര്യവുമില്ല. എന്നാൽ ഗിൽ ഈ രണ്ട് ഷോട്ടുകളും വളരെ പെർഫെക്റ്റായി കളിക്കും.

സ്പിന്നർമാർക്കും ഫാസ്റ്റ് ബൗളർമാർക്കും എതിരെ ബാക്ക് ഫൂട്ടിൽ കളിക്കുന്നതിൽ രോഹിത് ശർമ വളരെ മിടുക്കനാണ്. എന്നാൽ ശുഭ്മൻ ഗിൽ ഈ രണ്ട് ബൗളർമാർക്കെതിരെയും ബാക്ക് ഫൂട്ട് ഒരേപോലെ ഉപയോഗിക്കുന്നു, ഇത് വളരെ അപൂർവമായി മാത്രം കാണുന്ന ഒരു കഴിവാണ്. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഇൻസൈഡ്-ഔട്ട് ഷോട്ടുകൾ മനോഹരമായി കളിക്കുന്നവരാണ്. ഗില്ലും അതേപോലെ ഈ ഷോട്ട് കളിക്കുന്നുണ്ട്.

ശുഭ്മന്‍ ഗിൽ

കോഹ്‌ലി ക്രീസിന് പുറത്തേക്ക് ഇറങ്ങി കളിക്കാറുണ്ടെങ്കിലും അവിടെ നിന്ന് പന്ത് അത്ര ശക്തമായി ഹിറ്റ് ചെയ്യാറില്ല. എന്നാൽ രോഹിത് മുന്നോട്ട് ഇറങ്ങിവന്ന് വലിയ സിക്സറുകൾ അടിക്കാറുണ്ട്; ഗില്ലും അതുപോലെ തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് പല കാര്യങ്ങളിലും കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഷോട്ടുകൾക്ക് പകരമാകുന്ന മികച്ച ഷോട്ടുകൾ തന്നെയാണ് ഗില്ലും കളിക്കുന്നത്,’ അശ്വിൻ വ്യക്തമാക്കി.

സെപ്റ്റംബർ 30 ബുധനാഴ്‌ച ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 406 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും കരുത്തിൽ ഇന്ത്യ 39 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.

ക്യാപ്റ്റനായ ഗിൽ 133 പന്തിൽ നിന്ന് 223* റൺസ് അടിച്ചെടുക്കുകയിരുന്നു. രോഹിത് ശർമ 75 പന്തിൽ നിന്ന് 101 റൺസും നേടി. ഇരുവർക്കും പുറമെ വിരാട് കോഹ്‌ലിയും (19 പന്തിൽ നിന്ന് 29), ഋതുരാജ് ഗൈക്വത് (37 പന്തിൽ നിന്ന് 31*) മികച്ച സംഭാവനകൾ നൽകി. വിൻഡീസിനായി ബാറ്റിങ്ങിനിറങ്ങിയ ഓപ്പണര്‍ ജോണ്‍ കാംബെല്‍, നായകന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുതാണ് മികച്ച സ്‌കോറിലേക്ക് ടീമിനെ നയിച്ചത്.

കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് . ഒക്‌ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

 

Content Highlights: Former Indian legend Ravichandran Ashwin praised Shubman Gill following his brilliant batting performance in the second ODI against the West Indies