ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് നിലവാരത്തിലുണ്ടായ ഇടിവില്‍ ആശങ്കയും വിമര്‍ശനവുമായി മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍. ശ്രീധര്‍. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച പ്രത്യേക മാധ്യമ സംവാദത്തിലാണ് അദ്ദേഹം ടീമിന്റെ നിലവിലെ ഫീല്‍ഡിങ് പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞത്.

കഴിഞ്ഞ 18 മാസങ്ങളായി ക്യാച്ചുകള്‍ കൈവിടുന്നതും ഗ്രൗണ്ടിലെ വീഴ്ചകളും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ സ്ഥിരമായി തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍. ശ്രീധര്‍. Photo: RCB

‘ടി-20 ലോകകപ്പ് നമ്മള്‍ വിജയിച്ചെങ്കിലും, ആ ടൂര്‍ണമെന്റിലും മികച്ചൊരു ഫീല്‍ഡിങ് യൂണിറ്റാകാന്‍ നമുക്ക് സാധിച്ചിരുന്നില്ല. സെമി ഫൈനലില്‍ അക്‌സര്‍ പട്ടേല്‍ നടത്തിയ പ്രകടനം മാത്രമാണ് കടുത്ത നാണക്കേടില്‍ നിന്ന് നമ്മളെ രക്ഷിച്ചത്.

അതിനാല്‍ നമ്മുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും വ്യക്തമായ ഒരു സംസ്‌കാരം നിലനില്‍ക്കുന്നുണ്ടെങ്കിലും ഫീല്‍ഡിങ്ങില്‍ അത് കാണാനില്ല,’ അദ്ദേഹം പറഞ്ഞു.

‘ടീമിലേക്ക് പുതുതായി എത്തുന്ന കുട്ടികളുടെ ഫീല്‍ഡിങ് ശേഷി അപൂര്‍ണമാണ് എന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യം; ചിലര്‍ ഫാസ്റ്റ് ബൗളര്‍മാരാണ്, ചിലര്‍ ബാറ്റര്‍മാരാണ്.

എന്നാല്‍ എത്തുന്നവരാരും കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരുള്‍പ്പെടുന്ന തലമുറയിലെ കളിക്കാരെപ്പോലെ മികച്ച ഫീല്‍ഡര്‍മാരല്ല.

ഒരൊറ്റ സ്‌കില്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്നവരാണ് ഇവര്‍ എന്നത് ആശങ്കാജനകമാണ്. എന്നാല്‍ ഇത് ഇന്ത്യന്‍ ടീം മാത്രം ചിന്തിക്കേണ്ട കാര്യമല്ല, രാജ്യത്തെ മുഴുവന്‍ ക്രിക്കറ്റ് ഇക്കോസിസ്റ്റവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്,’ ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

2026ല്‍ കളിച്ച 29 ടി-20 മത്സരങ്ങളില്‍ നിന്നായി ഇന്ത്യ 51 ക്യാച്ചുകളാണ് കൈവിട്ടത്. ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫി 2025, ഏഷ്യാ കപ്പ് 2025, ടി-20 ലോകകപ്പ് 2026 എന്നിവയിലെല്ലാം ക്യാച്ചുകള്‍ കൈവിട്ടത് വലിയ മുന്നറിയിപ്പായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ നിലവിലെ പരമ്പരയിലും റാഞ്ചിയിലും ഇന്‍ഡോറിലുമായി മായങ്ക് യാദവും അഭിഷേക് ശര്‍മയും എളുപ്പമുള്ള ക്യാച്ചുകള്‍ കൈവിട്ടത് ടീമിന് തിരിച്ചടിയായി.

ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടല്‍ കടുത്ത വെല്ലുവിളിയാകുമെന്ന് ശ്രീധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘നമ്മുടെ ഫീല്‍ഡര്‍മാര്‍ക്ക് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടേണ്ടി വരും. സൂപ്പര്‍ എല്‍ നിനോ കാരണം ഈ വര്‍ഷം ഇന്ത്യയില്‍ കഠിനമായ ചൂടുള്ള ഒക്ടോബറായിരുന്നു. അതിനാല്‍ ഫീല്‍ഡര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും പുതിയ അന്തരീക്ഷവുമായി ഏറെ പൊരുത്തപ്പെടേണ്ടതുണ്ട്.

ഇത് ഒരിക്കലും എളുപ്പമായിരിക്കില്ല. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് ഫോം ഒട്ടും തൃപ്തികരമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Former fielding coach R. Sridhar on the Indian team’s fielding shortcomings.