മെസിയും റൊണാള്‍ഡോയുമല്ല; മികച്ച ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുത്ത് ബ്രസീലിയന്‍ ഇതിഹാസം
ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ ഇതിഹാസ ഫുട്‌ബോള്‍ താരങ്ങളേക്കാള്‍ മികച്ച താരം നെയ്മര്‍ ജൂനിയറാണെന്ന് ബ്രസീലിയന്‍ ഇതിഹാസം കഫു. പുതിയ തലമുറയില്‍ നെയ്മര്‍ എല്ലാവരെക്കാളും മുന്നിലാണെന്നാണ് ബ്രസീലിയന്‍ ഇതിഹാസം അഭിപ്രായപ്പെട്ടത്. ബ്രസീലിയന്‍ പോഡ്കാസ്റ്റായ പോഡ്‌പോയില്‍ സംസാരിക്കുകയായിരുന്നു കഫു.
‘നെയ്മര്‍ മെസിയെക്കാള്‍ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു. കളിക്കളത്തിലെ മെസിയുടെ പ്രതിബദ്ധത വ്യത്യസ്തമായിരിക്കാം. എന്നാല്‍ ഈ പുതിയ തലമുറയില്‍ മെസിയെക്കാളും റൊണാള്‍ഡോയെക്കാളും മികച്ചവനാണ് നെയ്മര്‍. അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍ നിലവാരം അവരെ രണ്ടാളെയും മറികടക്കുന്നു,’ ബ്രസീലിയന്‍ ഇതിഹാസം പറഞ്ഞു.
ബ്രസീലിന് വേണ്ടി 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നെയ്മര്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടവും താരത്തിനുണ്ട്. കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് എന്നീ കിരീടങ്ങള്‍ നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും നെയ്മറിന് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഫിറ്റ്‌നസും താരത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
2023 ഒക്ടോബറില്‍ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കുമ്പോള്‍ നെയ്മറുടെ എ.സി.എല്‍ പൊട്ടുകയും മെനിസ്‌ക്കസിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അല്‍-ഹിലാലില്‍ നിന്ന് ജനുവരിയില്‍ സാന്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്നങ്ങളും നെയ്മറിന് തിരിച്ചടിയായി.
നിലവില്‍ 2026 ജൂണ്‍ 12ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് നെയ്മര്‍. എന്നാല്‍ ലോക കപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ നെയ്മര്‍ക്ക് ഇടം നേടാന്‍ സാധിച്ചില്ല. ഫിറ്റ്‌നസ് നേടാന്‍ സാധിക്കാത്തത് നെയ്മര്‍ക്ക് തിരിച്ചടിയായത്.
Content Highlight: Former Brazilian star Cafu says Maymer is the best footballer, not Ronaldo or Messi