കാഠ്മണ്ഡു: ബുധനാഴ്ച നേപ്പാളിലുണ്ടായ കനത്ത മിന്നല്‍ പ്രളയത്തില്‍ ജലവൈദ്യുത നിലയങ്ങള്‍ക്ക് വ്യാപക നാശനഷ്ടം. ഇന്ത്യയിലേക്ക് വൈദ്യുതി വിതരണം ചെയ്തിരുന്ന ദേവിഘട്ട് ജലവൈദ്യുത നിലയത്തിനും പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചതോടെ നേപ്പാളില്‍ നിന്നുള്ള ഇന്ത്യയുടെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം 800 മെഗാവാട്ടായിരുന്ന വൈദ്യുതി വിതരണം 400 മെഗാവാട്ടായി കുറഞ്ഞതായി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യയിലേക്ക് വൈദ്യുതി നല്‍കുന്ന 14 മെഗാവാട്ട് ശേഷിയുള്ള ദേവിഘട്ട് ജലവൈദ്യുത നിലയത്തിനാണ് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളും വൈദ്യുതി വിതരണ സംവിധാനങ്ങളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.
12 ജലവൈദ്യുത പദ്ധതികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 431.1 മെഗാവാട്ട് വൈദ്യുതി ഉത്പാദനം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രളയത്തിനെ തുടര്‍ന്ന് നേപ്പാളിന്റെ വൈദ്യുതി ഉത്പാദന ശേഷിയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 360 മെഗാവാട്ട് ഉത്പാദന ശേഷി നഷ്ടപ്പെട്ടതായാണ് നേപ്പാള്‍ ഊര്‍ജ മന്ത്രാലയത്തിന്റെ കണക്ക്.
രാജ്യത്തിന്റെ വൈദ്യുതി ഉത്പാദനത്തില്‍ ജലവൈദ്യുതിക്ക് വലിയ പങ്കുള്ളതിനാല്‍ ഈ നഷ്ടം ആഭ്യന്തര വൈദ്യുതി വിതരണത്തെയും ബാധിക്കാനിടയുണ്ട്.
മഴക്കാലത്ത് അധിക വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് നേപ്പാളിന്റെ പതിവ്. എന്നാല്‍ നിലവിലെ പ്രളയത്തില്‍ നിരവധി പദ്ധതികള്‍ തകര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ടായി.
വൈദ്യുതി ക്ഷാമം നേരിട്ടാല്‍ നേപ്പാള്‍ ഇന്ത്യയില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേപ്പാളിലെ ടിബറ്റ് അതിര്‍ത്തിയിലുണ്ടായ ഹിമപാളി തകര്‍ച്ചയെ തുടര്‍ന്നുണ്ടായ അതിശക്തമായ മിന്നല്‍പ്രളയമാണ് വ്യാപക നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. നിലവില്‍ 1400 ഓളം ആളുകളെ കാണാതാവുകയും 400 ആളുകളോളം മരണപ്പെടുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. റോഡുകള്‍, പാലങ്ങള്‍, വീടുകള്‍ എന്നിവയ്‌ക്കൊപ്പം വൈദ്യുതി നിലയങ്ങള്‍ക്കും കനത്ത നാശമാണ് സംഭവിച്ചത്.
Content Highlights: Flood devastation in Nepal; electricity supply to India halved.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.