കൊൽക്കത്ത: സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്.ആർ.എഫ്.ടി.ഐ) ഞായറാഴ്ചയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും ഇടതുപക്ഷ നേതാക്കളും കാമ്പസിൽ ഒത്തുകൂടി.
‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവി ഭീകരത അവസാനിപ്പിക്കുക’, ‘ഒരു കല്ലേറിനും ഞങ്ങളുടെ മനക്കരുത്തിനെ തകർക്കാനാവില്ല’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളും സത്യജിത് റായ്, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ചിത്രങ്ങളും ഉയർത്തിപ്പിടിച്ചായിരുന്നു വിദ്യാർത്ഥി പ്രതിഷേധം.
കഴിഞ്ഞ രണ്ടു ദിവസങ്ങൾ തങ്ങൾക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കിയതായി എസ്.ആർ.എഫ്.ടി.ഐ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ബ്ലോസം ഹസാരിക പറഞ്ഞു.
‘ഞങ്ങൾ ഇപ്പോഴും ഇതിൽനിന്ന് മുക്തരായിട്ടില്ല. ഈ അക്രമ സംഭവങ്ങളും ഭീതിയും ഞങ്ങളുടെ വിദ്യാർത്ഥികളെ വല്ലാതെ വേദനിപ്പിച്ചു. സംസ്ഥാനത്തുടനീളമുള്ള കലാകാരന്മാരുടെയും പ്രമുഖരുടെയും പിന്തുണയോടെയാണ് ഞങ്ങൾ ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നിങ്ങളുടെ ഈ പിന്തുണ ഞങ്ങൾക്ക് തിരിച്ചുവരാനുള്ള കരുത്ത് നൽകുന്നുണ്ട്,’ ഹസാരിക പറഞ്ഞു.
അസൈൻമെന്റുകളുടെ ഭാഗമായി ഷൂട്ടിംങ് ഫ്ലോറുകളിൽ ചിലവഴിക്കേണ്ട സമയത്താണ് വിദ്യാർത്ഥികൾ പ്രതിഷേധത്തിലേക്ക് ഇറങ്ങേണ്ടി വന്നതെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. ‘കാമ്പസിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികൾ വല്ലാത്ത ഭീതിയിലാണ്. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനാൽ അവർ പുറത്താണ് താമസിക്കുന്നത്. ഹോസ്റ്റൽ അനുവദിക്കണമെന്നത് ഞങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. എങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്,’ ആ വിദ്യാർത്ഥി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് ജാദവ്പൂർ സർവകലാശാലയിലെ ഫിലിം സ്റ്റഡീസ് വിഭാഗം പ്രൊഫസർ മാനസ് ഘോഷ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ‘കാവി ഗുണ്ടകൾ’ നടത്തുന്ന അക്രമങ്ങൾ ഒരു സ്ഥിരം രീതിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
എസ്.ആർ.എഫ്.ടി.ഐ, ജാദവ്പൂർ യൂണിവേഴ്സിറ്റി, ജെ.എൻ.യു തുടങ്ങിയ സ്ഥാപനങ്ങൾ ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ ബംഗാളിലെ ആസൂത്രിത ഭീകരതയുടെ ഭാഗമാണെന്ന് എസ്.എഫ്.ഐ പശ്ചിമ ബംഗാൾ സെക്രട്ടറി ദേബാഞ്ജൻ ദേ വിമർശിച്ചു. കാമ്പസുകളെ ലക്ഷ്യമിട്ട് ആർ.എസ്.എസും ബി.ജെ.പിയും ആക്രമണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളൊരു സംഘടനയ്ക്ക് കാമ്പസിനകത്ത് പരിപാടി നടത്താൻ ആരാണ് അനുമതി നൽകിയതെന്നും ജനക്കൂട്ടം എങ്ങനെ അകത്തുകടന്നുവെന്നും അധികൃതർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തതാണെന്ന് അഭിനേത്രിയും ചലച്ചിത്ര പ്രവർത്തകയുമായ ചൈതി ഘോഷാൽ പ്രതികരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉള്ളിൽ രാഷ്ട്രീയ അനുബന്ധ സംഘടനകളുടെ സാന്നിധ്യം ആശങ്കാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
‘രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ എത്തുന്നത്. ഗേറ്റിനു പുറത്തുവെച്ച് അവർ ആക്രമിക്കപ്പെടുമ്പോൾ, അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ആരാണ്? ഭയപ്പെടുന്നുണ്ടെങ്കിലും അവർ പ്രതിഷേധം തുടരുകയാണ്. വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടാൽ ഞാൻ എപ്പോഴും അവർക്കൊപ്പം നിലകൊള്ളും,’ ഘോഷാൽ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ലക്ഷ്യമിടപ്പെടുന്നതെന്നും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടോയെന്നും കോക്രോച്ച് ജനതാ പാർട്ടിയിലെ പ്രകൃതി സാഹു ചോദിച്ചു. ‘നമുക്ക് തുറന്നു സംസാരിക്കാനുള്ള ഇടങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇത്തരം സ്ഥാപനങ്ങളെ ആക്രമിക്കാൻ കഴിയാത്ത വിധം നാമെല്ലാവരും ഒന്നിച്ചു നിൽക്കണം,’ അവർ പറഞ്ഞു.
ആർ.എസ്.എസ് അനുകൂല സംഘടനയായ അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ക്യാമ്പസിനുള്ളിൽ പരിപാടി നടത്തുകയുണ്ടായി.സിനിമയുമായോ ഇൻസ്റ്റിറ്റ്യൂട്ടുമായോ ബന്ധമില്ലാത്ത പരിപാടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളാണ് കാമ്പസിനുള്ളിൽ ആക്രമണത്തിന് ഇരയായത്. പരിപാടിയ്‌ക്കെതിരെ പ്രതിഷേധിച്ചതിനു പിന്നാലെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം വിദ്യാർത്ഥികളെ ആക്രമിച്ചത്.
സംഭവത്തിൽ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ആവശ്യമായ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്.
Content Highlight:Filmmakers, artists, and Left-wing leaders extend support to SRFTI students.
