മെസിക്കും കെയ്‌നുമൊപ്പം അമേരിക്കന്‍ പടക്കോപ്പ്; ആദ്യ വിജയത്തില്‍ സൂപ്പര്‍ നേട്ടവും!
FIFA World Cup 2026
മെസിക്കും കെയ്‌നുമൊപ്പം അമേരിക്കന്‍ പടക്കോപ്പ്; ആദ്യ വിജയത്തില്‍ സൂപ്പര്‍ നേട്ടവും!
ഫസീഹ പി.സി.
Saturday, 13th June 2026, 9:26 am

2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഡി-യിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സഹ ആതിഥേയരായ യു.എസ്.എ. ലോസ് ഏഞ്ചല്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പരാഗ്വേയെയാണ് ടീം തകര്‍ത്തെറിഞ്ഞത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.

യു.എസ്.എക്കായി ഫോളാരിന്‍ ബലോഗണ്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗിയോവന്നി റെയ്ന ഒരു ഗോളും നേടി. പരാഗ്വേ മിഡ്ഫീല്‍ഡര്‍ ഡാമിയന്‍ ബോബഡില്ല ഓണ്‍ ഗോളും യു.എസ്.എയെ തുണച്ചു. മറുവശത്ത് മൗറീഷ്യോ പരാഗ്വേക്കായി ആശ്വാസ ഗോള്‍ നേടി.

മത്സരത്തിനിടെ ക്രിസ്റ്റ്യൻ പുലിസിക്.

മത്സരത്തില്‍ യു.എസ്.എയു വിങ്ങര്‍ ക്രിസ്റ്റ്യന്‍ പുലിസിക് ഒരു അസിസ്റ്റ് നല്‍കിയിരുന്നു. ടീമിന്റെ രണ്ടാം ഗോളിനായിരുന്നു താരം വഴിയൊരുക്കിയത്. അതോടെ ഒരു നേട്ടവും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സ്വന്തം പേരില്‍ എഴുതി.

2022 ലോകകപ്പ് മുതല്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് പുലിസിക് സ്വന്തമാക്കിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്കും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹരി കെയ്‌നുമൊപ്പം താരം ഈ നേട്ടം പങ്കിടുന്നത്. മൂവര്‍ക്കും മൂന്ന് അസിസ്റ്റുകളാണുള്ളത്.

അതേസമയം, മത്സരത്തില്‍ ഏഴാം മിനിട്ടില്‍ തന്നെ യു.എസ്.എ ലീഡ് നേടിയിരുന്നു. പരാഗ്വേ താരം ഡാമിയന്‍ ബോബഡില്ലയുടെ ഓണ്‍ ഗോളിനായിരുന്നു ടീമിന്റെ ലീഡ്. ഏറെ വൈകാതെ ഫോളാരിന്‍ ബലോഗണ്‍ ഗോളടിച്ചു. 31ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.

ഗോൾനേട്ടം ആഘോഷിക്കുന്ന ഫോളാരിൻ ബലോഗൺ.

ഒന്നാം പകുതി അവസാനിക്കും മുമ്പ് തന്നെ യു.എസ്.എ തങ്ങളുടെ ലീഡ് ഉയര്‍ത്തിയിരുന്നു. 45+ 4ാം മിനിട്ടില്‍ ബലോഗണാണ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ പരാഗ്വേ ആശ്വാസ ഗോള്‍ കണ്ടെത്തി.

പരാഗ്വേക്ക് വേണ്ടി മൗറീഷ്യോ 73ാം മിനിട്ടിലാണ് പന്ത് വലയിലെത്തിച്ചത്. ഈ സ്‌കോറില്‍ കളി അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ഗിയോവന്നി റെയ്ന വല കുലുക്കി. 90+ 7ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.

Content Highlight: FIFA World Cup 2026: Christian Pulisic equals with Lionel Messi and Harry Kane in most Assists in World Cup since the start of 2022 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി