Administrator
Administrator
ചില്ലറ വില്‍പന രംഗത്തെ വിദേശനിക്ഷേപം: നിക്ഷേപങ്ങളും സമീപനങ്ങളും
Administrator
Thursday 21st March 2013 11:01pm

ആഗോളതലത്തിലും ഇന്ത്യയിലും ചില്ലറവില്പനരംഗം തുറന്നു കിട്ടാന്‍ ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഭീമനായ വാള്‍മാര്‍ട്ട് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളെ പണം കൊടുത്ത് ശ്രമിച്ചതിന്റെ തെളിവുകളുടെ കൂടി പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറുമൊരു പൊറാട്ടുനാടകം മാത്രമാണെന്നും വ്യക്തമാണ്.

retaile-shopപി.ജെ.ജെയിംസ്

ആമുഖം

കോര്‍പ്പറേറ്റ്-ഊഹമൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥ, അതും ഇന്ത്യയെപോലുള്ള പുത്തന്‍ അധിനിവേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും, ജീര്‍ണ്ണിക്കുന്നതിന് പരിധികളില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് പാര്‍ലമെന്ററില്‍ നടന്ന ചര്‍ച്ചകളും തുടര്‍ന്നുണ്ടായ വോട്ടെടുപ്പും അതുവഴി വിലക്കെടുത്ത ഈ വിജയവും.

Ads By Google

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എയും ബി.ജെ.പി നയിക്കുന്ന എന്‍ഡിഎയും കഴിഞ്ഞ രണ്ടുദശാബ്ദത്തിലേറെയായി രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളീകരണ നയങ്ങളോട് അങ്ങേയറ്റം രാജ്യദ്രോഹപരവും അവസരവാദപരവുമായ നിലപാടാണ് എടുക്കുന്നതെന്ന് വിവിധ കക്ഷികള്‍ പാര്‍ലമെന്റിനകത്തു സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്.

അതോടൊപ്പം പുറത്തുവന്നു കൊണ്ടിരിക്കുന്നതുപോലെ ആഗോളതലത്തിലും ഇന്ത്യയിലും ചില്ലറവില്പനരംഗം തുറന്നു കിട്ടാന്‍ ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഭീമനായ വാള്‍മാര്‍ട്ട് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളെ പണം കൊടുത്ത് ശ്രമിച്ചതിന്റെ തെളിവുകളുടെ കൂടി പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറുമൊരു പൊറാട്ടുനാടകം മാത്രമാണെന്നും വ്യക്തമാണ്.

1998-2004 കാലത്ത് ഇന്ത്യ ഭരിച്ച ബി.ജെ.പിയും സഖ്യകക്ഷികളും ചില്ലറവില്‍പന രംഗത്തെ വിദേശ നിക്ഷേപത്തിന്റ വലിയ ചാമ്പ്യന്മാരായിരുന്നു. 2004-ലെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലും   അതു തയ്യാറാക്കിയ ‘വിഷന്‍ ഡോക്യുമെന്റി’ലും ഇക്കാര്യങ്ങള്‍ സംശയലേശമെന്യേ സൂചിപ്പിച്ചിട്ടുണ്ട്.

2002-ല്‍ അന്നത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മന്‍മോഹന്റെ നേതൃത്വത്തില്‍ ഈ നടപടി രാജ്യവിരുദ്ധമാണെന്ന നിലപാടാണ് കോണ്‍ഗ്രസ്സ് മുന്നോട്ടു വച്ചത്. ഇന്നിപ്പോള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ അന്നത്തെ സ്ഥാനം കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ ഏറ്റെടുത്തിരിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

ചില്ലറ വ്യാപാര രംഗത്ത് ബഹുബ്രാന്റ് മേഖലയില്‍ 51 ശതമാനവും സിംഗിള്‍ ബ്രാന്റ് വിഭാഗത്തില്‍ 100 ശതമാനവും വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് സെപ്തംബര്‍ 14 ന് മന്‍മോഹന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഇന്ത്യന്‍ ജനതക്കെതിരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ നവഉദാരീകരണ-കോര്‍പ്പറേറ്റ് കടന്നാക്രമണങ്ങളില്‍ ഒന്നായിരുന്നു.

ഉയര്‍ന്നതോതില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ചില്ലറ വ്യാപാര രംഗം വിദേശ നിക്ഷേപത്തിനായി തുറന്നുകിട്ടാന്‍ മന്‍മോഹന്‍ സിങ്ങിനെ 1991 ല്‍ ധനമന്ത്രിയാക്കിയതു മുതല്‍ ബഹുരാഷ്ട്ര കുത്തകകളും സാമ്രാജ്യത്വ കേന്ദ്രങ്ങളും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.

ലോകമെങ്ങും നടപ്പാക്കിയ നവ ഉദാരീകരണ നയങ്ങളുടെ ഭാഗമായി 1995 ല്‍ രൂപംകൊടുത്ത ലോകവ്യാപാര സംഘടനയുടെ ഒരു വകുപ്പെന്ന നിലയില്‍ സേവന വ്യാപാരത്തെ സംബന്ധിക്കുന്ന പൊതു ഉടമ്പടി (GATS) ഉള്‍ച്ചേര്‍ത്തതുവഴി ഏഷ്യനാഫ്രിക്കന്‍ – ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെമേല്‍ അമേരിക്കന്‍ – യൂറോപ്യന്‍ കുത്തകകള്‍ അവരുടെ പിടി വീണ്ടും മുറുക്കുകയുണ്ടായി.

സേവനങ്ങളിലെ ഏറ്റവും പ്രധാന ഇനങ്ങളിലൊന്ന് ചില്ലറകച്ചവടമാണെന്നു നിര്‍വചിക്കപ്പെട്ടത് ഈ രംഗം സാമ്രാജ്യത്വ രാജ്യങ്ങളിലെ റീട്ടെയില്‍ കുത്തകകള്‍ക്കായി തുറന്നുകൊടുക്കാന്‍ ഇന്ത്യയെ പോലുള്ള പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളെ ബാധ്യസ്ഥമാക്കി.

”വിപണിപ്രവേശ” ത്തെ സംബന്ധിച്ചും ദേശീയ കമ്പനികള്‍ക്കുള്ള അതേ ”പരിഗണന” ബഹുരാഷ്ട്ര കുത്തകകള്‍ക്കും നല്‍കണമെന്നതിനെ സംബന്ധിച്ചുമുള്ള ലോകവ്യാപാര സംഘടനയുടെ ഉപാധികള്‍ റീട്ടെയില്‍ വ്യാപാരരംഗത്ത് സംരംക്ഷണമേര്‍പ്പെടുത്താനുള്ള ഇന്ത്യയിലേതുപോലെ സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തുന്ന ഭരണങ്ങളുടെ കഴിവിനെ വീണ്ടും ദുര്‍ബലമാക്കുകയുണ്ടായി.

ഇന്ത്യന്‍ ഭരണകൂടം പാര്‍ലമെന്റിനോടുപോലും ആലോചിക്കാതെ ലോകവ്യാപാര സംഘടനയില്‍ അംഗമായതോടെ സാമ്രാജ്യത്വത്തിനു വിടുപണി ചെയ്യുന്ന അതിന്റെ ദല്ലാള്‍ സ്വഭാവം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയായിരുന്നു.

2004 ല്‍ യു.പി.എ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ്ങ് പ്രതിഷ്ഠിക്കപ്പെട്ടതോടെ ആഗോള റീട്ടെയില്‍ ഭീമന്മാരായ വാള്‍മാര്‍ട്ട്, ടെസ്‌കോ, മെട്രോ, കാരിഫോര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയുടെ ചില്ലറവ്യാപാര രംഗത്തേക്കു കടന്നുവരാനുള്ള കരുനീക്കങ്ങള്‍ വീണ്ടും ശക്തമാക്കി.

എന്നാല്‍ വിവിധ കോണുകളില്‍നിന്നുള്ള എതിര്‍പ്പിനേയും കടുത്ത ജനകീയ രോഷത്തേയും മുന്‍നിര്‍ത്തി ബഹുരാഷ്ട്രകുത്തകകള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കുന്നത് മന്‍മോഹന്‍സിങ്ങ് നീട്ടിവയ്ക്കുകയായിരുന്നു.

സാമ്രാജ്യത്വ കേന്ദ്രങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും മന്‍മോഹനെ ”കഴിവുകെട്ട ബ്യൂറോക്രറ്റ്” എന്നധിക്ഷേപിക്കുന്നതിനും ഇന്ത്യയുടെ ”വായ്പാക്ഷമത”യില്‍ ഇടിവു പറ്റിയിരിക്കുന്നുവെന്നു പ്രചരിപ്പിക്കുന്നതിനും ഈ അവസരം ഉപയോഗിച്ചു.

ഈ സന്ദര്‍ഭത്തിലാണ് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ വിനീതദാസന്‍ തന്നെയാണു താനെന്നു വ്യക്തമാക്കിക്കൊണ്ടും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദല്ലാള്‍സ്വഭാവം വീണ്ടും തുറന്നുകാട്ടിക്കൊണ്ടും വിദേശ റീട്ടെയില്‍ കുത്തകകള്‍ക്ക് സര്‍വതന്ത്രസ്വതന്ത്രമായി ഇന്ത്യയിലേക്കു കടന്നുവരാനുള്ള നയതീരുമാനം മന്‍മോഹന്‍ സിങ്ങ് എടുത്തിരിക്കുന്നത്.

ഇതിലൂടെ 51% ഓഹരികള്‍ അഥവാ ഉടമസ്ഥത കൈവശം വച്ചുകൊണ്ടും ബാക്കി 49% ഉടമസ്ഥത തങ്ങളുടെ ജൂനിയര്‍ പങ്കാളികളും ദല്ലാളന്മാരുമായ അംബാനി, ടാറ്റ, ബിര്‍ല, ഗോയങ്ക, ബിയാനി, ഭാരതി തുടങ്ങിയ ഇന്ത്യന്‍ കുത്തകകളുമായി പങ്കുവെച്ചുകൊണ്ടും ലോകത്ത് ഏറ്റവുമധികംപേര്‍ ഉപജീവനം കഴിക്കുന്നതും വിറ്റുവരവിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തുള്ളതുമായ ഇന്ത്യയുടെ ചില്ലറവ്യാപാര വിപണി കൈപ്പിടിയിലൊതുക്കാന്‍ വാള്‍മാര്‍ട്ട്‌പോലുള്ള ആഗോള റീട്ടെയില്‍ ഭീമന്‍ന്മാര്‍ക്ക് വഴിതുറന്നിരിക്കുന്നു.

ഇന്ത്യന്‍ റീട്ടെയില്‍ വ്യാപാരത്തിന്റെ സവിശേഷത

500 ബില്യന്‍ ഡോളര്‍ (30 ലക്ഷംകോടി രൂപ) വിറ്റുവരവുള്ള ഇന്ത്യന്‍ റീട്ടെയില്‍ വിപണി ആഗോള റീട്ടെയില്‍ കുത്തകകളുടെ പിടിയില്‍ ആകുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ഇവിടുത്തെ ചില്ലറവ്യാപാര മേഖലയുടെ സവിശേഷതകള്‍ എന്താണെന്നുകൂടി മനസിലാക്കേണ്ടതുണ്ട്.

സാമ്രാജ്യത്വ രാജ്യങ്ങളിലെയും മറ്റുപല പുത്തന്‍കൊളോണിയല്‍ രാജ്യങ്ങളുടെയും സാഹചര്യങ്ങളില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്നതും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടങ്ങുന്നതും നികുതി നിയമങ്ങള്‍ക്കു വിധേയമായതുമായ ചില്ലറവ്യാപാര രംഗത്തെ  സംഘടിതമേഖല ഇന്ത്യയില്‍ കേവലം 5% മാത്രമാണ്.

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ഉല്പാദനമേഖലകളെ അസംഘടിതമാക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെടുന്നതിനിടയില്‍ സംഘടിത കച്ചവടമേഖല വളരുന്നുണ്ടെങ്കിലും ചില്ലറവ്യാപാര മേഖലയില്‍ അതിന്റെ അനുപാതം ഇപ്പോഴും വളരെ കുറവുതന്നെയാണ്.

അതേസമയം പുത്തന്‍ അധിനിവേശത്തിനു വിധേയമായ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ സംഘടിത ചില്ലറവ്യാപാരം ശരാശരി 40%മാനവും ലാറ്റിനമേരിക്കയില്‍ 35% വുമാണ്.

ഇന്ത്യയിലാകട്ടെ 95% വും ”അസംഘടിത”മെന്നോ ”അനൗപചാരിക” മെന്നോ വിശേഷിപ്പിക്കാവുന്ന ചില്ലറവ്യാപാര രംഗത്തെയാണ് കോടിക്കണക്കായ തൊഴില്‍ രഹിതരും ഭാഗിക തൊഴിലുള്ളവരും പ്രച്ഛന്ന തൊഴിലുള്ളവരും മറ്റുമായ ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത്.

രാജ്യത്തു ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അപവ്യവസായവല്‍ക്കരണവും  കാര്‍ഷിക മുരടിപ്പും തജ്ജന്യമായ തൊഴില്‍ രാഹിത്യവും അസംഖ്യം പലവ്യഞ്ജന കടകളെയും മുറുക്കാന്‍ കടകളെയും ഉന്തുവണ്ടിക്കച്ചവടത്തെയും വഴിവാണിഭത്തെയും മറ്റും മറ്റും ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് ജനങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു.

തന്നിമിത്തം ഏകദേശം 5 കോടിയോളം പേര്‍, അതായത്, ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെ 15 – 16 ശതമാനം ഇന്ന് അസംഘടിത ചില്ലറ വ്യാപാരത്തെ ആശ്രയിച്ചുകഴിയുന്നു. ഈ രംഗത്തെ മൂന്നില്‍ രണ്ടു ഭാഗവും ഭക്ഷണവും പലചരക്കുകളുമായി ബന്ധപ്പെട്ട കച്ചവടമാണ്.

റീട്ടെയില്‍ കച്ചവടരംഗത്തു തൊഴില്‍ ചെയ്യുന്ന ഓരോ വ്യക്തിയെയും ശരാശരി 4 പേര്‍ ആശ്രയിക്കുന്നുണ്ടെന്നു കരുതിയാല്‍ കുറഞ്ഞപക്ഷം 20 കോടി ആളുകളെങ്കിലും ചില്ലറവ്യാപാര രംഗം കൊണ്ടു ജീവിക്കുന്നുണ്ട് എന്നതാണ് ഇന്ത്യയുടെ സ്ഥിതി. ബ്രസീലിലെ ആകെ ജനസംഖ്യക്കു തുല്യമാണിത്.

ചുരുക്കത്തില്‍. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന റീട്ടെയില്‍ രംഗത്തുണ്ടാകുന്ന ഏതൊരു വ്യതിചലനവും അപഭ്രംശവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതാണ്.

തൊഴില്‍രംഗത്തെ ആഘാതം

റീട്ടെയില്‍ രംഗത്തേക്ക് വിദേശനിക്ഷേപം കയറൂരിവിടുമെന്ന പ്രഖ്യാപനത്തോടൊപ്പം മൂന്നുവര്‍ഷത്തിനുള്ളില്‍ അതു 10 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് നേതൃത്വവും പറഞ്ഞിരിക്കുന്നത്.

വസ്തുതകള്‍ക്കു നിരക്കുന്നതല്ല ഇത്. ഉദാഹരണത്തിന് ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തക കൂടിയായ വാള്‍മാര്‍ട്ടെന്ന റീട്ടെയില്‍ ഭീമന്‍ 2011 ല്‍ 422 ബില്യന്‍ ഡോളര്‍ വിറ്റുവരവ് ഉണ്ടാക്കിയപ്പോള്‍ ആഗോളതലത്തില്‍ 2.1 ദശലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്.

എന്നാല്‍ ഇപ്പോള്‍ ഏകദേശം 500 ബില്യന്‍ ഡോളര്‍ വിറ്റുവരവുള്ള ഇന്ത്യയിലെ ചില്ലറ വ്യാപാരമേഖല നേരിട്ടു തൊഴില്‍ നല്‍കുന്നത് 50 ദശലക്ഷം ആള്‍ക്കാര്‍ക്കാണ്. ഒരു നിശ്ചിത അളവ് മൂലധന നിക്ഷേപത്തിലൂടെ വാള്‍മാര്‍ട്ടു നല്‍കുന്ന തൊഴിലിന്റെ 40 ഇരട്ടി തൊഴില്‍ ഇന്ത്യന്‍ റീട്ടെയില്‍ രംഗത്തു നല്‍കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതായത് വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പ്രവേശിച്ച് ഒരാള്‍ക്കു തൊഴില്‍ നല്‍കുമ്പോള്‍ പരമ്പരാഗത റീട്ടെയില്‍ കച്ചവടത്തില്‍നിന്നും 40 തൊഴിലാളികളായിരിക്കും പുറത്താകുക. എന്നുമാത്രമല്ല, യാതൊരു തൊഴില്‍ സുരക്ഷിതത്വമോ തൊഴില്‍ അവകാശമോ ഇല്ലാത്ത, ഏതു നിമിഷവും പിരിച്ചുവിടപ്പെടാവുന്ന ‘കാഷ്വല്‍’ ജീവനക്കാരെയാകും വാള്‍മാര്‍ട്ട് നിയമിക്കുക.

കുറഞ്ഞ ശമ്പളം, മോശപ്പെട്ട തൊഴില്‍ സാഹചര്യം എന്നിവക്കെതിരെ അമേരിക്കയിലെ വാള്‍മാര്‍ട്ട് ജീവനക്കാര്‍ കഴിഞ്ഞ നിരവധി നാളുകളായി സമരത്തിലാണ്. വാള്‍മാര്‍ട്ടിന്റെ ആസ്ഥാനമായ അര്‍ക്കന്‍സാസ്, ഡളാസ്, സാന്റിയാഗോ, ഷിക്കാഗോ, ലോസ് ആഞ്ജലസ്, സാര്‍മെന്റോ, വാഷിംഗ്ടണ്‍ ഡിസി, തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ ഈയിടെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയുണ്ടായി.

ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് റീട്ടെയില്‍രംഗത്തെ വിദേശമൂലധനത്തോടൊപ്പം നിലവിലുള്ള ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ പോലും ഇല്ലാതാക്കപ്പെടാനും തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനുമുള്ള സാധ്യതയാണ്. ഒരുഭാഗത്തു റീട്ടെയില്‍ വ്യാപാരമേഖലയെ സംഘടിതമാക്കാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിങ്ങ് മറുഭാഗത്ത് തൊഴില്‍മേഖലയെ അസംഘടിതമാക്കാന്‍ നടത്തുന്ന നീക്കങ്ങളുമായി ബന്ധപ്പെടുത്തി ഇതു വിലയിരുത്തപ്പെടേണ്ടതുണ്ട്.

ചില്ലറവ്യാപാര മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്കു തുറന്നു കൊടുക്കാന്‍ നിര്‍ബന്ധിതരായ രാജ്യങ്ങളുടെ അനുഭവങ്ങള്‍ ഭീതിയുളവാക്കുന്നതാണ്.

കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ കാര്യം തന്നെയെടുക്കുക. വിയറ്റ്‌നാമില്‍ ഒരു ടണ്‍ തക്കാളി കൈകാര്യം ചെയ്യാന്‍ പരമ്പരാഗത റീട്ടെയില്‍മേഖലയില്‍ മൂന്നു തൊഴിലാളികളെ ആവശ്യമുള്ളപ്പോള്‍ ജര്‍മ്മന്‍ റീട്ടെയില്‍ കുത്തകയായ മെട്രോക്ക് ഇതേ പണിക്ക് ശരാശരി 1.2 തൊഴിലാളികളുടെ ആവശ്യമേയുള്ളു.

അവിടെ ചില്ലറ വ്യാപാരശാലകളില്‍ 18 തൊഴിലാളികളെ ആവശ്യമുള്ളിടത്ത് ബിഗ് സി എന്ന സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപനത്തിന് കേവലം 4 തൊഴിലാളികള്‍ മാത്രം മതിയെന്നാണ് കണക്ക്.

1997ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിക്കുപിന്നില്‍ ജോര്‍ജ് സോറോസിനെപ്പോലെയുള്ള ആഗോള നാണയ ചൂതാട്ടക്കാരായിരുന്നുവെന്നും ‘ഏഷ്യന്‍ കടുവ’കളെന്നറിയപ്പെട്ടിരുന്ന രാജ്യങ്ങളെ വരുതിയിലാക്കാന്‍ ഐ.എം.എഫും ലോകബാങ്കും നടത്തിയ നീക്കങ്ങള്‍ പ്രതിസന്ധിയെ വഷളാക്കുകയുമുണ്ടായെന്നും പരക്കെ അറിവുള്ളതാണ്.

തകര്‍ന്നടിഞ്ഞ ഈ രാജ്യങ്ങള്‍ക്കു ‘രക്ഷാപാക്കേജ്’ പ്രഖ്യാപിച്ച ഐ.എം.എഫ് അതിന്റെ മുഖ്യ ഉപാധികളിലൊന്നായി നിര്‍ദ്ദേശിച്ചത് റീട്ടെയില്‍ രംഗത്തെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സ്വതന്ത്ര പ്രവേശനം അനുവദിക്കണമെന്നതായിരുന്നു.

ഇന്‍ഡോനേഷ്യയുടെ കാര്യംതന്നെ എടുക്കുക ഫ്രഞ്ചു കുത്തകയായ  കാരിഫോറായിരുന്നു അവിടുത്തെ റീട്ടെയില്‍ മേഖല പ്രധാനമായും കയ്യടക്കിയത്. തല്‍ഫലമായി 2005 നും 2009 നും ഇടയില്‍ മാത്രം ഇന്‍ഡോനേഷ്യയിലെ പരമ്പരാഗത റീട്ടെയില്‍ കച്ചവടം 60 ശതമാനംകണ്ടും തൊഴില്‍ 40 ശതമാനം കണ്ടും ഇടിയുകയുണ്ടായി.

ഗുരുതരമയ ഈ അവസ്ഥയില്‍ പിടിച്ചുനില്‍ക്കാനായി 2007 ലും 2008 ലും ചില നിയമങ്ങള്‍ കൊണ്ടുവരാന്‍ ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ലോകവ്യാപാര സംഘടനയുടെ നിബന്ധനകള്‍ ഉയര്‍ത്തിക്കാട്ടി ബഹുരാഷ്ട്ര കുത്തകകളും സാമ്രാജ്യത്വ രാജ്യങ്ങളും അതു തടയുകയുണ്ടായി.

ഇന്നിപ്പോള്‍ 300 ബില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള അവിടുത്തെ ചില്ലറ വ്യാപാരം മിക്കവാറും ബഹുരാഷ്ട്ര കുത്തകകളുടെ പിടിയിലാണ്.

1997 ലെ ഐ.എം.എഫ്് ഉപാധികളുടെ ഭാഗമായിട്ടുതന്നെയാണ് പ്രതിവര്‍ഷം 100 ബില്യന്‍ ഡോളറിലധികം വിറ്റുവരവുള്ള ചില്ലറ വ്യാപാരമേഖല ബഹുരാഷ്ട്ര കച്ചവട ഭീമന്മാര്‍ക്കായി തുറന്നുകൊടുക്കാന്‍ തായ്‌ലന്റും നിര്‍ബന്ധിതമായത്.

ഇതിന്റെ പ്രത്യാഘാതമെന്നോണം 1997നും 2001 നും ഇടയില്‍ തായ്‌ലന്റിലെ പരമ്പരാഗത റീട്ടെയില്‍ വിപണി 74% ത്തില്‍നിന്നും 42% ആയി ചുരുങ്ങിപ്പോവുകയാണുണ്ടായത്. ഇതു സൃഷ്ടിച്ച ഗുരുതരമായ തൊഴിലില്ലായ്മ ബഹുരാഷ്ട്ര കുത്തകകളുടെ പ്രവര്‍ത്തനമേഖല പുനര്‍ നിര്‍വചിക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാന്‍ തായ്‌ലന്റ് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയെങ്കിലും സാമ്രാജ്യത്വകേന്ദ്രങ്ങളുടെ ശക്തമായ ഇടപെടല്‍മൂലം അവ നടപ്പാക്കപ്പെടുകയുണ്ടായില്ല.

റീട്ടെയില്‍ ബഹുരാഷ്ട്ര ഭീമന്മാര്‍ കുത്തകയേര്‍പ്പെടുത്തിക്കഴിഞ്ഞ മലേഷ്യയിലേയും ഫിലിപൈന്‍സിലേയും സ്ഥിതിവിശേഷവും വ്യത്യസ്തമല്ല. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് അര്‍ജന്റീന, മെക്‌സിക്കോ, നിക്കരേഗ്വ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കും കെനിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഉള്ളത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ അര്‍ജന്റീനയിലുണ്ടായ സാമൂഹ്യ, രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മുഖ്യകാരണം റീട്ടെയില്‍ രംഗത്തെ വിദേശ നിക്ഷേപം കടന്നുവന്നതു വഴിയുണ്ടായ തൊഴില്‍ രാഹിത്യവും വിലക്കയറ്റവുമായിരുന്നു.

വമ്പിച്ച ജനകീയ രോഷത്തെ തുടര്‍ന്ന് ഇപ്രകാരമുള്ള പുത്തന്‍ അധിനിവേശ രാജ്യങ്ങളിലെ ദല്ലാള്‍ ഭരണകൂടങ്ങള്‍ ആഭ്യന്തര ചില്ലറക്കച്ചവടക്കാര്‍ക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാവുന്ന ”നിരപ്പായ കളിസ്ഥല”(level playing field) ത്തിനുവേണ്ടി ശ്രമം നടത്തിയെങ്കിലും ലോകവ്യാപാര സംഘടനയുടെ സ്വതന്ത്രമായ ‘വിപണിപ്രവേശം’ അടക്കമുള്ള തിട്ടൂരങ്ങള്‍ ആ ശ്രമത്തെ പരാജയപ്പെടുത്തുകയുണ്ടായി.

ഈ സാര്‍വദേശീയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിനീത വിധേയനായ മന്‍മോഹന്‍ സിങ് നയിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ വാദം ശുദ്ധ അസംബന്ധമാണ്.

കാര്‍ഷികമേഖലയിലെ പ്രത്യാഘാതങ്ങള്‍

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലകള്‍, പച്ചക്കറികളും പഴങ്ങളും നശിച്ചു പോകാതിരിക്കുന്നതിനുള്ള മെച്ചപ്പെട്ട സ്റ്റോറേജ് സംവിധാനങ്ങള്‍, അടിസ്ഥാന ഘടനാ സൗകര്യങ്ങള്‍, തുടങ്ങിയവ റീട്ടെയില്‍ രംഗത്തെ വിദേശ നിക്ഷേപത്തിലൂടെ സാദ്ധ്യമാകുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് വമ്പിച്ച നേട്ടമാണുണ്ടാകുകയെന്നു മന്‍മോഹന്‍ സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിക്കുന്നു.

വസ്തുതകള്‍ക്കു നിരക്കുന്നതല്ല ഈ  വാദഗതികള്‍. അമേരിക്കന്‍ കുത്തകയായ വാള്‍മാര്‍ട്ടും ഇന്ത്യന്‍ കമ്പനിയായ ഭാരതിയും തമ്മിലുണ്ടായ അവിഹിത കൂട്ടുകെട്ടും റിലയന്‍സ,് സ്‌പെന്‍സര്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി  സ്ഥാപിച്ചിട്ടുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.

കര്‍ഷകര്‍ക്കു സഹായകരമായ ഏതെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിലോ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ വാങ്ങിക്കൊള്ളാമെന്ന ഏതെങ്കിലും ഗാരണ്ടി നല്‍കുന്നതിലോ ഇതുവരെ ഒരു നീക്കവും ഇവര്‍ നടത്തിയിട്ടില്ല.

നേരേമറിച്ച്, പരമാവധി വിലയിടിച്ച് കാര്‍ഷികോല്‍പന്നങ്ങള്‍ ശേഖരിക്കാനുള്ള സംഭരണകേന്ദ്രങ്ങള്‍ മാത്രമാണ് ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നത്. കര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങളുമായി സംഭരണകേന്ദ്രത്തിലെത്തുന്ന അവസാന നിമിഷത്തില്‍ വിലയിടിച്ച് ചുളുവിലയ്ക്ക് ഉല്പന്നങ്ങള്‍ തട്ടിയെടുക്കുന്ന കുതന്ത്രമാണ് ഈ കമ്പനികള്‍ പിന്‍തുടരുന്നത്.

ആത്മഹത്യ ചെയ്യേണ്ടി വരുന്നതടക്കം കര്‍ഷകരുടെ ദുരവസ്ഥ കൂടുതല്‍ വഷളാകുമ്പോള്‍ ഇത്തരം കുത്തകസംഭരണക്കാരെ നിലക്കു നിര്‍ത്താനുള്ള ഒരു നടപടിയും സ്വീകരിക്കാതെ വിദേശീയനും നാടനുമായ കച്ചവടകുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന കര്‍ഷകദ്രോഹ സമീപനമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍തുടരുന്നത്.

ഈ പശ്ചാത്തലത്തില്‍വേണം സംഭരണത്തിലും വിപണനത്തിലും വിലനിര്‍ണ്ണയത്തിലും ആഗോള കുത്തകനിയന്ത്രണമുള്ളതും ഉല്‍പാദനം മുതല്‍ ഉപഭോഗം വരെയുള്ള മുഴുവന്‍ പ്രധാന – വിതരണ ശ്രംഖലകളിലേക്കും കടന്നുകയറാന്‍ കഴിവുള്ളതുമായ വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര റീട്ടെയില്‍ ഭീമന്മാര്‍ക്കു മന്‍മോഹന്‍ സര്‍ക്കാര്‍ സര്‍വതന്ത്ര സ്വതന്ത്രമായ പ്രവേശനാനുമതി നല്‍കിയതു വിലയിരുത്താന്‍.

പുത്തന്‍ അധിനിവേശത്തിനടിപ്പെട്ട രാജ്യങ്ങളെ സംബന്ധിച്ച് ഇതിനു മുമ്പ് നടന്ന നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, കര്‍ഷകര്‍ക്കുള്ള വിലകള്‍ കുത്തനെ ഇടിക്കാനും ഉപഭോക്താക്കള്‍ കൊടുക്കേണ്ട വിലകള്‍ കൃത്രിമമായി ഉയര്‍ത്തി നിര്‍ത്താനും വിപണിയുടെ മേലുള്ള കുത്തകാധിപത്യം ഒന്നുകൊണ്ടു തന്നെ ബഹുരാഷ്ട്ര കുത്തകകള്‍ക്കു കഴിയുന്നതാണ്.

ഒരുപക്ഷേ, വിപണിയുടെമേല്‍ കുത്തകനിയന്ത്രണം ഉറപ്പു വരുത്തുന്നതുവരെ റീട്ടെയില്‍ ഭീമന്മാര്‍ അവരുടെ ”ഇരപിടിയന്‍” വിലനിര്‍ണ്ണയ സ്വഭാവം മറച്ചുപിടിച്ചേക്കാം.

ദശലക്ഷക്കണക്കിനു ചെറുകിട കച്ചവടക്കാരെ കമ്പോളത്തില്‍നിന്നും ആട്ടിയകറ്റുന്നതിന്റെ ഭാഗമായി ഒരുഭാഗത്ത് വില കുറച്ചും ആകര്‍ഷകമായും സാധനങ്ങള്‍ ആരംഭത്തില്‍ വില്‍ക്കുന്നതോടൊപ്പം മറുഭാഗത്ത് കര്‍ഷകരെ ആകര്‍ഷിക്കുന്നതിനായി ഉയര്‍ന്ന വിലകള്‍ നല്‍കി ഉല്പന്നങ്ങള്‍ സംഭരിക്കുന്നതും സാധാരണയാണ്.

എന്നാല്‍ ഒരിക്കല്‍ കര്‍ഷകര്‍ ആശ്രിതരാകുന്നതോടെയും ആഭ്യന്തരവ്യാപാരികള്‍ അപ്രത്യക്ഷമാകുന്നതോടെയും സംഭരണവിലകള്‍ കുറക്കുകയും ഉപഭോഗവിലകള്‍ ഉയര്‍ത്തുകയുമാണ് ബഹുരാഷ്ട്ര കുത്തകകളുടെ രീതി. സാമ്രാജ്യത്വ രാജ്യങ്ങളില്‍പ്പോലും വാള്‍മാര്‍ട്ടുപോലുള്ള കുത്തകകള്‍ ഈ രീതിയാണനുവര്‍ത്തിക്കുന്നത്.

ഈയിടെ അമേരിക്കയില്‍ നടന്ന ‘വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍’ സമരത്തില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളിലൊന്ന് ഉല്‍പാദകരേയും ഉപഭോക്താക്കളേയും ഒരുപോലെ പിഴിഞ്ഞൂറ്റി കൊള്ള ലാഭമടിക്കുന്ന വാള്‍മാര്‍ട്ടിന്റെ വിലനിര്‍ണ്ണയരീതിക്ക് എതിരായിരുന്നു.

ബ്രിട്ടീഷ് റീട്ടെയില്‍ ഭീമനായ ടെസ്‌കോയെ സംബന്ധിച്ചു നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് ചെറുകിട – ചില്ലറ കച്ചവടക്കാര്‍ കര്‍ഷകര്‍ക്കു നല്‍കുന്ന വിലകളെക്കാള്‍ ശരാശരി 4% കുറഞ്ഞ വിലകളാണ് അതു നല്‍കുന്നതെന്നാണ്.

റീട്ടെയില്‍ ഭീമന്മാരുടെ ഈ കുത്തകാധിപത്യത്തില്‍നിന്നും കര്‍ഷകരെ രക്ഷിക്കാനും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അവരുടെ വിലപേശല്‍ കഴിവുമൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിനും സവിശേഷ നിയമ പരിരക്ഷകള്‍ സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ഇതുവഴി, വന്‍കിടക്കാരായിരുന്നിട്ടുകൂടി പ്രതിവര്‍ഷം 20 ബില്യണ്‍ ഡോളര്‍ സബ്‌സിഡിയാണ് ഒബാമ ഭരണകൂടം അമേരിക്കന്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്നത്. യൂറോപ്യന്‍ യൂണിയനാകട്ടെ ഇതേക്കാള്‍ വലിയ തുകയാണ് ഈയിനത്തില്‍ കര്‍ഷകര്‍ക്കു നല്‍കുന്നത്.

സാമ്രാജ്യത്വരാജ്യങ്ങളില്‍ കര്‍ഷകര്‍ മുതലാളിത്താടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവരും ജനസംഖ്യയിലെ രണ്ടുശതമാനം മാത്രം വരുന്നവരുമാണ്.

നേരേമറിച്ച് വളരെ ചെറിയ തുണ്ടുഭൂമിയുടെ ഉടമകള്‍ മാത്രമായ കര്‍ഷകരും ജനസംഖ്യയിലെ 60ശതമാനത്തോളം നിത്യവൃത്തിക്കായി കൃഷിയെ ആശ്രയിക്കുന്നവരും ഉള്‍ക്കൊള്ളുന്നതും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഒരു സംരക്ഷണ സംവിധാനങ്ങളും നിലവിലില്ലാത്തതുമായ ഇന്ത്യയില്‍ ചില്ലറ വ്യാപാരരംഗത്തേക്കുള്ള വിദേശ മൂലധന കടന്നുകയറ്റം അചിന്ത്യമായ പ്രത്യാഘാതങ്ങളാകും സംജാതമാക്കുക.

ചില്ലറവ്യാപാരമേഖലയിലെ വിദേശ മൂലധന നിക്ഷേപത്തിനുള്ള ഉപാധിയായി കുത്തകകള്‍ സംഭരിക്കുന്ന ഉല്പന്നങ്ങളുടെ 30% രാജ്യത്തിനകത്തെ കര്‍ഷകരില്‍ നിന്നും ചെറുകിട വ്യവസായികളില്‍ നിന്നും സംഭരിച്ചിരിക്കണമെന്ന ആഗോളകുത്തകകളുടെ വാലാട്ടികളായ ഇന്ത്യന്‍ ഭരണാധികാരികളുടെ നിര്‍ദ്ദേശത്തിന് പുല്ലുവില പോലും കല്‍പിക്കേണ്ടതില്ല.

ഭരണകൂടങ്ങളെ നോക്കുകുത്തികളാക്കി ഏറ്റവും വിലകുറഞ്ഞ ആഗോള സ്രോതസുകളില്‍നിന്നും ഉല്‍പന്ന സമാഹരണം നടത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള വാള്‍മാര്‍ട്ടിന്റെയും മറ്റും മുമ്പില്‍ ഇതൊരു വിടുവായത്തം മാത്രമാണ്.

ഉദാഹരണത്തിന,് ലോകത്തേറ്റവും കുറഞ്ഞ കൂലിക്കു തൊഴിലാളികള്‍ പണിയെടുക്കുന്നതും ആയതിനാല്‍ ഏറ്റവും വിലകുറച്ച് ഉല്പന്നങ്ങള്‍ ലഭ്യവുമായ ചൈനയില്‍ നിന്നു തന്നെയാണ് വാള്‍മാര്‍ട്ട് അതിന്റെ ആഗോള വിപണനത്തിനുള്ള സാധനങ്ങളുടെ പകുതിയിലധികവും സംഭരിക്കുന്നത്.

ലോകവ്യാപാരസംഘടനയുടെ വ്യാപാരസംബന്ധിയായ നിക്ഷേപ ചട്ടങ്ങള്‍ (TRIMs)പ്രകാരം പ്രാദേശിക ഉറവിടങ്ങളില്‍ നിന്നും ഉല്‍പന്ന സമാഹരണം നടത്തണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ് എന്നറിഞ്ഞു കൊണ്ടുതന്നെ രാജ്യത്തു നിന്നും ബഹുരാഷ്ട്ര കുത്തകകള്‍ 30% ഉല്പന്നങ്ങള്‍ സംഭരിക്കുമെന്ന് മന്‍മോഹന്‍ സര്‍ക്കാര്‍ പറയുന്നത് ജനങ്ങളെ വിഢികളാക്കലാണ്.

ചുരുക്കത്തില്‍ വിലകുറഞ്ഞ ആഗോള ഉറവിടങ്ങളില്‍ നിന്നും ഉല്‍പന്നങ്ങള്‍ സംഭരിച്ച് ഇന്ത്യയില്‍ വിറ്റു കൊള്ളലാഭമടിക്കാന്‍ വാള്‍മാര്‍ട്ടു പോലുള്ള കമ്പനികളെ അനുവദിക്കുന്ന പക്ഷം അത് 90 കള്‍ മുതല്‍ ശക്തിപ്പെട്ട നവ ഉദാരീകരണ – ആഗോളീകരണത്തോടൊപ്പം തീവ്രതയാര്‍ജിച്ച അപവ്യവസായവല്‍ക്കരണവും കാര്‍ഷിക തകര്‍ച്ചയും തൊഴില്‍ രാഹിത്യവും വിശാല ജനവിഭാഗങ്ങളുടെ പാപ്പരീകരണവുമെല്ലാം രൂക്ഷമാകുന്നതിലേക്കാവും നയിക്കുക.

വിലക്കയറ്റവും പണപ്പെരുപ്പവും

ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം വിലകള്‍ കുറക്കുമെന്നും പണപ്പെരുപ്പത്തിനു ശമനമുണ്ടാകുമെന്നുമുള്ള മന്‍മോഹന്‍സിങ്ങിന്റെയും നവഉദാരീകരണ വാദികളുടേയും അവകാശവാദം സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല.

ചില്ലറ വ്യാപാരമേഖല ആഗോള റീട്ടെയില്‍ കുത്തകകള്‍ക്കു അടിയറവെക്കേണ്ടിവന്ന എല്ലാ പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളുടേയും അനുഭവം അവിടുത്തെ സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ ആകാത്തവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റമാണ്.

മുമ്പു സൂചിപ്പിച്ചതുപോലെ, പരമ്പരാഗത റീട്ടെയില്‍ കച്ചവടക്കാര്‍ പിടിച്ചു നില്‍ക്കാനാവാതെ പൂര്‍ണ്ണമായി തകര്‍ന്നടിയുന്നതുവരെ വിലകള്‍ താഴ്ത്തി നിര്‍ത്തുകയും ഈ തന്ത്രം വിജയം കാണുന്നതോടെ തങ്ങള്‍ക്കു സ്വീകാര്യമായവിധം വിലകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് വിദേശ കുത്തകകളുടെ പതിവു രീതി.

ആരംഭത്തിലുള്ള ഈ വിലക്കുറവ് വിദേശമൂലധനത്തിന് അനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കാനും ചെറുകിടക്കാരെ തകര്‍ക്കാനും രാഷ്ട്രീയ -ബ്യൂറോക്രാറ്റ് നേതൃത്വവും കോര്‍പ്പറേറ്റ് മാധ്യമങ്ങളും വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഏഷ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇതോടൊപ്പം സംഭവിച്ചു കഴിഞ്ഞതുപോലെ, ഭക്ഷ്യധാന്യവും പച്ചക്കറികളും പഴങ്ങളുമടക്കമുള്ള എല്ലാ അവശ്യ വസ്തുക്കളുടേയും വിലകള്‍ ഏതാനും നാളുകള്‍കൊണ്ട് ചില്ലറ വില്പന രംഗത്തെ ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണം വര്‍ദ്ധിച്ചതിന് ആനുപാതികമായി വര്‍ദ്ധിക്കുന്ന പ്രവണത തന്നെയാകും ഇന്ത്യയിലും സംഭവിക്കുക.

ബഹുരാഷ്ട്ര കുത്തകകളുടെ ജൂനിയര്‍ പങ്കാളികളായി നേട്ടം കൊയ്യാന്‍ തക്കം നോക്കിയിരിക്കുന്ന റിലയന്‍സുപോലുള്ള ഇന്ത്യന്‍ ദല്ലാള്‍ കുത്തകകള്‍ നടത്തിവരുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അഥവാ, സംഘടിത കച്ചവടമേഖലയിലെ വിലകള്‍ ഇപ്പോള്‍ തന്നെ അസംഘടിത മേഖലയിലെ വിലകളെക്കാള്‍ വളരെ കൂടുതലാണെന്ന കാര്യം ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

ചില്ലറ വ്യാപാരരംഗം അപ്പാടെ വിദേശ – സ്വദേശ കുത്തകകളുടെ പിടിയിലാകുന്നതോടെ ദേശവ്യാപകമായ വിലക്കയറ്റവും അദ്ധ്വാനിക്കുന്ന വിശാല ജനവിഭാഗങ്ങളുടെ ക്രയശേഷിയിലുണ്ടാകുന്ന ശോഷണവും തുടര്‍ പ്രക്രിയയാവും.

റീട്ടെയില്‍ രംഗത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് മറ്റൊരു മാനംകൂടി ഉണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. ചെറുകിടക്കാര്‍ ഉന്മൂലനം ചെയ്യപ്പെടുന്നതോടെ വിപണി കയ്യടക്കുന്ന വന്‍ കുത്തകകള്‍ തുടക്കത്തിലുള്ള ആകര്‍ഷക വിലകള്‍ അവസാനിപ്പിക്കുന്നതോടൊപ്പം ഊഹ – അവധിവ്യാപാരത്തില്‍ അധിഷ്ഠിതമായി വിലകൂട്ടി ചരക്കുകള്‍ വില്ക്കുന്ന രീതി വ്യാപകമാവും.

പരസ്യത്തിന്റെ മായാജാലത്തില്‍ ജനങ്ങള്‍ കുടുങ്ങി വഞ്ചിതരാകുന്ന പ്രവണത വര്‍ദ്ധിക്കും. നവഉദാരീകരണ കാലത്ത് പണപ്പെരുപ്പത്തിന്റെയും സാധന വിലവര്‍ദ്ധനവിന്റെയും പ്രധാന കാരണം ഫിനാന്‍സ് കുത്തകകള്‍ നടത്തുന്ന ഊഹക്കച്ചവടമാണെന്നു പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അവധിവ്യാപാരവും ധനകാര്യ ഇടപാടുകളും പെട്ടന്നു പണം കൊയ്യാവുന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങളും റീട്ടെയില്‍ രംഗത്തെ കുത്തകവല്‍ക്കരണവുമെല്ലാം കൂടിക്കുഴഞ്ഞാണ് ഈ ഊഹക്കച്ചവടവും തജ്ജന്യമായ വിലക്കയറ്റവും രൂപംകൊള്ളുന്നത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കച്ചവടരംഗത്തെ ഫിനാന്‍സ് മൂലധനാധിപത്യവുമായി ബന്ധപ്പെട്ടതാണ്.

നവഉദാരീകരണത്തോടെ കുതിച്ചുയരുകയും ലോകസമ്പന്നപ്പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ കോര്‍പ്പറേറ്റ് കുത്തകയായ റിലയന്‍സിന്റെ കാര്യം തന്നെ എടുക്കുക.

അവധിവ്യാപാരമടക്കം എല്ലാത്തരത്തിലുമുള്ള ഊഹപ്രവര്‍ത്തനങ്ങളിലും താരതമ്യങ്ങളില്ലാത്ത രീതിയില്‍ ഏര്‍പ്പെട്ടുകൊണ്ടും ആ പ്രക്രിയയില്‍ ഭക്ഷ്യധാന്യത്തിന്റെയും ഇന്ധനത്തിന്റെയും മറ്റും വിലകള്‍ കുത്തനെ ഉയര്‍ത്തിക്കൊണ്ടുമാണ് റിലയന്‍സ് അതിന്റെ ഫിനാസ് സാമ്രാജ്യം കെട്ടിപ്പൊക്കിയിട്ടുള്ളത്.

ഇന്ത്യന്‍ ഭക്ഷ്യധാന്യ കോര്‍പ്പറേഷന്റെ ഗോഡൗണുകളടക്കം പാട്ടത്തിനെടുത്തു കൊണ്ടും 25,000 കോടി രൂപയോളം ഭക്ഷ്യധാന്യത്തിന്റെ ഊഹക്കച്ചവടത്തിനായി മാറ്റിവെച്ചു കൊണ്ടാണ് ഈ ഇന്ത്യന്‍ ദല്ലാള്‍കുത്തക ആഗോള റീട്ടെയില്‍ ഭീമന്മാരുമായി ബാന്ധവത്തിന് ഇറങ്ങിയിരിക്കുന്നത്.

അതായത് മന്‍മോഹന്‍ സര്‍ക്കാരിന്റെ ഒത്താശയൊടെ ഇന്ത്യയുടെ ഭക്ഷ്യധാന്യരംഗത്തെ ഏറ്റവും വലിയ ചൂതാട്ടക്കാരനായ ഈ ദല്ലാള്‍ കുത്തക 49% മൂലധനം മുടക്കാന്‍ തയ്യാറുള്ള ഇന്ത്യന്‍ പങ്കാളിയെ ബഹുരാഷ്ട്ര റീട്ടെയില്‍ കുത്തകകള്‍ തെരയുന്ന സന്ദര്‍ഭം മുതലാക്കി അവരുമായി കൂട്ടുസംരംഭത്തിലേര്‍പ്പെട്ട് സ്വന്തം സമ്പത്തിക സാമ്രാജ്യം  വീണ്ടും വ്യാപിപ്പിക്കാനുള്ള അന്വേഷണത്തിലാണ്.

ഈ പ്രക്രിയ ശക്തിപ്പെടുകയും ഭക്ഷ്യധാന്യ രംഗം വീണ്ടും ഊഹക്കച്ചവടത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്യുന്ന മുറയ്ക്ക് ഭക്ഷ്യസംഭരണത്തിന്റെ മേഖലയില്‍നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങാനുള്ള കരുനീക്കത്തിലാണ് മന്‍മോഹന്‍ സര്‍ക്കാര്‍.

ഭക്ഷ്യധാന്യ- പലചരക്കു കച്ചവട രംഗത്തെ കോടിക്കണക്കിനു വരുന്ന ചില്ലറ കച്ചവടക്കാര്‍ അപ്രത്യക്ഷരാകുന്നതോടൊപ്പം പ്രതിദിനം 20 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരെന്ന് ആസൂത്രണകമ്മീഷനിലെ വിദഗ്ധര്‍ വിലയിരുത്തിയ രാജ്യത്തെ 83 കോടി മനുഷ്യര്‍ കൊടിയ ഭക്ഷ്യ ക്ഷാമത്തിനാകും വിധേയരാകുക.

തീരുമാനത്തിനു പിന്നിലെ അടിയന്തിര കാരണങ്ങള്‍

ഇന്ത്യയുടെ ചില്ലറ വ്യാപാരമേഖല  ഇപ്രകാരം വിദേശ ഊഹകുത്തകകള്‍ക്കായി തുറന്നു കൊടുക്കുന്നതിന് നീതീകരണമായി കര്‍ഷകര്‍ക്ക് ആകര്‍ഷകമായ വില കിട്ടുമെന്നും ഭക്ഷ്യോല്‍പന്നങ്ങളുടെ സംഭരണവും സൂക്ഷിപ്പും നന്നായി നടക്കുന്നതുവഴി അവ പാഴായി പോകുന്നത് ഒഴിവാക്കാമെന്നും വിലവര്‍ദ്ധനവ് ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്നും മറ്റും ഒട്ടേറെ കാര്യങ്ങള്‍ മന്‍മോഹന്‍സിങ്ങും കൂട്ടരും മുന്നോട്ടുവച്ചിട്ടുണ്ട്.

രാജ്യത്തെ പരമ്പരാഗത കച്ചവടക്കാരെ ഒരുതരത്തിലും ഈ നടപടി ബാധിക്കുകയില്ലെന്നും തൊഴിലവസരങ്ങള്‍ കൂടുമെന്നുമുള്ള വാദഗതിയും സര്‍ക്കാരിനുണ്ട്.

വാള്‍മാര്‍ട്ട് പോലുള്ള ആഗോള ഭീമന്മാരുമായി സംയുക്ത സംരംഭത്തിലേര്‍പ്പെടാന്‍ ഉറ്റുനോക്കിയിരിക്കുന്ന ഇന്ത്യയിലെ ദല്ലാള്‍ സംഘടനകളെല്ലാം – കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഫിക്കി, അസോച്ചം, ഇന്‍ഡോ – അമേരിക്കന്‍ ബിസിനസ് കൗണ്‍സില്‍, ഇന്ത്യയിലെ അമേരിക്കന്‍ ചേബര്‍ ഓഫ് കൊമേഴ്‌സ്, റീട്ടെയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ബഹുബ്രാന്റ് കച്ചവടത്തിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കേന്ദ്രീകരിച്ചിട്ടുള്ള 44 സംഘടനകളുടെ കോര്‍ഡിനേഷനായ ഷോപ്പിങ്ങ് സെന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ – മന്‍മോഹന്‍ സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ രാജ്യത്തെ 95% റീട്ടെയില്‍ വ്യാപാരികളും ഈ രാജ്യദ്രോഹ നീക്കത്തിനെതിരാണ്. യഥാര്‍ത്ഥത്തില്‍ വിദേശമൂലധന നിക്ഷേപത്തിനനുകൂലമായി മന്‍മോഹന്‍ സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുദ്ദേശിച്ചുള്ളതാണ്.

ഏതാനും വര്‍ഷങ്ങളായി തീവ്രമായിക്കൊണ്ടിരിക്കുന്ന ലോക സാമ്പത്തിക പ്രതിസന്ധിയുടേയും അതിന്റെ ഭാഗമായി സാമ്രാജ്യത്വ രാജ്യങ്ങളിലടക്കം ഉപഭോക്തൃ വിപണി അഭൂതപൂര്‍വ്വമായി ചുരുങ്ങിയതും മന്‍മോഹന്‍ സര്‍ക്കാരിന്റെമേല്‍ കടുത്ത സമ്മര്‍ദ്ദമേര്‍പ്പെടുത്താന്‍ ആഗോള ഫിനാന്‍സ് കുത്തകകളെ നിര്‍ബന്ധിതമാക്കിയതാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലെ അടിയന്തരകാരണം.

ഉദാഹരണത്തിന്, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 749 ല്‍നിന്നും 1011 ആയും അവരുടെ ആസ്തികള്‍ 2.4 ട്രില്യന്‍ ഡോളറില്‍നിന്നും 3.6 ട്രില്യന്‍ ഡോളര്‍ (ഒരു വര്‍ഷത്തിനുള്ളില്‍ 50% വര്‍ദ്ധനവ്) ആയും വര്‍ദ്ധിച്ചപ്പോള്‍ ലോകജനതയുടെ ക്രയശേഷി ഇടിഞ്ഞതിന്റെ തെളിവെന്നോണം ലോക ഉപഭോക്തൃ വിപണി  20% കണ്ടു ചുരുങ്ങുകയാണുണ്ടായത്.

സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളുമടക്കം സംഘടിത ആഗോള റീട്ടെയില്‍ വിപണി കയ്യടക്കിയിട്ടുള്ള വാള്‍മാര്‍ട്ടിനെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഉപഭോഗ വിപണി ലക്ഷ്യമിട്ടിരിക്കുന്നത് ഇപ്രകാരം ലോകവിപണി മാന്ദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്.

ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ട ചില കാര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് അമേരിക്കന്‍ സെന്‍സസ് ബ്യൂറോ ഇന്ത്യയെ സംബന്ധിച്ചു പുറത്തുവിട്ട ചില കണക്കുകളാണ്. അതു പ്രകാരം 2020 ആകുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 53% വും യുവാക്കളായിരിക്കുമെന്നതാണ് കണക്ക്.

അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ചൈന തുടങ്ങിയ സാമ്രാജ്യത്വ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വലിയ അനുപാതമാണിത്. നവഉദാരീകരണവാദികളുടെ വിലയിരുത്തല്‍ പ്രകാരം ഇന്ത്യയുടെ ഈ ജനസംഖ്യാ സവിശേഷത സംഘടിത റീട്ടെയില്‍ വ്യാപാരത്തിന്റെ ചാലകശക്തിയായിരിക്കും.

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് സംഘടിത ചില്ലറവ്യാപാരം കുറഞ്ഞ അളവില്‍ മാത്രമുള്ള ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോള്‍ ഇന്ത്യ ആഗോള റീട്ടെയില്‍ ഭീമന്മാരെ സംബന്ധിച്ചിടത്തോളം വറ്റാത്ത ഒരു സ്രോതസായിരിക്കുമെന്ന കാര്യത്തില്‍ അവര്‍ക്കു സംശയമില്ല.

ആഗോള കമ്പോള സാധ്യതകളെ സംബന്ധിച്ചു പഠനം നടത്തുന്ന എ.ടി കീര്‍ണിയെന്ന മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി ലോകത്തെ 30 രാജ്യങ്ങളില്‍ റീട്ടെയില്‍ കച്ചവടത്തിന് ഏറ്റവും സാധ്യതയുള്ള രണ്ടാമത്തെ രാജ്യമായാണ് ഇന്ത്യയെ വിലയിരുത്തിയിട്ടുള്ളത്.

അവരുടെ കണക്കുപ്രകാരം ഇപ്പോള്‍ 500 ബില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള ഇന്ത്യന്‍ റീട്ടെയില്‍ വിപണി 2013 ല്‍ 833 ബില്യണ്‍ ഡോളറും 2018 ല്‍ 1.3 ട്രില്യണ്‍ (1 ട്രില്യണ്‍ =1000 ബില്യണ്‍ അഥവാ ഒരുലക്ഷം കോടി)ഡോളറായും വളരുന്നതാണ്.

വിശാല ജനവിഭാഗങ്ങള്‍ പാപ്പരീകരണത്തിനും വിനാശത്തിനും വിധേയമാകുമെങ്കിലും വിപണിയുടെ വികാസത്തിനു സൗകര്യമായവിധം ഉപരി – മധ്യവര്‍ഗ്ഗങ്ങളുടെ എണ്ണവും അവരുടെ ഉപഭോഗവും വര്‍ദ്ധിക്കുന്നതിലൂടെയാകും ഇതു സംഭവിക്കുക.

സാമ്രാജ്യത്വ മൂലധനത്തിനു ദല്ലാള്‍ പണി ചെയ്യുന്നത് പ്രഥമ ഉത്തരവാദിത്വമായി കരുതുന്ന ഇന്ത്യന്‍ ഭരണകൂടത്തെ സ്വാധീനിച്ച് റീട്ടെയില്‍ വ്യാപാര രംഗത്ത് പ്രവേശനം നേടിയെടുക്കാന്‍ വാള്‍മാര്‍ട്ട്, കാരിഫോര്‍, മെട്രോ, ടെസ്‌കോ, തുടങ്ങിയ ആഗോള റീട്ടെയില്‍ ഭീമന്മാര്‍ മുന്നോട്ടു വന്നിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

രാഷ്ട്രീയ നേതൃത്വത്തെയും ഉന്നത ബ്യൂറോക്രറ്റുകളെയും വരുതിയിലാക്കി ലക്ഷ്യംനേടാന്‍ കൈക്കൂലിയും കമ്മീഷനുമടക്കം ഏതു അവിഹിത ഏര്‍പ്പാടിനും തയ്യാറാകുന്നവയാണ് ഈ റീട്ടെയില്‍ കുത്തകകള്‍. അഴിമതിയെ സംബന്ധിച്ച് ഈയിടെ ഗൂഗിളില്‍ നടത്തിയ അന്വേഷണത്തില്‍ 14 ലക്ഷം സന്ദര്‍ഭങ്ങളിലാണ് വാള്‍മാര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുള്ളത്.

തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തകയെന്ന നിലയില്‍ അഴിമതികളുടെയും അവിഹിത ഇടപെടലുകളുടെയും കാര്യത്തില്‍ മറ്റേതൊരു സ്ഥാപനത്തെയും കടത്തിവെട്ടുന്ന ചരിത്രമാണ് വാള്‍മാര്‍ട്ടിനുള്ളത്. മെക്‌സിക്കോയില്‍ വാള്‍മാര്‍ട്ടുമായി ബന്ധപ്പെട്ട നിരവധി കുംഭകോണങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജിഹ്വയെന്നറിയപ്പെടുന്ന ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് ഈയിടെ റിപ്പോര്‍ട്ടുചെയ്തത്.

തങ്ങള്‍ക്കു താല്പര്യമുള്ള മേഖലകളില്‍ രാജ്യത്തെ തൊഴില്‍ – പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തനാനുമതി കൈക്കലാക്കുന്ന കാര്യത്തില്‍ വാള്‍മാര്‍ട്ടിന്റെ പേര് കുപ്രസിദ്ധമാണ്. അഴിമതിയിലും കുംഭകോണങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മന്‍മോഹന്‍ ഭരണത്തെ സ്വാധീനിക്കാന്‍ ഈ കുത്തകകള്‍ക്ക് പ്രത്യേക വൈദഗ്ധ്യമൊന്നും ആവശ്യമില്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ 53 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മാത്രമായി വാള്‍മാര്‍ട്ടുപോലുള്ള റീട്ടെയില്‍ കുത്തകകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഒരു തമാശ മാത്രമെന്നേ പറയാന്‍ കഴിയൂ.

ബഹുരാഷ്ട്ര ചില്ലറവ്യാപാര മേഖലയിലെ വിദേശമൂലധന നിക്ഷേപത്തോട് വിയോജിപ്പില്ലാത്ത മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലായി കിടക്കുന്ന 18 നഗരങ്ങളില്‍ മാത്രമേ വാള്‍മാര്‍ട്ടു പോലുള്ള കുത്തക കമ്പനികള്‍ കടന്നുവരൂ എന്ന് ചില കേന്ദ്ര മന്ത്രിമാര്‍ പ്രസ്താവനകളിറക്കിയിട്ടുണ്ട്. ഇവയൊന്നും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

എന്നാല്‍ മറ്റുരാജ്യങ്ങളിലെ അനുഭവങ്ങള്‍ കാട്ടുന്നതുപോലെ, ഒരിക്കല്‍ രാജ്യത്തു കാലുകുത്തിയാല്‍ അസംഘടിതചില്ലറ വ്യാപാരമേഖലയെ തുടച്ചുനീക്കിക്കൊണ്ട് അസാധാരണ വേഗതയില്‍ രാജ്യമെങ്ങും സ്വാധീനമുറപ്പിക്കാനുള്ള കഴിവ് ഈ റീട്ടെയില്‍ കുത്തകകള്‍ തെളിയിച്ചിട്ടുണ്ട്.

ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ദേശീയ കമ്പനികള്‍ക്കൊപ്പം പരിഗണന നല്‍കണമെന്ന ലോകവ്യാപാരസംഘടനയുടെ ഉപാധിക്കൊപ്പം പ്രാദേശിക കമ്പനികളുമായുണ്ടാക്കുന്ന സംയുക്ത സംരംഭങ്ങളിലൂടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യഥേഷ്ടം തങ്ങളുടെ ബ്രാന്റുകളെത്തിക്കാന്‍ വാള്‍മാര്‍ട്ടുപോലുള്ള റീട്ടെയില്‍ ഭീമന്മാര്‍ക്കു കഴിയും.

രാജ്യത്തെ കോടതികളും നിയമ നിര്‍മ്മാണ സഭകളുമെല്ലാം ഇക്കാര്യത്തില്‍ നോക്കുകുത്തികള്‍ മാത്രമായിരിക്കും. ചില്ലറവ്യാപാര രംഗത്ത വിദേശ നിക്ഷേപം നടപടിക്രമങ്ങള്‍ പാലിച്ചല്ല കൊണ്ടുവന്നതെന്നു ചൂണ്ടിക്കാട്ടി ഈയിടെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കോടതിയുടെ നിസ്സഹായാവസ്ഥ നമ്മള്‍ കണ്ടതാണ്.

ആ നിലയ്ക്ക് വിദേശ നിക്ഷേപത്തില്‍ നിന്നും തങ്ങളുടെ ചില്ലറവ്യാപാരരംഗം സംരക്ഷിച്ചു നിര്‍ത്താന്‍ സംസ്ഥാന ഗവണ്മന്റുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം മന്‍മോഹന്‍ സര്‍ക്കാരും കോര്‍പ്പറേറ്റ് ചെരുപ്പുനക്കികളും നടത്തിയ പ്രസ്താവന ശുദ്ധ കാപട്യമല്ലാതെ മറ്റൊന്നുമല്ല.

വിഷയത്തോടെടുക്കേണ്ട സമീപനം

സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനത്തെ സംബന്ധിച്ചിടത്തോളം ചില്ലറവ്യാപാര രംഗത്തെ വിദേശ നിക്ഷേപം നവഉദാരീകരണത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണെന്നും ഇതരമേഖലകളിലെ വിദേശ മൂലധന നിക്ഷേപവുമായി അഭേദ്യമായി അതു ബന്ധപ്പെട്ടിരിക്കുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്. ആയതിനാല്‍ സാമ്പത്തിക ഉദാരീകരണത്തെ അംഗീകരിച്ചുകൊണ്ട് ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നുവെന്നു പറയുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.

രണ്ടാം ലോകയുദ്ധാനന്തരമുള്ള പുത്തന്‍ കൊളോണിയലിസം അഥവാ പുത്തന്‍ അധിനിവേശത്തിന്റെയും ഫിനാന്‍സ് മൂലധനത്തിന്റെ സാര്‍വദേശീയവല്‍ക്കരണത്തിന്റെയും അതിന്റെ വര്‍ത്തമാന രൂപമായ നവഉദാരീകരണത്തിന്റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ വിദേശ മൂലധന (F D I) നിക്ഷേപത്തിലൂടെ പുത്തന്‍ അധിനിവേശത്തിനു കീഴ്‌പ്പെട്ട രാജ്യങ്ങളുടെ കാര്‍ഷിക വ്യാവസായിക സേവനമേഖലകളിലേക്കുള്ള ബഹുരാഷ്ട്രക്കുത്തകകളുടെ കടന്നുകയറ്റമാണ്.

ഉല്‍പാദന മേഖലകളെ അപേക്ഷിച്ച് പെട്ടെന്നു ലാഭം കൊയ്യാവുന്ന ഊഹമേഖലകളില്‍ കേന്ദ്രീകരിക്കുകയെന്ന ഫിനാന്‍സ് മൂലധനത്തിന്റെ സ്വഭാവവും ലോക സമ്പദ്ഘടനയിലെ പ്രവണതകളും വ്യക്തമാകുന്നത് ലോകസമ്പദ്ഘടനയുടെ 70 ശതമാനത്തോളും ഉള്‍ക്കൊള്ളുന്ന റീട്ടെയില്‍ വ്യാപാരമടക്കം ഉള്‍പ്പെടുന്ന സേവനമേഖലയിലാണ് ബഹുരാഷ്ട്ര കുത്തകകള്‍ പിടിമുറുക്കിയിരിക്കുന്നു എന്നാണ്.

പകുതിയിലധികം ജനങ്ങള്‍ നിത്യവൃത്തിക്കായി കാര്‍ഷികമേഖലയെ ആശ്രയിക്കുകയും പ്രതിശീര്‍ഷവരുമാനം  വളരെ താഴ്ന്നു നില്‍ക്കുകയും ചെയ്യുന്ന, മഹാഭൂരിപക്ഷം ദരിദ്രര്‍ അധിവസിക്കുന്ന ഒരു പിന്നോക്ക രാജ്യമാണ് ഇന്ത്യയെങ്കിലും കഴിഞ്ഞ ഏതാനും വര്‍ങ്ങളായി ശക്തിപ്പെട്ട ആഗോളീകരണത്തിലൂടെ ലോക സമ്പദ്ഘടനയുമായി ഉദ്ഗ്രഥിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇവിടെയും ദേശീയ വരുമാനത്തിന്റെ 60 ശതമാനവും സേവനമേഖലകളില്‍നിന്നും ഉരുത്തിരിയുന്നതാണ് വര്‍ത്തമാനസ്ഥിതി.

തീര്‍ച്ചയായും സാമ്രാജ്യ കേന്ദ്രങ്ങള്‍ തന്നെ തിട്ടപ്പെടുത്തിയിട്ടുള്ളതു പോലെ അടുത്ത 5 വര്‍ഷംകൊണ്ട് ഒരു ട്രില്യന്‍ ഡോളറിലധികം വിറ്റുവരവുണ്ടാകാന്‍ പോകുന്ന റീട്ടെയില്‍ വ്യാപാരം ഈ സേവനമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.

അതുകൊണ്ടാണ് ധനകാര്യം, ഓഹരി വിപണി, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ ഫണ്ട്, ടൂറിസം, റിയല്‍എസ്റ്റേറ്റ്, വിദ്യാഭ്യാസം തുടങ്ങിയവയില്‍ എന്നതുപോലെ ഇന്ത്യയുടെ റീട്ടെയില്‍ വ്യാപാരവും നിക്ഷേപമേഖലകള്‍ തേടി പരക്കംപായുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഏറ്റവും ആകര്‍ഷകമാകാന്‍ കാരണം.

ഇന്ത്യയിലെ ജനകോടികളുടെ നിലനില്‍പും അതിജീവനവും അസാധ്യമാക്കും വിധം ഇപ്രകാരം മറ്റുമേഖലകള്‍ക്കൊപ്പം ചില്ലറവ്യാപാരമേഖലയും മന്‍മോഹന്‍ സര്‍ക്കാര്‍ വിദേശ മൂലധനത്തിന് അടിയറവെക്കുമ്പോള്‍ യു.പി.എ ഭരണവൃത്തത്തിനുള്ളില്‍ പോലും അതു വിള്ളലുണ്ടാക്കിയിട്ടുണ്ടെങ്കിലും കാണേണ്ടതുപോലെ കണ്ടപ്പോള്‍ ഭിന്നതകള്‍ ഇല്ലാതാകുന്ന കാഴ്ചയാണ് കണ്ടത്.

ലോക്‌സഭയില്‍ ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ പ്രസംഗിക്കുന്ന മുലായവും മായാവതിയും കരുണാനിധിയും മറ്റും നയിക്കുന്ന പാര്‍ട്ടികളെയും വാള്‍മാര്‍ട്ട് മേധാവികള്‍ കാണേണ്ടതുപോലെ കണ്ടിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

അതുകൊണ്ടാണ് ചില്ലറവ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ ബന്ദു നടത്തുകയും പാര്‍ലമെന്റില്‍ പ്രസംഗിക്കുകയും ചെയ്യുമ്പോഴും അതിനെതിരെ ഗവണ്മെന്റിന് ബുദ്ധിമുട്ടുണ്ടാക്കുന്നവിധം വോട്ടു ചെയ്യാതെ ഈ നടപടിയെ അവര്‍ സഹായിച്ചത്.

മന്‍മോഹന്‍സിങ്ങിന്റെ ‘നിക്ഷേപ സൗഹൃദ പരിഷ്‌ക്കാരങ്ങള്‍’ ക്കെതിരെ പ്രതിപക്ഷത്തിരിക്കുന്ന ബി.ജെ.പി ക്കും സി.പി.ഐ.എം നയിക്കുന്ന ഇടതു മുന്നണിക്കുമൊപ്പം യു.പി.എ യില്‍ നിന്നും വിട്ടുവന്ന തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ളവരാണ് വിയോജിപ്പ് കൃത്യമായി രേഖപ്പെടുത്തിയതും യു.പി.എക്കെതിരെ വോട്ടു ചെയ്തതും.

പ്രതിപക്ഷത്തിരിക്കുന്ന സൗകര്യമുപയോഗപ്പെടുത്തി ജനകീയ രോഷം തങ്ങള്‍ക്കനുകൂലമാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഈ സമരങ്ങളെ ഹൈജാക്ക് ചെയ്ത് വാള്‍മാര്‍ട്ടിനും മറ്റും സുഗമമായി കടന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കുകയെന്നതും പാര്‍ലമെന്റിലെ പൊറാട്ടു നാടകത്തിന്റെ ലക്ഷ്യമാണ്.

സി.പി.ഐ.എം ഉള്‍പ്പെടെ ഇവര്‍ക്കാര്‍ക്കും നവഉദാരീകരണത്തോട് മൗലികമായ വിയോജിപ്പില്ലെന്നും നമുക്കറിയാം. ഇവര്‍ എവിടെയൊക്കെ എപ്പോഴൊക്കെ അധികാരത്തില്‍ ഇരുന്നിട്ടുണ്ടോ അപ്പോഴൊക്കെ അളവില്‍ വ്യത്യാസമുണ്ടാകാമെങ്കിലും ഇതേ നയങ്ങള്‍ തന്നെയാണ് നടപ്പാക്കിയതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.

ജീവിതോപാധിക്കുള്ള അടിസ്ഥാന സ്രോതസുകള്‍ വിദേശ റീട്ടെയില്‍ ഭീമന്മാര്‍ക്ക് അടിയറ വെക്കുന്നതിനെതിരെയുള്ള ജനകീയ രോഷം തെരഞ്ഞെടുപ്പു സമയത്ത് തങ്ങള്‍ക്കെതിരെ കൂടി തിരിയുമോ എന്ന ഭയമാണ് ഇപ്പോള്‍ ഇപ്രകാരമൊരു നിലപാടെടുക്കുന്നതിന് ഇവരെ നിര്‍ബന്ധിതരാക്കിയിട്ടുള്ളത്.

വാസ്തവത്തില്‍ ചില്ലറവ്യാപാരരംഗത്തെ വിദേശ നിക്ഷേപം ബഹുരാഷ്ട്രകുത്തകകളുടെ രാജ്യത്തേക്കുള്ള കടന്നുകയറ്റത്തിന് വാതില്‍ മലര്‍ക്കെതുറന്നിടുന്ന നവഉദാരീകരണവുമായി ബന്ധപ്പെട്ടതാണെന്ന അടിസ്ഥാനപ്രശ്‌നം വിസ്മരിച്ച് ഇപ്പോഴിതുമായി ബന്ധപ്പെട്ടുയര്‍ന്നുവരുന്ന ജനകീയരോഷം തങ്ങളുടെ വോട്ടുബാങ്കു ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയെന്ന താല്ക്കാലിക അജണ്ടയാണ് അവരുടേത്.

ഇക്കാര്യങ്ങളിലെല്ലാം സി.പി.ഐ.എം അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ അവഗണിക്കുന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെയാണ്.

ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ കടന്നുകയറ്റത്തില്‍നിന്നും രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാന്‍ ഭരണഘടനാപരമോ നിയമപരമോ ആയി ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യന്‍ ഭരണകൂടത്തിനു കഴിയില്ലെന്ന അടിസ്ഥാനപ്രശ്‌നം തന്നെയാണ് ഇപ്പോള്‍ ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ടും ഉയര്‍ന്നുവന്നിട്ടുള്ളത്.

വിദേശമൂലധനത്തിനു ദാസ്യവേല ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ദല്ലാള്‍ ഭരണകൂടങ്ങളെ പുത്തന്‍ അധിനിവേശ സ്ഥാപനങ്ങളായ ലോകവ്യാപാര സംഘടനയേയും മറ്റും ഉപയോഗിച്ച് ഒബാമ ഭരണകൂടവും മറ്റും കൂടുതല്‍ വരുതിയിലാക്കുന്നതിന്റെ പ്രതിഫലനമാണ് ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിന് അനുകൂലമായ ഇപ്പോഴത്തെ തീരുമാനം.

അതേസമയം, സ്വന്തം രാജ്യങ്ങളിലെ റീട്ടെയില്‍ വ്യാപാരവും കൃഷിയും ആഭ്യന്തരവ്യവസായങ്ങളും ‘ഇരപിടിയന്‍ മൂലധന’ ത്തിന്റെ കടന്നാക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താന്‍ കര്‍ക്കശമായ നിയമങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളുമാണ് സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

മുമ്പു സൂചിപ്പിച്ചതുപോലെ വിദേശകുത്തക മത്സരത്തില്‍നിന്നും കര്‍ഷകരേയും ചെറുകിട സംരംഭകരേയും സംരക്ഷിക്കാന്‍ സബ്‌സിഡികളും ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായ ആന്റിഡമ്പിങ്ങ് (anti-dumping)നിയമങ്ങളും അമേരിക്കയിലും യൂറോപ്പിലും നിലവിലുണ്ട്.

1500 ബില്യണ്‍ ഡോളറിന്റെ പ്രതിവര്‍ഷ വിറ്റുവരവുള്ള റീട്ടെയില്‍ മേഖലയെ സംരക്ഷിക്കാന്‍ മറ്റൊരു സാമ്രാജ്യത്വ രാജ്യമായ ജപ്പാന്‍ ‘വന്‍കിട സ്റ്റോറുകളെ സംബന്ധിച്ച നിയമം’ എന്നപേരില്‍ റീട്ടെയില്‍ കുത്തകകളെ നിയന്ത്രിക്കുന്നതിന് 1973 മുതല്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് വിപുലമായ അധികാരങ്ങളാണ് നല്‍കിയിരിക്കുന്നത്.

ചില്ലറവ്യാപാരരംഗത്തെ അമേരിക്കന്‍ ഭീമന്മാര്‍ ജപ്പാനിലേക്കു കടന്നുകയറാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയ 2007 ല്‍ ജാപ്പനീസ് സമ്പദ്ഘടനയുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി മൂന്നു മുനിസിപ്പല്‍ നിയമങ്ങള്‍ – നഗരാസൂത്രണ നിയമം, വന്‍കിട റീട്ടെയില്‍ കേന്ദ്രനിയമം, നഗരകേന്ദ്രപുനരുജ്ജീവന നിയമം- സര്‍ക്കാര്‍ പാസാക്കുകയുണ്ടായി. സാമ്പത്തിക രംഗത്തെ ഈ തര്‍ക്കങ്ങള്‍ ഈയിടെ ജപ്പാനും അമേരിക്കയും തമ്മിലുള്ള അന്തര്‍സാമ്രാജ്യത്വവൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനു കാരണമായിട്ടുണ്ട്.

അതുമല്ലെങ്കില്‍, ആഗോള വിപണിയിലെ സ്വന്തം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്കയടക്കമുള്ള ഇതര സാമ്രാജ്യത്വ ശക്തികളുമായി മത്സരത്തിലേര്‍പ്പെട്ടിരിക്കുന്ന ചൈനയുടെ കാര്യം തന്നെയെടുക്കുക. ചില്ലറവ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിന്റെ ഇന്ത്യയിലെ വക്താക്കള്‍ അവരുടെ വാദഗതിക്കു സാധൂകരണമായി ചൂണ്ടിക്കാട്ടുന്നത് ഇക്കാര്യത്തിലുള്ള ചൈനയുടെ അനുഭവമാണ്.

കുറഞ്ഞപക്ഷം രണ്ടുകാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയിലെയോ പൂര്‍വ്വേഷ്യയിലെയോ ലാറ്റിനമേരിക്കയിലെയോ ദല്ലാള്‍ ഭരണകൂടങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരു സാമ്രാജ്യത്വ രാജ്യമെന്നനിലയില്‍ സ്വന്തം മൂലധനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിദേശ മൂലധനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നിരവധി അപ്രതിരോധ്യ ‘അദൃശ്യ കടമ്പകള്‍’ ചൈനയിലുണ്ട് എന്നതാണ്.

തന്നിമിത്തം കിഴക്കേഷ്യയിലെ മറ്റുരാജ്യങ്ങളുടെ അനുഭവങ്ങളില്‍നിന്നു വ്യത്യസ്തമായി രണ്ടു ദശാബ്ദക്കാലമായി വാള്‍മാര്‍ട്ടും കാരിഫോറും ചൈനയില്‍ പ്രവര്‍ത്തിച്ചിട്ടും ഈ ദിവസംവരെ ഒരു കുത്തകാധിപത്യവും ഏര്‍പ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.

ഉദാഹരണത്തിന്, തൊഴിലാളികളുടെ കൂലി ഏറ്റവും കുറഞ്ഞ പ്രദേശമെന്ന നിലയില്‍ സാധന വിലകള്‍ ഏറ്റവും കുറവുള്ള ചൈനയിലെ തങ്ങളുടെ 350 സ്റ്റോറുകള്‍ ഉപയോഗിച്ച് ആഗോള റീട്ടെയില്‍ ശൃംഖലക്കാവശ്യമായ 50 ശതമാനത്തിലധികം ഉല്പന്നങ്ങള്‍ വാള്‍മാര്‍ട്ടു മേധാവികള്‍ ചൈനയില്‍നിന്നും സംഭരിക്കുന്നുണ്ടെങ്കിലും ചൈനയുടെ റീട്ടെയില്‍ വിപണിയുടെ കേവലം 5% മാത്രമേ വാള്‍മാര്‍ട്ടിന് അവകാശപ്പെട്ടതായുള്ളു.

നേരേമറിച്ച് ബെയ്‌ലിയന്‍ ഗ്രൂപ്പുപോലുള്ള ചൈനീസ് കുത്തക കമ്പനികളാണ് അവിടുത്തെ വന്‍കിട റീട്ടെയില്‍ ശൃംഖലകള്‍ നിയന്ത്രിക്കുന്നത്.

രണ്ടാമത്, ചൈനയില്‍ നിന്നുതന്നെയുള്ള കോര്‍പ്പറേറ്റ് റീട്ടെയില്‍ ഭീമന്മാര്‍ റീട്ടെയില്‍ മേഖലയില്‍ കുത്തകവല്‍ക്കരണവും സംഘടിതവല്‍ക്കരണവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുറയ്ക്ക് നിത്യവൃത്തി ഇല്ലാതാകുന്ന ദശലക്ഷക്കണക്കിന് ചൈനാക്കാര്‍ നഗരങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും  ചില്ലറവ്യാപാരരംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ എല്ലാ നിഷേധാത്മക പ്രവണതകളും ചൈനയില്‍ പ്രകടമാണെന്നും മനസിലാക്കേണ്ടതുണ്ട്.

വസ്തുത ഇതായിരിക്കെ, ചൈനയും ഇന്ത്യയും വിഭിന്നങ്ങളായ രണ്ടു രാഷ്ട്രീയ വ്യവസ്ഥകളാണെന്നു വ്യക്തമാണല്ലോ. ചൈനീസ് മുതലാളിത്ത താല്‍പര്യങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കുന്ന അവിടുത്തെ ഭരണകൂട കുത്തകമുതലാളിത്തവും സാമ്രാജ്യത്വ മൂലധനത്തിന്റെ ജൂനിയര്‍ പങ്കാളികളും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവില്ലാത്ത ഇന്ത്യയിലെ ദല്ലാള്‍ഭരണവും തമ്മിലുള്ള അന്തരം തിരിച്ചറിയുന്നവര്‍ക്ക് വാള്‍മാര്‍ട്ടിന്റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ പോലെയാവില്ല ഇന്ത്യയിലേതെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല.

അമേരിക്കന്‍ ഭരണകൂടം വണങ്ങാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന മന്‍മോഹന്‍ സിങ് ഭരിക്കുന്ന ഇന്ത്യയിലേക്കു വാള്‍മാര്‍ട്ടു കടന്നുവരുമ്പോള്‍ ഇവിടെ ആവര്‍ത്തിക്കുന്നത് ചൈനീസ് അനുഭവങ്ങളായിരിക്കുകയില്ല. മറിച്ച്, ഇതോടകം കണ്ടതു പോലെ ഏഷ്യന്‍ രാജ്യങ്ങളിലും ലാററിനമേരിക്കയിലും ഉണ്ടായതിനേക്കാള്‍ ഭീദിതമായ ഒരു സാമൂഹ്യ ദുരന്തമായിരിക്കും.

ചില്ലറവ്യാപാരം കൊണ്ടു ജീവിക്കുന്ന 20 കോടിയോളം ഇന്ത്യാക്കാരെ മഹാദുരന്തത്തിലേക്കു തള്ളിവിടുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് സംഭരണ – ഗതാഗത – കയറ്റിറക്കു മേഖലകളിലെല്ലാം ഉണ്ടാകാന്‍പോകുന്ന ബി.ഒ.ടി പദ്ധതികളും പരിപാടികളും ദശലക്ഷക്കണക്കിനു പരമ്പരാഗത തൊഴിലാളികളെയും ജനങ്ങളെയും തൊഴിലിടങ്ങളില്‍ നിന്നുതന്നെ പറിച്ചെറിയുകയും ചെയ്യും.

നഗരവല്‍ക്കരണം ശക്തമാകുകയും റിയല്‍ എസ്റ്റേറ്റ് – ഊഹമേഖലകള്‍ തഴച്ചുവളരുകയും അവയുടെ സൗകര്യാര്‍ത്ഥം കോര്‍പ്പറേറ്റ് കുത്തകകളുടെ നിയന്ത്രണത്തില്‍ ബി.ഒ.ടി അടിസ്ഥനത്തിലുള്ള റോഡ് – റെയില്‍ – വ്യോമ സംവിധാനങ്ങളും പശ്ചാത്തല സൗകര്യങ്ങളുമെല്ലാം പുനഃക്രമീകരിക്കപ്പെടുകയും ജനങ്ങള്‍ വന്‍തോതില്‍ കുടിയൊഴിക്കപ്പെടുകയും നഗരങ്ങളിലെ ചേരികള്‍ വളരുകയും ചെയ്യും.

ആരംഭത്തിലുള്ള ആകര്‍ഷക വിലകള്‍ അപ്രത്യക്ഷമാകുകയും കര്‍ഷകരും ആഭ്യന്തര വ്യവസായികളും റീട്ടെയില്‍ കച്ചവടഭീമന്മാര്‍ക്ക് അവര്‍ നല്‍കുന്ന വിലയ്ക്ക് ഉല്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്ന കരാര്‍പണിക്കാരായി അധഃപതിക്കുന്ന സ്ഥിതിയിലെത്തും.

എല്ലാത്തിനുമുപരി ജീര്‍ണ്ണിക്കുന്ന ഉപഭോഗസംസ്‌കാരത്തില്‍ ജനങ്ങളെ തളച്ചിടുന്ന പ്രക്രിയ ഊര്‍ജിതമാകുകയും ചെയ്യും. ആയതിനാല്‍ എന്തു വിലകൊടുത്തും ചെറുത്തുതോല്‍പിക്കേണ്ട നവഉദാരീകരണ കടന്നാക്രമണമാണ് ചില്ലറ വ്യാപാര രംഗത്തെ വിദേശമൂലധന നിക്ഷേപം. ചില്ലറ വില്‍പനക്കാരുടെ മാത്രം പ്രശ്‌നമായി അതു ചുരുക്കി കണ്ടുകൂടാ.

കേരളത്തിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരം

ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തനതു സവിശേഷതകളാണ് കേരളത്തിനുള്ളത്. കൃഷിയും വ്യവസായവും മുരടിച്ചു നില്‍ക്കുകയും പൊതുവേ ഉപഭോഗ സമൂഹമെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ ഉപജീവനം കഴിക്കുന്നത് ചില്ലറവ്യാപാര രംഗം കൊണ്ടാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവഉദാരീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെന്‍സറും റിലയന്‍സും പോലുള്ള ഇന്ത്യന്‍ കുത്തകകള്‍ വലിയ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമായി ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കേരളത്തിലെ ചില്ലറവ്യാപാരം കുത്തകകളുടെ പിടിയിലായിട്ടില്ല.

ഏകദേശം 10 ലക്ഷത്തോളം കച്ചവടക്കാരും അവരെ നേരിട്ടാശ്രയിക്കുന്ന 50 ലക്ഷത്തോളം ആളുകളും ഈ രംഗം കൊണ്ടാണ് ജീവിക്കുന്നത്. അതോടൊപ്പം ചില്ലറവ്യാപാരമേഖലയിലേക്ക് ഉല്പന്നങ്ങള്‍ പ്രദാനംചെയ്യുന്നവരും ചരക്കുകടത്തുമായി ബന്ധപ്പെട്ടവരുമെല്ലാം കൂടിച്ചേരുമ്പോള്‍ കേരളത്തിലെ മൂന്നിലൊന്നു ജനങ്ങള്‍ ചില്ലറവ്യാപാരവുമായി കെട്ടപ്പെട്ടു ജീവിക്കുന്നവരാണെന്നു കാണാം.

ഉപ്പുതൊട്ടു കര്‍പ്പൂരംവരെ എല്ലാ ഉല്പന്നങ്ങളുടെയും രംഗത്ത് വിദേശ കോര്‍പ്പറേറ്റു കുത്തകകളെ കയറൂരി വിടുകയും കോര്‍പ്പറേറ്റ് വിപണന ശൃംഖലയുടെ കുരുക്കു മുറുകുകയും ചെയ്താല്‍ കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ അതു സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

കേരളത്തിലെ ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുകയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയോടെ എല്ലാം ഭദ്രമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് കാര്യങ്ങളുടെ അടിയൊഴുക്കുകളെ സംബന്ധിച്ച ശരിയായ ധാരണ ഇല്ലാത്തതു കൊണ്ടുമാത്രമാണ്.

ലോകവ്യാപാര സംഘടനയില്‍ നിന്നും ഇന്ത്യ പുറത്തുവരാത്തിടത്തോളം കാലം ഇന്ത്യന്‍ കമ്പനികള്‍ക്ക് കൊടുക്കുന്ന അതേ പരിഗണന ഇവിടെ കടന്നുവരുന്ന ബഹുരാഷ്ട്ര റീട്ടെയില്‍ കുത്തകകള്‍ക്കും നല്‍കാന്‍ ഇന്ത്യാഗവണ്മെന്റ് ബാധ്യസ്ഥമാണ്.

അതിന് മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ഇതിനുള്ള തീരുമാനമെടുക്കുന്നത് ജനീവയിലെ ലോകവ്യാപാര സംഘടനയുടെ തര്‍ക്കപരിഹാര കോടതിയായിരിക്കും. വാസ്തവത്തില്‍ ഇപ്പോള്‍ റിലയന്‍സ് പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ എപ്രകാരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവോ അതേ ലാഘവത്തോടെ  വാള്‍മാര്‍ട്ടിനും കാരിഫോറിനും ടെസ്‌കോയ്ക്കും മറ്റും കടന്നുവരാവുന്നതേയുള്ളു.

അതിനു തടസമായി നില്ക്കുന്ന സംസ്ഥാനത്തെ രാഷ്ട്രീയ ബ്യൂറോക്രറ്റിക് നേതൃത്വത്തെ സ്വാധീനിക്കാനും വരുതിയിലാക്കാനുമുള്ള എല്ലാ സംവിധാനങ്ങളും ഈ കുത്തകകളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഇതിലേറെ ശ്രദ്ധിക്കേണ്ട വസ്തുത വിദേശകുത്തകകള്‍ക്ക് 51% ആയി ഉടമസ്ഥത നിജപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് റിലയന്‍സ്, സ്‌പെന്‍സര്‍, ഭാരതി, ഫ്യൂച്ചര്‍ ഗ്രൂപ്പ് തുടങ്ങിയ ജൂനിയര്‍ പങ്കാളികളുമായി സംയുക്ത സംഭങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടായിരിക്കുമെന്നതാണ്.

അതുവഴി പ്രത്യക്ഷത്തില്‍ കേരളത്തിലേക്കു കടന്നുവരാതെതന്നെ മേല്‍സൂചിപ്പിച്ച ഇന്ത്യന്‍ കുത്തകകളുടെ സ്റ്റോറുകളിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും സ്വന്തം ബ്രാന്റുകള്‍ എത്തിക്കാനുള്ള എല്ലാ സാധ്യതകളും വിദേശ റീട്ടെയില്‍ ഭീമന്മാര്‍ക്കു മുന്നില്‍ ഇപ്പോള്‍ തുറന്നിരിക്കുകയാണ്. നിലവിലുള്ള സാഹചര്യത്തില്‍ ഇതു തടയാനുള്ള ഒരു നിയമ സംവിധാനവും നമ്മുടെ രാജ്യത്തില്ല.

രാഷ്ട്രീയവ്യക്തതയോടെ ചെറുത്തുനില്പ്പിനു തയ്യാറാവുക

സാമ്രാജ്യത്വ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം വിദേശമൂലധനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പ്രഥമപരിഗണന നല്‍കുന്ന ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ റീട്ടെയില്‍ രംഗത്തേക്ക് കടന്നുവരുന്ന വിദേശ മുലധനത്തിനു പരിധി ഏര്‍പ്പെടുത്താമെന്നോ അതുമല്ലെങ്കില്‍ ഭാഗിക നിയന്ത്രണമാകാമെന്നോ ഉള്ള വാദം നിരര്‍ത്ഥകമാണ്.

ഇക്കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി വ്യക്തമാക്കുന്നതുപോലെ, ആഗോളീകരണ അജണ്ടക്കും ലോകവ്യാപാര സംഘടനയുടെ തീട്ടൂരങ്ങള്‍ക്കും വിധേയമായി വിധിപ്രസ്താവങ്ങള്‍ നടക്കുന്നതിനപ്പുറം അന്താരാഷ്ട്ര നിയമങ്ങള്‍ രാജ്യതാല്‍പര്യത്തിന് ഉതകുമോയെന്ന ഒരു പരിശോധനയും നടക്കുന്നില്ല. റീട്ടെയില്‍ രംഗത്ത് വിദേശമൂലധനം പൂര്‍ണ്ണമായും നിരോധിക്കുകയും ഈ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളെ ചവിട്ടിപ്പുറത്താക്കുകയും ചെയ്യുക എന്നതാണ് ശരിയായ മുദ്രാവാക്യം.

വിദേശ കുത്തകകളെ മാത്രമല്ല, അവരോടൊട്ടി നിന്ന് ജനങ്ങളെ കൊള്ള ചെയ്ത് വീണ്ടും തടിച്ചുകൊഴുക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന റിലയന്‍സ് പോലുള്ള ദല്ലാള്‍ കുത്തകകളെയും ആ രംഗത്തുനിന്നു നിഷ്‌കാസനം ചെയ്യുകയും വ്യാപാരരംഗത്ത് ജനകീയ താല്‍പര്യങ്ങള്‍ ഉറപ്പാക്കുന്ന നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരികയും വേണമെന്ന നിലപാടാണ് ഈയവസരത്തില്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വെക്കേണ്ടത്.

അടിയന്തിരമായി വേണ്ടത്  റീട്ടെയില്‍ രംഗത്തു നിന്നും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ അകറ്റി നിര്‍ത്തും വിധത്തില്‍ അധികാരങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കു നല്‍കിക്കൊണ്ടുള്ള നയതീരുമാനങ്ങള്‍ ഉണ്ടാകുകയെന്നതാണ.് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും തനതു സവിശേഷതകള്‍ പരിഗണിച്ചും മന്‍മോഹന്‍ സര്‍ക്കാരിന്റെ ഈ ദേശവിരുദ്ധ നീക്കത്തിനെതിരെ ജനങ്ങളുടെ ദേശവ്യാപക മുന്നേറ്റം വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

രാജ്യത്തെ സമാനമനസ്‌കരായ മുഴുവന്‍ വിഭാഗങ്ങളുമായും ഐക്യപ്പെട്ട് ഈ കടമ ഏറ്റെടുക്കാന്‍ പുരോഗമന ജനാധിപത്യ ശക്തികള്‍ മുന്നോട്ടു വരണം. തീര്‍ച്ചയായും സാമ്രാജ്യത്വ കോര്‍പ്പറേറ്റ് മൂലധന താല്‍പര്യാര്‍ത്ഥം മുകളില്‍നിന്നും അടിച്ചേല്‍പിച്ചിട്ടുള്ള ഇന്നത്തെ നവഉദാരീകരണ നയങ്ങള്‍ക്കെതിരെ ജനകീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ജനാധിപത്യ വികസന പരിപ്രേക്ഷ്യം വളര്‍ത്തിക്കൊണ്ടു വരികയെന്ന രാഷ്ട്രീയ കടമയുമായി ബന്ധപ്പെട്ടതു തന്നെയാണ് വിഷയം.

Advertisement