തുടക്കം വന്നു, ഖലീഫ വന്നു, ബെത്‌ലഹേമും വന്നു; ഇനി കാത്തിരിക്കുന്നത് ഐ ആം ഗെയിമിന്റെ അപ്‌ഡേഷനായി
Malayalam Cinema
തുടക്കം വന്നു, ഖലീഫ വന്നു, ബെത്‌ലഹേമും വന്നു; ഇനി കാത്തിരിക്കുന്നത് ഐ ആം ഗെയിമിന്റെ അപ്‌ഡേഷനായി
അശ്വിന്‍ രാജേന്ദ്രന്‍
Monday, 27th July 2026, 3:45 pm

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാള സിനിമയുടെ അമരക്കാരിലൊരാളായ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ സ്വന്തമായി ഒരു ഐഡിന്റിറ്റി ഉണ്ടാക്കി എടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഹോളിവുഡിലും ടോളിവുഡിലും കോളിവുഡിലും അടക്കം മുന്‍നിര ചിത്രങ്ങളുടെ ഭാഗമാകാനും വലിയ ആരാധക പിന്തുണ നേടിയെടുക്കാനും മലയാളി താരത്തിന് സാധിച്ചിരുന്നു. ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര അടക്കമുള്ള ചിത്രങ്ങള്‍ നിര്‍മിച്ച വേഫെറര്‍ ഫിലിംസിലൂടെ നിര്‍മാണ രംഗത്തും ദുല്‍ഖര്‍ സജീവമാണ്.

കിങ് ഓഫ് കൊത്ത. Photo: IMDB

എന്നാല്‍ 2023ലായിരുന്നു ദുല്‍ഖര്‍ കേന്ദ്രകഥാപാത്രമായി മലയാളത്തില്‍ നിന്നും ഒരു സിനിമ പുറത്തിറങ്ങിയത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ കിങ് ഓഫ് കൊത്തയായിരുന്നു ദുല്‍ഖര്‍ നായകനായ അവസാന മലയാള ചിത്രം. വലിയ ഹൈപ്പിലെത്തിയ ചിത്രം എന്നാല്‍ തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വലിയ ട്രോളുകളായിരുന്നു കിങ് ഓഫ് കൊത്തയ്ക്ക് നേരിടേണ്ടി വന്നത്. പിന്നീട് മൂന്ന് വര്‍ഷത്തോളം അന്യഭാഷകളില്‍ സജീവമായ താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം.

ഖലീഫ. Photo: X.com

ആഗസ്റ്റ് 20ന് ഖലീഫ, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം ഓണം ക്ലാഷ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ അപ്‌ഡേറ്റുകളൊന്നും പുറത്തുവരാത്തതാണ് ഇപ്പോള്‍ ആരാധകരെ നിരാശരാക്കുന്നത്. പൃഥ്വിരാജിന്റെ ചിത്രമായ ഖലീഫയിലെയും നിവിന്‍ പോളി ചിത്രം ബെത്‌ലഹേമിലെയും ഓരോ ഗാനങ്ങള്‍ വീതം പുറത്തുവന്നെങ്കിലും ഐ ആം ഗെയിമിന്റേതായി ഒരു ടീസര്‍ പോലും പുറത്തുവന്നിട്ടില്ല. ആക്ഷന്‍ ചിത്രമാണെന്ന് സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ കുറിച്ചോ ഴോണറിനെ കുറിച്ചോ യാതൊരു അറിവും പ്രേക്ഷകര്‍ക്കില്ല.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

അപ്‌ഡേഷനുകള്‍ പുറത്തുവിടാന്‍ ഇത്രയും വൈകുന്നത് ചിത്രത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പലരും വിലയിരുത്തുന്നത്. മറുവശത്ത് മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന പൃഥ്വരാജിന്റെ വമ്പന്‍ ആക്ഷന്‍ ചിത്രം ഖലീഫയും റോം-കോം ഴോണറില്‍ കരുത്തനായ നിവിന്‍ പോളിയും മത്സരത്തിനെത്തുമ്പോള്‍ ഐ ആം ഗെയിമിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. അതേസമയം അടുത്ത ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Content Highlight: Fans wait for the updates on Dulquer New Movie I’m game

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.