സിനിമാപ്രേമികള്‍ ഇന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് ചിത്രത്തില്‍ ഉണ്ടാകുക. കട്ടിമീശയും കൂളിങ് ഗ്ലാസുമണിഞ്ഞ രംഗന്‍ എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഓവര്‍ ദ ടോപ്പില്‍ നില്‍ക്കുന്ന സിനിമയാകുമോ ആവേശം എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഈ സിനിമ കണ്ട എല്ലാവരും പറയുന്നത് ഞാന്‍ നല്ല ഓവറാണ് എന്നാണ്,’ ഫഹദ് ഫാസില്‍ പറഞ്ഞു.

തനിക്ക് ഒരു സിനിമയില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷം ഏതാണെന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറയുന്നു. എപ്പോഴും സന്തോഷം തോന്നാറുള്ളത് ആ സിനിമ തീര്‍ന്ന് അതിന്റെ അവസാന ഘട്ടത്തില്‍ അത് കാണുമ്പോഴാണ് എന്നാണ് ഫഹദ് പറയുന്നത്.

‘എനിക്ക് ഒരു സിനിമയില്‍ എപ്പോഴും സന്തോഷം തോന്നുന്നത് ആ സിനിമ തീര്‍ന്നു കഴിഞ്ഞ് ഫൈനല്‍ സ്റ്റേജില്‍ അത് കാണുമ്പോഴാണ്. അപ്പോഴാണ് കൂടുതല്‍ സന്തോഷം ഉണ്ടാകുന്നത്. ആ സിനിമ പ്രൊമോട്ട് ചെയ്യുമ്പോള്‍ വലിയ സന്തോഷം ഉണ്ടാകാറില്ല.

ഞാന്‍ പ്രൊമോഷന്‍ ഒരു അവൈര്‍നസ് ആയിട്ട് മാത്രമേ കാണാറുള്ളൂ. എനിക്ക് അത്ര നന്നായി ഒരു സിനിമയെ പ്രൊമോട്ട് ചെയ്യാനും അറിയില്ല. ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന് ആളുകളെ അറിയിക്കാനുള്ള അവൈര്‍നസ് ആയിട്ടേ ഞാന്‍ ഇതിനെ കാണാറുള്ളൂ,’ ഫഹദ് ഫാസില്‍ പറഞ്ഞു.


Content Highlight: Fahadh Faasil Talks About His Performance In Aavesham Movie