മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന ഫഹദിന്റെ ആദ്യചിത്രം വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. ചിത്രത്തില്‍ ഫഹദിന്റെ പ്രകടനവും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. ഏഴ് വര്‍ഷത്തോളം ബ്രേക്കെടുത്ത താരം തിരിച്ചുവരവില്‍ പലരെയും ഞെട്ടിച്ചു.
ആദ്യസിനിമയുടെ പേരില്‍ കളിയാക്കവരെക്കൊണ്ട് കൈയടിപ്പിച്ച ഫഹദ് നിരവധി പുരസ്‌കാരങ്ങളും തന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് സിനിമകളുടെ സഹായമില്ലാതെ പാന്‍ ഇന്ത്യന്‍ റീച്ചും താരം നേടിയെടുത്തിട്ടുണ്ട്. തെലുങ്കില്‍ ഫഹദ് സോളോ ഹീറോയാകുന്ന ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ തിയേറ്ററുകളിലെത്തുകയാണ്.

ആദ്യചിത്രം കൈയെത്തും ദൂരത്ത് ആണെങ്കിലും ഫഹദ് ആദ്യമായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് മറ്റൊരു ചിത്രത്തിലാണ്. മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസിലാണ് ഫഹദ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. ചിത്രത്തിലേക്ക് താനെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. വളരെ യാദൃശ്ചികമായി സംഭവിച്ചതാണ് അതെന്ന് ഫഹദ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആക്‌സിഡന്റലായിട്ടാണ് ആ പടത്തില്‍ ഞാന്‍ വന്നത്. സത്യം പറഞ്ഞാല്‍ എന്തൊക്കെയോ ശബ്ദം കേട്ടിട്ട് വന്ന് കേറിയപ്പോള്‍ ക്യാമറയില്‍ പതിയുകയായിരുന്നു. ഞങ്ങളുടെ വീട്ടിലായിരുന്നു ഷൂട്ട് നടന്നത്. അപ്പോള്‍ എന്തൊക്കെയോ ബഹളമൊക്കെ കേട്ടു. അന്ന് വളരെ ചെറുതായിരുന്നല്ലോ. എന്താണെന്നറിയാനുള്ള ക്യൂരിയോസിറ്റിയില്‍ റൂമിലേക്ക് പോയി.

ഞാന്‍ മാത്രമല്ല, ഞങ്ങളുടെ അപ്പുറത്തെ വീട്ടിലെ പയ്യനൊക്കെ ആ സീനിലുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ആ ഫ്രെയിമില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇപ്പോള്‍ നോക്കിയാല്‍ മനസിലാകും, എന്നെ തട്ടി മാറ്റിയിട്ടാണ് മമ്മൂക്ക നടന്നുപോകുന്നത്. അത്രയേ എനിക്ക് ആ സീനിനെക്കുറിച്ച് ഓര്‍മയുള്ളൂ,’ ഫഹദ് പറഞ്ഞു.
പപ്പയുടെ സ്വന്തം അപ്പൂസ് ഇപ്പോള്‍ കാണുന്നവര്‍ പോലും വെറും സെക്കന്‍ഡുകള്‍ മാത്രം വന്നുപോകുന്ന ഫഹദിനെ ശ്രദ്ധിക്കുന്നുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ക്യാമറക്ക് മുന്നിലെത്തിയ താരം ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ്. പുതിയ ചിത്രമായ ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ വിജയിക്കുമെന്നാണ് കരുതുന്നത്.

നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ നിര്‍മിക്കുന്ന ഫാന്റസി- കോമഡി ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.
Content Highlight: Fahadh Faasil shares how he became a part of Pappayude Swantham Appoos movie
