മികച്ച നടനെന്ന് പേരെടുത്ത് നില്‍ക്കുമ്പോള്‍ സിനിമാനിര്‍മാണ മേഖലയിലും വിജയക്കൊടു പാറിക്കുകയാണ് ഫഹദ് ഫാസില്‍. ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ഫഹദും കൂടി ചേര്‍ന്ന് ആരംഭിച്ച ഭാവന സ്റ്റുഡിയോസ് തൊട്ടതെല്ലാം ഹിറ്റാക്കി മുന്നേറുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ നിര്‍മാതാക്കളും ഭാവന സ്റ്റുഡിയോസാണ്.

ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമകളില്‍ ഫഹദ് എന്തുകൊണ്ട് അഭിനയിക്കുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. നിര്‍മാതാവായതുകൊണ്ട് ഏത് റോള്‍ വേണമെങ്കിലും ചെയ്യാമല്ലോ എന്നും അതിന് മുതിരാത്തത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യത്തിന് ഫഹദ് നല്‍കിയ മറുപടി ശ്രദ്ധേയമായി.

‘ഇതിന്റെ കഥ കേട്ടപ്പോള്‍ അഭിനയിക്കുന്നതിനെക്കാള്‍ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ കുറച്ചധികം ലാഭമുണ്ടാകുമെന്ന് തോന്നി. അതുകൊണ്ടാണ് ക്യാമറക്ക് മുന്നിലേക്ക് എത്താത്തത്. അത് മാത്രമല്ല, ഗിരീഷ് ഈ കഥ ആദ്യം നിവിനോട് പറഞ്ഞല്ലോ, അപ്പോള്‍ നമ്മള്‍ ഈ സിനിമ ആഗ്രഹിക്കുന്നത് ശരിയല്ലല്ലോ. അയാള്‍ ഗംഭീരമായി ചെയ്തു. അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു,’ ഫഹദ് പറയുന്നു.

ഒരുപക്ഷേ, ഫഹദ് ഈ സിനിമ ചെയ്തിരുന്നെങ്കില്‍ തങ്ങള്‍ ബുദ്ധിമുട്ടിലായേനെയെന്ന് ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ശശാങ്ക് യെലേട്ടി പറഞ്ഞു. ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ ഷൂട്ടിനിടയിലാണ് ഫഹദ് ബെത്‌ലഹേം പ്രൊഡ്യൂസ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഒരിക്കലും ഒരു സോണില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളല്ല താനെന്നും വ്യത്യസ്തമായ കഥകള്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഫഹദ് പറയുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം, ട്രാന്‍സ് പോലുള്ള സിനിമകള്‍ വീണ്ടും ചെയ്യണമെന്ന് തോന്നാത്തത് അതുകൊണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ ഡോണ്ട് ട്രബിള്‍ ദി ട്രബിളിലേക്ക് ഞാനെത്തിയ കഥ വ്യത്യസ്തമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഈ പ്രൊജക്ടിലേക്ക് എന്നെ വിളിച്ചപ്പോള്‍ ‘നമുക്ക് ആവേശം തെലുങ്കില്‍ ചെയ്യാം’ എന്നായിരുന്നു പ്രൊഡ്യൂസര്‍ പറഞ്ഞത്. എന്താണ് അദ്ദേഹം അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് മനസിലായില്ല. പക്ഷേ, ഓരോ സിനിമയിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil about why he didn’t do a role in Bethlehem Kudumba Unit