ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. ആദ്യ സിനിമയിലെ പ്രകടനത്തിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്ന ഫഹദ് പിന്നീട് ഏഴുവര്‍ഷത്തോളം ബ്രേക്കെടുക്കുകയായിരുന്നു. കളിയാക്കിയവരെക്കൊണ്ട് കൈയടിപ്പിച്ചാണ് തിരിച്ചുവരവില്‍ ഫഹദ് മോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയത്.

നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം ഫഹദിനെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റ് ഭാഷയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ഫഹദിന് സാധിച്ചു. തെലുങ്കില്‍ ഫഹദ് സോളോ ഹീറോയായി വേഷമിടുന്ന ആദ്യചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന കോളേജ് ഇവന്റില്‍ ഫഹദ് അത്ഭുതത്തോടെ സ്‌റ്റേജിലേക്ക് നോക്കിയിരിക്കുന്ന വീഡിയോ മീം മെറ്റീരിയലായി മാറി. ഇപ്പോഴിതാ ആ മീമിന്റെ പിന്നിലുള്ള കഥ വിവരിക്കുകയാണ് ഫഹദ്. താന്‍ എന്താണ് നോക്കിയിരുന്നതെന്ന് ഇതുവരെ ആര്‍ക്കും അറിയില്ലെന്ന് താരം പറഞ്ഞു. ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ഫഹദ്.

‘സത്യം പറഞ്ഞാല്‍ എന്റെ കണ്ണിന് എന്തോ പ്രത്യേകതയുണ്ടെന്ന് പലരും പറയാറുണ്ട്. എനിക്ക് അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. അന്നത്തെ പരിപാടിയില്‍ ഞാന്‍ ഇരുന്നത് വലിയ മീം മെറ്റീരിയലായി മാറുമെന്ന് കരുതിയില്ല. സ്റ്റേജില്‍ എന്ത് കണ്ടിട്ടാണ് ഞാന്‍ അങ്ങനെ ഇരുന്നതെന്ന് ആര്‍ക്കും അറിയില്ല. ഒരു പെണ്‍കുട്ടി സ്റ്റേജില്‍ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു.

ആവേശത്തിലെ എന്റെ അതേ ഗെറ്റപ്പില്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും വണ്ടറടിച്ചു. കുറച്ച് നേരം അത് നോക്കിയിരുന്നത് ആരോ വീഡിയോ എടുത്തു. അയാള്‍ എന്റെ മുഖത്തേക്ക് ക്യാമറ പാന്‍ ചെയ്തത് മീം മെറ്റീരിയലായി. അങ്ങനെയാകുമെന്ന് ഞാന്‍ ഒട്ടും കരുതിയില്ല. അതിന്റെ മീമുകള്‍ ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്,’ ഫഹദ് പറഞ്ഞു.

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ നാളെ തിയേറ്ററുകളിലെത്തും. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് ചിത്രം നിര്‍മിക്കുന്നത്. സൂരി എന്ന സാധാരണക്കാരന്റെയടുത്തേക്ക് സാറ എന്ന പെണ്‍കുട്ടി വരുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ.

Content Highlight: Fahadh Faasil about the story of his Iconic meme