മേജര്‍ ലീഗ് ക്രിക്കറ്റില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഫാഫ് ഡുപ്ലെസിസ്. ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫ്രാഞ്ചൈസിയായ ടെക്സാസ് സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ ഫാഫ് സെഞ്ച്വറി നേടിയാണ് പുതിയ റെക്കോഡിട്ടത്. ടൂര്‍ണമെന്റില്‍ നാല് സെഞ്ച്വറി നേടുന്ന ആദ്യ താരമായാണ് ഫാഫ് മാറിയത്.
സിയാറ്റില്‍ ഓര്‍ക്കസിനെതിരെയായിരുന്നു താരം സെഞ്ച്വറി നേടിയത്. ടെക്‌സസി ഗ്രാന്‍ഡ് പ്രൈറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 52 പന്തില്‍ പുറത്താവാതെ 113 റണ്‍സാണ് ഫാഫ് നേടിയത്. ഒമ്പത് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
മേജര്‍ ലീഗ് ക്രിക്കറ്റിലെ ഫാഫിന്റെ നാലാം സെഞ്ച്വറിയായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഇത്രയധികം സെഞ്ച്വറി നേടിയ മറ്റൊരു താരവുമില്ലെന്നും എടുത്തുപറയണം.
ഫാഫിന് പുറകില്‍ ഫിന്‍ അലന്‍, ആന്ദ്രേ ഫ്‌ലെച്ചര്‍ എന്നീ താരങ്ങള്‍ മാത്രമാണുള്ളത്. ഇരുവരും രണ്ട് വീതം സെഞ്ച്വറികളാണ് ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയത്.
മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങള്‍, സെഞ്ച്വറികളുടെ എണ്ണം
ഫാഫ് ഡുപ്ലെസി-4
ഫിന്‍ അലന്‍-2
ആന്ദ്രേ ഫ്‌ലെച്ചര്‍-2
ഗ്ലെന്‍ മാക്സ്വെല്‍-1
നിക്കോളാസ് പൂരന്‍-1
റിയാന്‍ റിക്കല്‍ട്ടണ്‍-1
ടിം സൈഫര്‍ട്ട്-1
അതേസമയം മത്സരത്തില്‍ സിയാറ്റില്‍ ഓര്‍ക്കസിനായി ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടിം സൈഫര്‍ട്ടും മൂന്നക്കം കടന്നു. 66 പന്തുകളില്‍ നിന്നും എട്ട് വീതം ഫോറുകളും ആറ് സിക്‌സുകളും അടക്കം 104 റണ്‍സാണ് സൈഫര്‍ട്ട് സ്വന്തമാക്കിയത്. ഷായാന്‍ ജഹാംഗീര്‍ 47 പന്തില്‍ 78 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഫാഫ് ഡുപ്ലെസിയും സംഘവും ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത സിയാറ്റില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സ് ഒമ്പത് പന്തുകളും ആറ് വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.
Content Highlight: Faf du Plessis creates new history in Major League Cricket
