സ്റ്റാലിനെ പിണക്കാന്‍ പറ്റാത്തതുകൊണ്ട് കമല്‍ ഹാസന്‍ ഒഴിവാക്കിയ സിനിമയാണോ പേട്രിയറ്റ്? സത്യാവസ്ഥയെന്ത്?
Malayalam Cinema
സ്റ്റാലിനെ പിണക്കാന്‍ പറ്റാത്തതുകൊണ്ട് കമല്‍ ഹാസന്‍ ഒഴിവാക്കിയ സിനിമയാണോ പേട്രിയറ്റ്? സത്യാവസ്ഥയെന്ത്?
അമര്‍നാഥ് എം.
Wednesday, 6th May 2026, 2:27 pm

മോളിവുഡില്‍ ഈയടുത്ത് വന്ന ഏറ്റവും ഹൈപ്പേറിയ ചിത്രമായിരുന്നു പേട്രിയറ്റ്. ഇന്‍ഡസ്ട്രിയുടെ അഭിമാന താരങ്ങളെല്ലാം അണിനിരന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ മാസ് മസാല ചിത്രം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഇരുവരുടെയും സ്റ്റാര്‍ഡത്തിന് പകരം അവരിലെ ആക്ടിങ് പൊട്ടന്‍ഷ്യലിനെയാണ് സംവിധായകന്‍ പേട്രിയറ്റില്‍ ഉപയോഗിച്ചത്.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചിത്രത്തെക്കുറിച്ച് ഒരു റൂമര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പേട്രിയറ്റ് ആദ്യം തമിഴില്‍ ചെയ്യാനിരുന്ന ചിത്രമെന്നാണ് റൂമറുകള്‍ പറയുന്നത്. തമിഴ് സൂപ്പര്‍താരം കമല്‍ ഹാസന് വേണ്ടി മഹേഷ് നാരായണന്‍ എഴുതിയ സ്‌ക്രിപ്റ്റാണ് പേട്രിയറ്റിന്റേതെന്നും റൂമറില്‍ പറയുന്നു. എന്നാല്‍ പിന്നീട് കമല്‍ ഈ പ്രൊജക്ട് ഒഴിവാക്കിയെന്നും റൂമറിലുണ്ട്.

കമല്‍ ഹാസന്‍ ഈ പ്രൊജക്ട് ഒഴിവാക്കാന്‍ കാരണം സ്‌ക്രിപ്റ്റില്‍ പറയുന്ന തൊട്ടാല്‍ പൊള്ളുന്ന വിഷയം കാരണമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്മെന്റ് സൗജന്യമായി നല്‍കുന്ന ലാപ്‌ടോപ്പില്‍ ഒളിഞ്ഞിരിക്കുന്ന ചതികളെക്കുറിച്ചാണ് പേട്രിയറ്റ് സംസാരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനായി ഗവണ്മെന്റ് ഒരു സ്‌പൈ സോഫ്റ്റ്‌വെയര്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ചിത്രം പറയുന്നു.

എന്നാല്‍ കമല്‍ ഹാസന്‍ ഈ ചിത്രം ചെയ്യാതിരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടാണെന്ന് പലരും അഭിപ്രായപ്പെടുന്നു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കിയിരുന്നു. പേട്രിയറ്റില്‍ കമല്‍ ഹാസന്‍ അഭിനയിച്ചിരുന്നെങ്കില്‍ അത് ഡി.എം.കെക്ക് തിരിച്ചടിയായേക്കുമെന്ന കാരണത്താലാണ് അദ്ദേഹം പിന്മാറിയതെന്നും ആറ്റിപ്രാക്കല്‍ ജിമ്മി എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ പകുതി സത്യവും പകുതി അസത്യവുമാണ്. കമല്‍ ഹാസനും മഹേഷ് നാരായണനും ചേര്‍ന്ന് ഒരു പ്രൊജക്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. വിശ്വരൂപം സീരീസില്‍ എഡിറ്ററായി പ്രവര്‍ത്തിച്ച മഹേഷ് നാരായണന്‍ കേരളത്തിന് പുറത്ത് ശ്രദ്ധിക്കപ്പെട്ടത് സീ യൂ സൂണിന് ശേഷമാണ്. വിക്രമിലൂടെ തിരിച്ചുവന്ന കമല്‍ ഹാസന്‍ മഹേഷ് നാരായണനുമായി ഒരു ചിത്രം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കമല്‍ ഹാസന്റെ തിരക്കഥയില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് നായകനായെത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രൊജക്ട് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പേട്രിയറ്റിന്റെ കഥ മഹേഷ് നാരായണന്‍ ഒരിക്കലും കമല്‍ ഹാസനുമായി പങ്കുവെച്ചിരുന്നില്ല. മലയാളത്തില്‍ ചെയ്യാനുദ്ദേശിച്ച ചിത്രമാണ് പേട്രിയറ്റെന്ന് ഏറെക്കുറെ ഉറപ്പാണ്. സ്റ്റാര്‍ഡത്തിനപ്പുറം കണ്ടന്റിന് പ്രാധാന്യം നല്‍കുന്ന മോളിവുഡില്‍ മാത്രമേ പേട്രിയറ്റ് പോലൊരു ചിത്രം ചെയ്യാനാകുള്ളൂ.

Content Highlight: Fact behind the rumor that Patriot movie was written for Kamal Haasan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം