തിരുവനന്തപുരം: ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറക്കനെന്ന് വിശേഷിപ്പിച്ച മന്ത്രി കെസി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. നടപടി ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ലോയോഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രന്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണിനും കോടിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതി തേടി ഹൈക്കോടതി അഭിഭാഷകനായ ജെ.എസ്. അജിത് കുമാര്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിക്കുമാണ് അപേക്ഷ നല്‍കിയത്.
ജൂലൈ 24നാണ് അറ്റോര്‍ണി ജനറലിനെതിരെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെ കെ.സി ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചത്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശം അജ്ഞതയുടെ തെളിവാണെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെടാത്ത ഒരു കേസില്‍ അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടുവന്ന് കമന്റ് പറയാന്‍ അലക്‌സാണ്ടര്‍ തോമസിന് അവകാശമില്ലെന്നും
കമന്റ് പറഞ്ഞവരുടെ പൂര്‍വ്വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ചായത്തൊട്ടിയില്‍ വീണ് രാജായ കുറുക്കന്‍ അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റപ്പെടുക്കാന്‍ കഴിയുമോ? കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി ആവശ്യമില്ലെന്നുമായിരുന്നു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഹൈക്കോടതിയുടെ സത്യസന്ധതയെ ചോദ്യംചെയ്യുന്നതുമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും ജനങ്ങള്‍ക്കിടയില്‍ ജഡ്്ജിയെയും കോടതിയെയും അവഹേളിക്കുന്നതാണ് നടപടിയെന്നും സ്വതന്ത്ര നീതിനിര്‍വ്വഹണത്തിലുള്ള ബോധപൂര്‍വമായ ഇടപെടലാണ് പരാമര്‍ശങ്ങളെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.
അഡ്വക്കേറ്റ് ജനറലിന്റെ അനുമതിയോടെ മാത്രമേ സാധാരണ കോടതയിലക്ഷ്യ നടപടി ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മന്ത്രിക്കെതിരായാണ് പരാതിയെന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗമായ അഡ്വക്കേറ്റ് ജനറലില്‍നിന്ന് അനുമതി ലഭിക്കില്ലെന്നതിനാലാണ് ചീഫ് ജസ്റ്റിസിന് പരാതിയായി നല്‍കിയിരിക്കുന്നത്.
