മോളിവുഡിനെ സംബന്ധച്ചിടത്തോളം വലിയ ബിസിനസുകള്‍ നടന്ന വര്‍ഷമായിരുന്നു 2026. ഇതില്‍ ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയത് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മെയ് 21ന് തിയേറ്ററുകളിലെത്തിയ ദൃശ്യം 3 ആയിരുന്നു. 2013ല്‍ ആരംഭിച്ച ദൃശ്യം ഫ്രാഞ്ചൈസിയില്‍ നിന്നും മൂന്നാം ഭാഗമായി പുറത്തിറങ്ങിയ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. ആദ്യ ദിനം തന്നെ 42 കോടിയിലധികം നേടിക്കൊണ്ടായിരുന്നു ചിത്രം വരവറിയിച്ചത്.
എമ്പുരാന് ശേഷം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ഡേ കളക്ഷനുമായി റെക്കോഡിട്ട ചിത്രം അതിവേഗം 100 കോടി ക്ലബിലും 200 കോടി ക്ലബിലും സ്ഥാനം നേടിയിരുന്നു. ഇതിനിടയില്‍ ചിത്രം ആദ്യ രണ്ട് ഭാഗങ്ങളോട് നീതി പുലര്‍ത്തിയിരുന്നില്ലെന്നും മൂന്നാം ഭാഗം സീരിയല്‍ ലെവല്‍ മേക്കിങ് ആണെന്നും അഭിപ്രായപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ എന്ന ഹൈപ്പില്‍ പലരും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ടിക്കറ്റെടുക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച്ച ചിത്രം പ്രൈം വീഡിയോ വഴി ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതോടെ തിയേറ്ററില്‍ നിന്നും 240 കോടിയോളം നേടിയ ചിത്രം തന്നെയാണോ ഇത് എന്ന് സംശയം ജനിപ്പിക്കുന്ന വിധത്തിലാണ് ദൃശ്യം 3യ്ക്ക് കിട്ടുന്ന പ്രതികരണം. ചിത്രത്തിലെ പല രംഗങ്ങളെയും കഥാപാത്രങ്ങളെയും കീറിമുറിക്കുന്ന പോസറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
മൂന്നാം ഭാഗത്തിലേക്ക് തിരിച്ചുവന്ന സഹദേവന്റെ കഥാപാത്രത്തെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളാണ് ഇവയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭീകരത തോന്നിപ്പിക്കാന്‍ കണ്ണ് ചുവപ്പിച്ച സഹദേവന് കാര്യമായി ഒന്നും ചിത്രത്തില്‍ ചെയ്യാനില്ലാതെ പോകുകയായിരുന്നു. സഹദേവന്റെ മകളായി പ്രത്യക്ഷപ്പെട്ട വീണയ്ക്ക് ബക്കറ്റ് സ്റ്റാര്‍ എന്ന പേരിട്ട് കൊടുക്കാനും ട്രോളന്മാര്‍ മറന്നില്ല.
ചിത്രത്തിലെ നാടകീയത നിറഞ്ഞ ഡയലോഗുകളും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ അടക്കം പരസ്യം കുത്തികയറ്റിയ രീതിയും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ചിത്രത്തിലെ അവിര എന്ന കഥാപാത്രത്തെ ജീത്തു കൊണ്ടുവന്നതും ടുണീഷ്യന്‍ റഫറന്‍സുമെല്ലാം ട്രോളന്മാര്‍ എടുത്ത് ‘അലക്കിയിരുന്നു’. ആദ്യ രണ്ട് ഭാഗങ്ങളില്‍ സമാധാന പ്രിയനായിരുന്ന സിദ്ദിഖിന്റെ പ്രഭാകര്‍ എന്ന കഥാപാത്രം മൂന്നാം ഭാഗത്തില്‍ റിവെഞ്ച് മോഡ് ഓണാക്കി ചീറ്റിപ്പോയതും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നു.
സാധാരണയായി ഇത്തരത്തില്‍ തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയ ചിത്രങ്ങള്‍ ഒ.ടി.ടിയിലെത്തുമ്പോള്‍ ട്രോള്‍ മെറ്റീരിയലായി മാറുന്നത് അപൂര്‍വമാണ്. സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടും തിയേറ്ററില്‍ നിന്നും ഇത്രയും കളക്ഷന്‍ സ്വന്താമാക്കിയ മോഹന്‍ലാല്‍ എന്ന താരത്തിന്റെ പൊട്ടന്‍ഷ്യല്‍ ഈ സാഹചര്യത്തില്‍ പലരും പ്രശംസിക്കുന്നുണ്ട്.
Content Highlight: Even After Drishyam 3 gets a massive hit from box office film gets trolled after ott release
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.