car inn2

പുതിയതായി അവതരിപ്പിച്ച കണ്‍സെപ്റ്റ് കാറിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. സെറ്റ്‌സുന എന്നു പേരിട്ടിരിക്കുന്ന ഈ കണ്‍സെപ്റ്റ് കാര്‍ സാധാരണ കാറുകളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് . കാരണം ഇതിന്റെ ബോഡി ഏറെക്കുറെ പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത് തടിയിലാണ്. ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയും ആകര്‍ഷണവും ഇതു തന്നെയാണ്. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ സെറ്റ്‌സുനയ്ക്ക് പക്ഷേ റോഡിലിറങ്ങാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

car inn4

രണ്ടു പേര്‍ക്ക് സഞ്ചരിക്കാനാകുന്ന കാറിന് മണിക്കൂറില്‍ 28 മൈലാണ് പരമാവധി വേഗത. അതിനാല്‍ത്തന്നെ റോഡിലെ ഉപയോഗത്തേക്കാളുപരി ആകര്‍ഷണവസ്തുവായി കൊണ്ടു നടക്കാനാണ് ഈ കാറെന്നു വ്യക്തം. അടുത്ത ആഴ്ച നടക്കുന്ന മിലാന്‍ ഡിസൈന്‍ വീക്കില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ടൊയോട്ട. “ഹെയര്‍ലൂം ക്രാഫ്റ്റഡ് ഇന്‍ വുഡ് എന്നാണ് കമ്പനി കാറിനെ വിശേഷിപ്പിക്കുന്നത്.

car inn1
ആണിയും സ്‌ക്രൂവും ഉപയോഗിക്കാതെ ജപ്പാനിലെ പരമ്പരാഗത ഇന്റര്‍ലോക്കിങ് സിസ്റ്റമായ ഒകുയ്‌ററി, കുസാബി എന്നിവ ഉപയോഗിച്ചാണ് ഈ വാഹനത്തിന്റെ പാനലുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ആകെയുള്ള 86 പാനലുകള്‍ അനായാസം എടുത്തുമാറ്റാനും തിരിച്ചുഘടിപ്പിക്കാനും സാധിക്കും.

ഇന്റീരിയറിലും തടിയുടെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. എന്നാല്‍ യാത്രാസുഖം ഉറപ്പാക്കുന്നതിനു തുകലിന്റെ ഫിനിഷിങ് നല്‍കിയിരിക്കുന്നു. വീല്‍ ക്യാപ്പുകള്‍, സീറ്റ് ഫ്രെയ്മുകള്‍, സ്റ്റിയറിങ് വീല്‍ എന്നിവയില്‍ അലൂമിനിയം ഉപയോഗിച്ചിട്ടുണ്ട്. ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന ക്ലോക്കിനും പ്രത്യേകതയുണ്ട്. സമയത്തിനു പുറമെ വര്‍ഷവും ഇതു കാണിക്കുന്നു. നൂറു വര്‍ഷം വരെ ഈ ക്ലോക്കില്‍ കാണാനാകുമെന്ന് കമ്പനി പറയുന്നു. കലണ്ടര്‍ വര്‍ഷത്തിനു പകരം ഉടമയും കാറും തമ്മിലുള്ള ബന്ധമാണ് ഇതു സൂചിപ്പിക്കുക. കാലപഴക്കത്തിനനുസരിച്ച് തടിയുടെ നിറം മാറുന്നു. ഇത് ഉപയോക്താവും കാറും തമ്മിലുള്ള ആത്മബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഇതാണ് പ്രധാനമായും തടി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കമ്പനി പറയുന്നു.

car inn