എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരത്തിന് കോഴിക്കോടിന്റെ ഐക്യദാര്‍ഢ്യം
Daily News
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരത്തിന് കോഴിക്കോടിന്റെ ഐക്യദാര്‍ഢ്യം
ന്യൂസ് ഡെസ്‌ക്
Sunday, 31st January 2016, 8:45 pm

k-ramachandran-inauguration

കോഴിക്കോട്: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കോഴിക്കോട് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

മാറി മാറി വരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ മാത്രം ശബ്ദിക്കുന്ന വിഷയമായി മാറിയിരിക്കുകയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട്ടെ രോഗബാധിതരായ കുട്ടികളും അവരുടെ നിസ്സഹായരായ അമ്മമാരും റിപ്പബ്ലിക് ദിനം മുതല്‍ ആരംഭിച്ച പട്ടിണി സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിനെതിരെ മുഴുവന്‍ മനുഷ്യസ്‌നേഹികളും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

endosulphan-protest

കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കേരളത്തെ നവീകരിക്കാനെന്ന പേരില്‍ നിരവധി യാത്രകള്‍ നടത്തുന്നുണ്ട്. ആ രാഷ്ട്രീയ നേതൃത്വം വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നുവെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും തിരുവനന്തപുരത്ത് വെയിലത്തും പൊടിയിലും പട്ടിണിസമരം നടത്തേണ്ട ഗതികേട് വരില്ലായിരുന്നുവെന്ന് കെ.എ സെയ്ഫുദ്ദീന്‍ പറഞ്ഞു.

യോഗത്തില്‍ ഡോ. ജെ.പ്രസാദ്, ഡോ. അജോയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. അന്‍വര്‍ സാദത്ത് സ്വാഗതവും കെ.പി ലിജുകുമാര്‍ നന്ദിയും പറഞ്ഞു. നിരവധി പേര്‍ പങ്കെടുത്ത പ്രകടനം മിഠായിത്തെരുവ്, പാളയം വഴി കിഡ്‌സണ്‍ കോര്‍ണറില്‍ അവസാനിച്ചു. പ്രകടനത്തിന് നിഖില്‍ കാരാളി, കെ.പി ലിജുകുമാര്‍, റഷീദ് മക്കട, ഷഫീക്ക് താമരശ്ശേരി, രജീഷ് കൊല്ലക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.