കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തില്‍ തൊഴില്‍തേടിയെത്തുന്നവരുടെ സുരക്ഷിതത്വത്തിനു പദ്ധതികളുമായി സംസ്ഥാന സര്ക്കാര്‍. ഇവരെ മലയാളം പഠിപ്പിക്കാനുംആരോഗ്യ സുരക്ഷയ്ക്കുമാണ് പദ്ധതിയൊരുങ്ങുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഭാഷാ പ്രശ്‌നമാണ്. സാക്ഷരതാ മിഷന്‍ മുന്‍കൈയെടുത്ത് ഇവരെ മലയാളം പഠിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ആരംഭിപ്പിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികളുള്ള പെരുമ്പാവൂരിലായിരിക്കും ഈ പദ്ധതിക്ക് തുടക്കമിടുക. പൊലീസും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇതരസംസ്ഥാന തൊഴിലാളികളുമായി ഇടപഴകുമ്പോള്‍ ഭാഷാ പ്രശ്‌നം അഭിമുഖീകരിക്കാറുണ്ട്. ഹിന്ദി പോലും പലര്‍ക്കുമറിയില്ല. തൊഴിലാളികള്‍ ബംഗാളി, ഒറിയ, അസമീസ്, ഹിന്ദി തുടങ്ങിയ ഭാഷകളാണ് സംസാരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ പദ്ധതിയിടുന്നത്.
സംസ്ഥാനത്ത് നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മാതൃകയിലാണ് തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയൊരുക്കുക. കിടത്തി ചികിത്സയ്ക്ക് പതിനഞ്ചായിരം രൂപവരെ ചിലവ് ലഭ്യമാക്കുന്ന തരത്തിലുള്ള പദ്ധതി തൊഴില്‍വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭനടപടികള്‍ക്ക് ഇതിനകം തുടക്കം കുറച്ചു കഴിഞ്ഞു.
ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അഞ്ചുലക്ഷം പേരെയാണ് ഉള്‍പ്പെടുത്തുക. പിന്നീട് മുഴുവന്‍ തൊഴിലാളികളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും.
തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതുള്‍പ്പെടെയുള്ള ഏജന്‍സികളെ ഓപ്പണ്‍ ടെണ്ടറിലൂടെയാണ് നിശ്ചയിക്കുക.
ഏകദേശം 30 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് ഏകദേശം കണക്ക്. ഇതില്‍ 75% കുടിയേറ്റ തൊഴിലാളികളും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പശ്ചിമബംഗാള്‍ (20%), ബിഹാര്‍ (18.10%) അസം (17.28%), ഉത്തര്‍പ്രദേശ് (14.83), ഒഡീഷ (6.67), മറ്റു സംസ്ഥാനക്കാര്‍ 13.13%) എന്നിങ്ങനെയാണ് കണക്ക്.
