കൊച്ചുകള്ളാ പ്രഭേന്ദു, മായാ മാത്യുവിനെ തട്ടി പൂജാ മാത്യുവിനെ വളക്കാന്‍ പോയതാണല്ലേ; വൈറലായി സര്‍വ്വം മായ, ഓം ശാന്തി ഓശാന ക്രോസ്സോവര്‍
Malayalam Cinema
കൊച്ചുകള്ളാ പ്രഭേന്ദു, മായാ മാത്യുവിനെ തട്ടി പൂജാ മാത്യുവിനെ വളക്കാന്‍ പോയതാണല്ലേ; വൈറലായി സര്‍വ്വം മായ, ഓം ശാന്തി ഓശാന ക്രോസ്സോവര്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 2nd February 2026, 3:08 pm

തിയേറ്ററുകളില്‍ 150 കോടിയലധികം നേടി, ഒ.ടി.ടി റിലീസായതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ. നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടും ഡെലൂലു എന്ന യക്ഷിയായെത്തിയ റിയ ഷിബുവും വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്കുള്ള നിവിന്‍ പോളിയുടെ തിരിച്ചുവരവ് കണ്ട ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുക്കിയിരുന്നത്.

ചിത്രത്തില്‍ നമ്പൂതിരി കുടുംബത്തിലെ നിരീശ്വര വാദിയായ നമ്പൂതിരിയായ പ്രഭേന്ദുവായി എത്തുന്ന നിവിന്‍ പോളിയുടെ കഥാപാത്രം ജീവിതം വഴിമുട്ടിയപ്പോള്‍ താത്പര്യമില്ലാതെ പൂജാവിധികള്‍ ചെയ്യാന്‍ ഇറങ്ങിപുറപ്പെടുന്നതും തുടര്‍ന്ന് ഡെലൂലു എന്ന നിരുപദ്രവകാരിയായ യക്ഷി പ്രഭേന്ദുവിനൊപ്പം കൂട്ടുകൂടുന്നതുമാണ് കഥാപശ്ചാത്തലം.

ഓം ശാന്തി ഓശാന. Photo: ramkireviews

യഥാര്‍ത്ഥ ജീവിതത്തില്‍ താനാരായിരുന്നു എന്നുള്ള ഡെലൂലുവിന്റെ അന്വേഷണത്തില്‍ പ്രേക്ഷകരെ സംവിധായകന്‍ കൊണ്ടുചെന്നെത്തിക്കുന്നത് മായ മാത്യു എന്ന പെണ്‍കുട്ടിയിലേക്കാണ്. താന്‍ സ്‌നേഹിക്കുന്ന ചെറുപ്പക്കാരനെ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തും മുമ്പ് അപകടത്തില്‍ പെട്ടാണ് മായ മാത്യു എന്ന ഡെലൂലു കൊല്ലപ്പെടുന്നത്. കാറില്‍ നിന്നും ഫോണില്‍ സംസാരിക്കാനായി ഇറങ്ങവെ ഒരു പിക്കപ്പ് ജീപ്പ് വന്ന് ഇടിക്കുന്നതായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

എന്നാല്‍ നിവിന്‍ പോളി തന്നെ നായകനായ ജൂഡ് ആന്തണി ജോസ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുമായുള്ള ക്രോസ്സ് ഓവര്‍ എഡിറ്റഡ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സര്‍വ്വം മായയില്‍ ഡെലൂലുവിനെ ഇടിച്ചിട്ട അതേ മോഡലിലുള്ള പിക്കപ്പ് തന്നെയാണ് ഓം ശാന്തി ഓശാനയില്‍ നിവിന്‍ ഉപയോഗിക്കുന്നത് എന്നതാണ് ഇത്തരത്തിലൊരു ആശയത്തിന് പിന്നില്‍.

സര്‍വ്വം മായയില്‍ തനിക്കൊരാളെ ഇഷ്ടമുണ്ടെന്ന് മായ മാതാപിതാക്കളോട് പറയുമ്പോള്‍ അയാള്‍ക്ക് താടിയുണ്ടെന്നും, ഹിന്ദുവാണെന്നും, തന്നെക്കാള്‍ പ്രായം കൂടിയ ആളാണെന്നും സൂചന നല്‍കുന്നുണ്ട്. ഇത് മായ സ്‌നേഹിച്ചത് പ്രഭേന്ദുവിനെയാണോ എന്ന സംശയം പ്രേക്ഷകരില്‍ ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിന് വ്യക്തമായ ഒരുത്തരം സംവിധായകന്‍ നല്‍കുന്നില്ല. ഈ വസ്തുത ഏറ്റുപിടിച്ചാണ് സോഷ്യല്‍ മീഡിയ ലോകത്ത് ഒരു പാരലല്‍ വേള്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.

മായയുമായുള്ള ബന്ധത്തില്‍ വലിയ താത്പര്യമില്ലാതിരുന്ന പ്രഭേന്ദു തന്റെ പിക്കപ്പ് ജീപ്പെടുത്ത് മായയെ തട്ടിയതിനുശേഷം ഹാപ്പിയായി നേരെ പോയത് ഡോ. മാത്യുവിന്റെ മകള്‍ പൂജാ മാത്യുവിന്റെ അടുത്തേക്കാണെന്നാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇവരുടെ കാര്‍ വഴിയില്‍ കേടായപ്പോള്‍ ഇതേ പിക്കപ്പ് ജീപ്പിലാണ് നിവിന്‍ പോളിയുടെ കഥാപാത്രം ഗിരി മാധവന്‍, പൂജയുടെ കുടുംബത്തിന് ലിഫ്റ്റ് നല്‍കുന്നത്.

പ്രഭേന്ദുവും ഡെലൂലുവും ചിത്രത്തില്‍. Photo: The Indian express

മികച്ച രീതിയില്‍ എഡിറ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നസ്രിയ അവതരിപ്പിച്ച പൂജാ മാത്യു എന്ന കഥാപാത്രത്തിന്റെയും റിയ ഷിബു അവതരിപ്പിച്ച മായ മാത്യു എന്ന കഥാപാത്രത്തിന്റെയും സ്വഭാവത്തിലെ സാമ്യതകളും പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. ഇരുവരുടെയും കുട്ടിത്തം മാറാത്ത രീതിയിലുള്ള പെരുമാറ്റമാണ് ഇതിന് കാരണം.

Content Highlight: Edited video of crossover between Sarvam Maya and Om Shanthi Oshana movie

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.