ebola01കൊച്ചി: കൊച്ചിയില്‍ എബോള ബാധയുണ്ടെന്ന സംശയത്താല്‍ 22 പേര്‍ കര്‍ശന നിരീക്ഷണത്തില്‍. ആഫ്രിക്കയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയവരുടെ കൂട്ടത്തിലുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹസീന മുഹമ്മദ് പറഞ്ഞു.

ആഫ്രിക്കയില്‍ നിന്നെത്തിയ 152 പേര്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ ശേഷിക്കുന്ന 22 പേര്‍ക്കാണ് ശരീരസ്രവ പരിശോധനയടക്കമുള്ളവ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

പശ്ചിമാഫ്രിക്കയില്‍ 5000ത്തില്‍ അധികം ആളുകളുടെ ജീവനപഹരിച്ച എബോള വൈറസ് ഏഷ്യയിലെത്തിയത് സെപ്റ്റംബറിലാണ്. അന്നുമുതല്‍ ഏഷ്യയില്‍ എബോള വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാപ്പില്‍ കാറ്റഗറി നാലിലായിരുന്നു കേരള തീരവും കൊച്ചിയും. അതീവ ജാഗ്രത വേണ്ട പ്രദേശങ്ങളുടെ കൂട്ടത്തിലായിരുന്നു കേരളം.

ഇതേത്തുടര്‍ന്ന് ആഫ്രിക്കയില്‍ നിന്നും കേരളത്തിലെത്തുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. 512 പേരാണ് ഇത്തരത്തില്‍ നിരീക്ഷത്തിലുണ്ടായിരുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ പരിശോധനകള്‍ക്ക് ശേഷം ഇവരെ പുറത്തിറങ്ങാനനുവദിക്കാതെ വീടിനകത്ത് തന്നെ താമസിപ്പിച്ച് പരിശോധനകള്‍ക്ക് വിധേയരാക്കുകയായിരുന്നു. നൈജീരിയ, ലൈബീരിയ, ഘാന, റുവാണ്ട എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നവരും അതത് രാജ്യങ്ങളിലെ പൗരന്മാരുമായിരുന്നു ഇവരില്‍ ഭൂരിപക്ഷം.

ഒരാഴ്ച മുമ്പ് ഇവരില്‍ 22 പേരൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം യാത്രാനുമതി നല്‍കി. വിദഗ്ധ പരിശോധനയ്ക്കായാണ് ഇവരെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ നടന്ന ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനാല്‍ തങ്ങള്‍ ആത്മവിശ്വാസത്തിലാണെന്നാണ് ഡി.എം.ഒയുടെ പ്രതികരണം.