ദുലീപ് ട്രോഫി ഫൈനലില്‍ തിലക് വര്‍മയുടെ സൗത്ത് സോണിനെ പരാജയപ്പെടുത്തി ഇഷാന്‍ കിഷന്റെ ഈസ്റ്റ് സോണ്‍ ചാമ്പ്യന്‍മാരായിരുന്നു. ചെന്നൈയില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയതിന്റെ പിന്‍ബലത്തിലാണ് ഈസ്റ്റ് സോണ്‍ ചാമ്പ്യന്‍മാരായത്.

ഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണ്‍ 708 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. തുടര്‍ന്ന് ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ സൗത്ത് 336 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 388ന് ഡിക്ലയറും ചെയ്തു. ശേഷം കളി സമനിലയിലെത്തുകയും ഒന്നാം ഇന്നിങ്സിലെ മികച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് വിജയിക്കുകയുമായിരുന്നു. മത്സരത്തില്‍ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഷമിക്ക് സാധിച്ചിരുന്നു.

അതേസമയം നായകന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. 334 പന്തില്‍ 270 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. രണ്ടാം ഇന്നിങ്സിലും ക്യാപ്റ്റന്‍ കിഷന്‍ 80 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയാണ് മടങ്ങിയത്.

ഇതോട പല വമ്പന്‍ നേട്ടങ്ങളും കിഷന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ദുലീപ് ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഈസ്റ്റ് സോണ്‍ താരം, ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് ക്യാപ്റ്റന്‍, ഫൈനലിലെ രണ്ടാമത് മികച്ച സ്‌കോര്‍ തുടങ്ങി ഒട്ടനേകം നേട്ടങ്ങളുമായാണ് ഇഷാന്‍ കിഷന്‍ കിരീടം ഉയര്‍ത്തിയത്.

ഇതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും കിഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2026ലെ ദുലീപ് ട്രോഫിയില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് ക്യാപ്റ്റന്‍ കിഷന്‍ സ്വന്തമാക്കിയത്. മൂന്ന് മത്സരത്തിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 409 റണ്‍സാണ് താരം നേടിയത്. 270 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 102.25 എന്ന ആവറേജുമാണ് കിഷനുള്ളത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.

2026ലെ ദുലീപ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

ഇഷാന്‍ കിഷന്‍ – 409 – 5

തിലക് വര്‍മ – 266 – 3

കുമാര്‍ കുശാഗ്ര – 244 – 5

ഘറാമി – 193 – 5

മത്സരത്തില്‍ സൗത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. അവസാന വിക്കറ്റ് വരെ പിടിച്ചുനിന്ന തിലക് 211 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 99 റണ്‍സ് നേടി പുറത്താകുകയായിരുന്നു. തിലകിന് പുറമെ 104 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 62 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും മികവ് പുലര്‍ത്തി.

Content Highlight: East Zone Captain Ishan Kisha In Great Record Achievement