വളരെ ചെറിയ ചിത്രമെന്ന ലേബലില്‍ തിയേറ്ററുകളില്‍ എത്തി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തെ കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ 280 കോടിയും കടന്ന് വമ്പന്‍ കുതിപ്പ് തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 130 കോടി പിന്നിട്ടതോടെ മോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുകയാണ് ബെത്‌ലഹേം. ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ ഇത് 150 കോടിയും പിന്നിട്ടേക്കാമെന്നാണ് പലരും വിലയിരുത്തുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസായിരുന്നു ചിത്രം നിര്‍മിച്ചത്. ബെത്‌ലഹേമിലെ കേന്ദ്രകഥാപാത്രമായ ജസ്റ്റിന്റെ അനിയന്‍ ജോയല്‍ ബെത്‌ലഹേമിനുള്ളില്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഷോര്‍ട്ട് ഫിലിം ഒരു കോടിയിലധികം പേരായിരുന്നു കണ്ടത്. ചിത്രത്തിന്റെ പ്രധാന പ്രൊമോഷന്‍ ടൂളായി ഇത് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.

ഒട്ടേറെ റെഫറന്‍സുകളാലും സ്പൂഫ് ഡയലോഗുകളാലും സമ്പന്നമായ ഷോര്‍ട്ട് ഫിലിം ആദ്യം തന്നെ സംവിധായകന്റെ പരിഗണനയിലുണ്ടായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗീസ്. ഷോര്‍ട്ട് ഫിലിമില്‍ പ്രൊഡ്യൂസറായും ആകാശ് വേഷമിട്ടിരുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആകാശിന്റെ പ്രതികരണം.

‘സാത്തുക്കുടി പ്രണയം സെപ്പറേറ്റ് ആയി തന്നെ ഇറക്കുമെന്ന് പ്ലാനിലുണ്ടായിരുന്നു. നിവിന്‍ ചേട്ടനായിട്ടുള്ള സാധനമെല്ലാം ആ രീതിയില്‍ തന്നെ നമ്മള്‍ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഷോര്‍ട്ട് ഫിലിമിന് വേണ്ടി വേറെ തന്നെ ലോഗ് മാറ്റിവെച്ചിരുന്നു. ബാക്കി വിനീതും പാര്‍വതിയും കൂടെയുള്ള ഷോട്ടുകളാണ് അല്ലാതെ എടുത്തത്. ഞാനും പ്രൊഡ്യൂസറുടെ റോള്‍ അതില്‍ ചെയ്തിട്ടുണ്ടായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

അങ്ങനെ ഒരു ദിവസം ഞാനും ഗിരീഷും ഇരുന്ന് രാത്രിയോടെ എഡിറ്റ് കംപ്ലീറ്റാക്കി. പിന്നെ ഡബ്ബിങ്ങിനയച്ചു. ശ്യാമേട്ടനും ഫഹദും ആണ് ആദ്യം കാണുന്നത്. എ.ഐ കൊണ്ടുണ്ടാക്കിയ മ്യൂസിക്കും ഡയലോഗും എല്ലാം പെട്ടെന്ന് തന്നെ വൈറലായി. ഗ്ലിക്‌സന്റെ ഡയലോഗും ഇടിവെട്ടിയപ്പോഴുള്ള ഞെട്ടലും എല്ലാം രസമായിരുന്നു. ശരിക്ക് മഴ പെയ്തപ്പോള്‍ റോഷന്‍ കയറിപ്പോയതാണ്. പിന്നെ ഇടിയുടെ സൗണ്ട് ഇട്ടുകൊടുത്തു,’ ആകാശ് പറഞ്ഞു.

Content Highlight: Editor Akash Joseph Varghese talks about Sathukudi Pranayam Short Film