ഓണക്കാലത്ത് തിയേറ്ററുകളിലെത്തി 20 ദിവസങ്ങള്‍ക്കിപ്പുറം ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ദിനം മുതല്‍ തന്നെ പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ച ചിത്രം ദിനംപ്രതി മികച്ച കളക്ഷനുമായി മുന്നേറിയതോടെ വലിയ കളക്ഷനായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. സെപ്റ്റംബര്‍ നാല് മുതല്‍ ചിത്രത്തിന്റെ തെലുങ്ക് തമിഴ് വേര്‍ഷനും റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ നിവിന്റെയും മമിതയുടെയും അസാധ്യ കെമിസ്ട്രിയായിരുന്നു തിയേറ്ററുകളില്‍ വര്‍ക്കായത്. നിവിന്റെ സ്‌ട്രോങ് ടെറിട്ടറിയായ റോം-കോം ഴോണറില്‍ താരം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഇറങ്ങിയത് മലയാള സിനിമയുടെ 90’s കാലഘട്ടത്തില്‍ ആയിരുന്നെങ്കില്‍ ആരെല്ലാമായിരിക്കും ചിത്രത്തിലെ കാസ്റ്റ് എന്ന കൗതുകകരമായ എ.ഐ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District
ഏവരും ആഗ്രഹിച്ച പോലെ തന്നെ നിവിന്‍ പോളിയ്ക്ക് പകരം ജസ്റ്റിനായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ആണ്. ജസ്റ്റിന്റെ നിഷ്‌കളങ്കതയും പ്രണയവും മോഹന്‍ലാലിന്റെ പ്രതാപകാലത്തെ പോലെ മറ്റാര്‍ക്കും പ്രകടിപ്പിക്കാന്‍ സാധിക്കില്ലെന്നതാണ് ഈ കാസ്റ്റിന്റെ പ്രധാന കാരണം. അതേസമയം മമിതയ്ക്ക് പകരം വീഡിയോയില്‍ ആനിയെയാണ് എ.ഐ ഉപയോഗിച്ച് കാസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പകരം ലിസ്സിയോ പാര്‍വതിയോ ആയിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന കമന്റുകളും വീഡിയോക്ക് താഴെ കാണാം.
ചിത്രത്തിലെ മറ്റ് കാസ്റ്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ കൈയടി ലഭിക്കുന്നത്. ഏവരെയും പൊട്ടിച്ചിരിപ്പിച്ച റോഷന്‍ ഷാനവാസ് അവതരിപ്പിച്ച പൂവാലന്‍ കഥാപാത്രമായ ഗ്ലിക്‌സണ് പകരം അശോകനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അന്നത്തെ കാലഘട്ടത്തില്‍ പൂവാലനായി ഇതിലും നല്ല ഓപ്ഷന്‍ മറ്റൊന്ന് ഇല്ലായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.

AI Photos. Photos: Sreehari/ X.com
ഹിറ്റായി മാറിയ സുരേഷ് കൃഷ്ണയുടെ ബൈജു ചേട്ടന്റെ റോളിലേക്ക് മലയാളത്തിലെ അതുല്യ നടന്‍ നെടുമുടി വേണുവിനെയും കാസ്റ്റ് ചെയ്തിട്ടുണ്ട്. ഏത് റോളും വഴങ്ങുന്ന താരം ഈ റോളും പുഷ്പം പോലെ കൈകാര്യം ചെയ്‌തേനെ എന്ന് പലരും അഭിപ്രായപ്പെടുന്നു. സംഗീത് പ്രതാപ് അവതരിപ്പിച്ച ജസ്റ്റിന്റെ അനിയന്‍ ജോയലായി ദിലീപാണ് എ.ഐയുടെ തെരഞ്ഞെടുപ്പെന്നും കാണാം. ആഷ്‌ലിയുടെ മാമനായ അലക്‌സായി മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസനും എത്തുന്നു. ബെത്‌ലഹേമില്‍ വിനയ് ഫോര്‍ട്ടായിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചത്.
Content Highlight: AI Cast of Bethlehem Kudumba Unit movie in Malayalam Cinema 90’s
