ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ തിയേറ്ററുകള്‍ ഇളക്കി മറിച്ച് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ബെത്‌ലഹേം കുടുംബയൂണിറ്റ്. ഓണത്തിന്റേയും വെക്കേഷന്റേയും ആവശേങ്ങള്‍ അടങ്ങിയെങ്കിലും തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

വളരെ ലളിതമായ ഒരു പ്രണയ കഥയെ ഗിരീഷ് എ.ഡി സ്റ്റൈലില്‍ പ്രേക്ഷകന് മുന്നില്‍ എത്തിച്ചപ്പോള്‍ പ്രേമലുവിന് പിന്നാലെ 200 കോടി കടന്ന മറ്റൊരു ഗിരീഷ് എ.ഡി ചിത്രമായി ബി.കെ.യു മാറി.

ചിത്രത്തിലെ ഓരോ താരങ്ങളുടേയും പ്രകടനം കയ്യടി നേടുമ്പോഴും ഗ്ലിക്‌സണ്‍ എന്ന കഥാപാത്രമായി എത്തിയ റോഷന്റെ പ്രകടനത്തിന് പ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് തന്നെ നല്‍കി. ആഷ്‌ലിയോടുള്ള പ്രണയം മനസില്‍ സൂക്ഷിച്ച് ഒടുവില്‍ ഹാര്‍ട്ട് ബ്രേക്ക് നേരിടേണ്ടി വന്ന ഗ്ലിക്‌സണ്‍ സിനിമയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു.

സിനിമയില്‍ ഗ്ലിക്‌സണ്‍ എത്തിയ ഓരോ സീനിലും പ്രക്ഷേകര്‍ കയ്യെടിച്ചെന്ന് പറയാം. ബി.കെ.യുവിലെ രസകരമായ ചില രംഗങ്ങളെ കുറിച്ചും അതിന് പിന്നിലെ കഥകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍. ചില ഡയലോഗുകളൊക്കെ കയ്യില്‍ നിന്ന് ഇടാന്‍ ഇഷ്ടമാണെങ്കിലും ബെത്‌ലഹേമില്‍ അത് അധികം വേണ്ടി വന്നിട്ടില്ലെന്ന് റോഷന്‍ പറയുന്നു.

റോഷന്‍ photo: Club FM

‘സിനിമയില്‍ ഡയലോഗ് കയ്യില്‍ നിന്നിടാനൊക്കെ ഇഷ്ടമാണ്. പക്ഷേ നമ്മള്‍ക്ക് പേടിയാണ്. ആവേശത്തിന്റെ സമയത്ത് ജിത്തു ചേട്ടനുമായി അത്രയും കംഫര്‍ട്ട് ആയതുകൊണ്ട് ആവേശത്തില്‍ ആ രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റി. ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ പടങ്ങളിലും സംവിധായകര്‍ ഭയങ്കര ചില്‍ ആയിരുന്നു.

ബെത്‌ലഹേം കുടുംബയൂണിറ്റിലെ രംഗം photo: Bhavana Studios/Scren Grab

പിന്നെ ഒരുപാട് നമുക്ക് അങ്ങനെ കയ്യില്‍ നിന്ന് ഇടാനും പറ്റില്ല. ബെത്‌ലഹേം കുടുംബയൂണിറ്റില്‍ ഞാന്‍ കുറച്ചുകൂടി കെയര്‍ഫുള്ളായിട്ടാണ് ഓരോന്ന് ചെയ്തത്. കാരണം ഞാന്‍ ഗിരീഷേട്ടനുമായി ആദ്യമായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. നമ്മള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട്, ഇവന്‍ എന്ത് ബോറാണ് പറയുന്നത് എന്ന് തോന്നരുതല്ലോ, അത് പേടിച്ച് ഒന്നും പറഞ്ഞില്ല.

പിന്നെ അതിലെ ഒരു സീനുണ്ടല്ലോ ആഷ്‌ലിയോട് ഓള്‍ ദി ബെസ്റ്റ് പറഞ്ഞ ശേഷം ഓടുന്നത്. ഗിരീഷേട്ടന്‍ പറഞ്ഞത് ഓള്‍ ദി ബെസ്റ്റ് പറഞ്ഞ് അങ്ങ് ഓടിക്കോ എന്നായിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ കുറച്ച് പേര്‍ അവിടെ കുന്തമൊക്കെ പിടിച്ച് നില്‍ക്കുന്നുണ്ട്. ബാലെ സംഘം.

അപ്പോള്‍ ഞാന്‍ ഗിരീഷേട്ടനോട് ചോദിച്ചു, ചേട്ടാ ഓടിയിട്ട് ഇവരുടെ ഇടയിലേക്ക് അങ്ങ് ഇടിച്ചുകയറിയാലോ എന്ന്. അത് ഓക്കെയാണെന്ന് പുള്ളി പറഞ്ഞു. അവര്‍ കുന്തമൊക്കെയായിട്ടാണല്ലോ നില്‍ക്കുന്നത്. അങ്ങനെ ചെയ്തു നോക്കിയതാണ് അത്. അത് ഭയങ്കര ഫണ്‍ ആയി. ചെയ്തുകഴിഞ്ഞപ്പോള്‍ ഗിരീഷേട്ടന്‍ പറഞ്ഞു, അത് ഭയങ്കര രസമായി എന്ന്. അങ്ങനെ ചെയ്തതാണ് ആ സീന്‍.

ബെത്‌ലഹേം കുടുംബയൂണിറ്റിലെ രംഗം photo: Bhavana Studios/Scren Grab

പിന്നെ ആഷ്‌ലി ഗിറ്റാര്‍ വായിക്കുമ്പോള്‍ അവിടേക്ക് നടന്നു ചെല്ലുന്നു എന്നും കസേരയെടുത്ത് നടുവില്‍ ഇട്ട് ഇരിക്കുന്നു എന്നൊക്കെ സ്‌ക്രിപ്റ്റില്‍ അങ്ങനെ തന്നെ എഴുതിയിട്ടുണ്ട്. ആ സീനിലെ മുഖത്തെ ഭാവമൊക്കെ അപ്പോള്‍ വന്നുപോയതാണ്.

പിന്നെ ബസില്‍ കയറിയ ശേഷം ആഷ്‌ലിയോട് തലയെ ഇഷ്ടമാണോ എന്ന് ചോദിക്കുന്ന സീന്‍. ആ സീന്‍ എടുക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇത് പറഞ്ഞ് ചിരിക്കുകയായിരുന്നു. ഞങ്ങള്‍ ആദ്യമായിട്ട് ഒന്നിച്ച് അഭിനയിക്കുകയാണ്. ഇത് വായിച്ചിട്ട് ഞങ്ങള്‍ക്ക് തന്നെ ചിരിവന്നു. അതൊക്കെ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നു. നമ്മള്‍ കൈയില്‍ നിന്ന് ഇടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല,’ റോഷന്‍ പറഞ്ഞു.

ഗ്ലിക്‌സന്റെ ക്യാരക്ടര്‍ ഇത്രയൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും എനിക്ക് അറിയില്ലായിരുന്നു. ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നത് കേട്ടപ്പോഴാണ് മനസിലായത്. ആവേശത്തിലും അങ്ങനെ തന്നെയായിരുന്നു. അത് ഒരു തരത്തില്‍ വലിയ ഭാഗ്യമാണ്. അങ്ങനെ ഒരു പടത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതും നന്നായി ചെയ്യാന്‍ കഴിയുന്നതുമൊക്കെ,’ റോഷന്‍ പറഞ്ഞു.

Content Highlight: Actor Roshan about his Character on Bethlahem Kudumba Unit