തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയാണെന്ന് ഡി.വൈ.എഫ്.ഐ.

ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണ് കോടതി വിധിയെന്നും ബാബറി മസ്ജിദ് തകര്‍ത്ത കേസ്
അട്ടിമറിച്ചതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടു നിന്നത് കോണ്‍ഗ്രസ്സാണെന്നും ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും മാപ്പില്ല എന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് ബാബറി മസ്ജിദ് വിധി എന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ പ്രതികരിച്ചിരുന്നു. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണംകെട്ടതാണെന്നാണ് യെച്ചൂരി പറഞ്ഞത്.

”നീതിയുടെ സമ്പൂര്‍ണ്ണ ചതി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ  ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ?ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സി.ജെ.ഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി!നാണക്കേട്” അദ്ദേഹം ട്വിറ്ററില്‍ എഴുതി.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തെ പ്രശാന്ത് ഭൂഷനും രംഗത്തെത്തിയിരുന്നു.

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

Content Highlights:  DYFI On Babri Masjid Verdict, criticized  Congress and BJP