ചെന്നൈ: ഐ.പി.എല്ലില്‍ രണ്ട് വര്‍ഷത്തിനുശേഷം തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരിക്കല്‍ കൂടി ഫൈനലിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ടീമംഗങ്ങള്‍. ഇന്നലെ തോല്‍വി മുന്നില്‍ക്കണ്ട മത്സരത്തില്‍ നിന്ന് ഫാഫ് ഡുപ്ലെസിസിന്റെ അവസരോചിത ബാറ്റിംഗാണ് ചെന്നൈയ്ക്ക് വിജയവും ഫൈനല്‍ ടിക്കറ്റും ഉറപ്പിച്ചത്.
ടീമിന്റെ വിജയത്തിനുശേഷം ചെന്നൈ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ നായകന്‍ ധോണിക്ക് മുന്‍പില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഡ്രെസിംഗ് റൂമിലെ വീഡിയോ ടീമിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ടീമിനെ ഫൈനലിലെത്തിച്ച നായകന് ആദരവര്‍പ്പിക്കുന്ന ടീമംഗങ്ങള്‍ എന്ന ടാഗ് ലൈനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ധോണിയുടെ മുന്നില്‍ നിന്നുകൊണ്ടാണ് കരീബിയന്‍ താരത്തിന്റെ ഡാന്‍സ്. ഹര്‍ഭജനും ബ്രാവോക്കൊപ്പം ചുവടുവെക്കുന്നുണ്ട്. ഡാന്‍സ് കണ്ട് ധോണി ചിരിക്കുന്നതും വീഡിയോയിലുണ്ട്.
നേരത്തെ യൂസുഫ് പത്താന്റെ ക്യാച്ച് നേടിയപ്പോള്‍ ഗ്രൗണ്ടിലും ബ്രാവോയുടെ ഡാന്‍സ് പ്രകടനമുണ്ടായിരുന്നു.
ഐ.പി.എല്‍ പതിനൊന്നാം സീസണിലെ ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെതിരെ തറപറ്റിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്. 140 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് ആദ്യം പിഴച്ചെങ്കിലും ഫാഫ് ഡുപ്ലെസിയുടെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ അനായാസ ജയമൊരുക്കുകയായിരുന്നു.
3 ഓവറില്‍ 43 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈ 5 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 2 വിക്കറ്റ് ജയം നേടിയത്.
വീണ്ടുമൊരു കരുത്തുറ്റ ബൗളിംഗ് പ്രകടനവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ പിടിമുറുക്കിയെങ്കിലും അവസാന മൂന്നോവറില്‍ കൈവിട്ട മത്സരം ചെന്നൈ തിരിച്ചുപിടിക്കുകയായിരുന്നു. 140 റണ്‍സ് ഡിഫെന്‍ഡ് ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വിജയം ഉറപ്പാക്കി ഫൈനലില്‍ കടക്കുകയെന്ന സണ്‍റൈസേഴ്സിന്റെ ലക്ഷ്യത്തെ ചെന്നൈയുടെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇല്ലാതാക്കിയത്.

ഫാഫ് ഡു പ്ലെസിയുടെ ഇന്നിംഗ്സിനു മികച്ച പിന്തുണയാണ് 5 പന്തില്‍ നിന്ന് 15 റണ്‍സാണ് ശ്രാദ്ധുല്‍ താക്കൂര്‍ നല്‍കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ചെയ്ത് ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ചെന്നൈ ബൗളിങ്ങ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ 29 പന്തില്‍ 43 റണ്‍സെടുത്ത ബ്രാത് വെയ്റ്റാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ ഹൈദരാബാദിനെ ഏഴാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ചാണ് ബ്രാത് വെയ്റ്റ് 139 റണ്‍സിലെത്തിച്ചത്.

സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് മികച്ച ഫോമിലുള്ള ധവാനെ നഷ്ടമായ ഹൈദരാബാദിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. ഗോസാമി (9 പന്തില്‍ 12), വില്ല്യംസണ്‍ (15 പന്തില്‍ 24), മനീഷ് പാണ്ഡെ (16 പന്തില്‍ 8), ഷക്കീബ് അല്‍ ഹസന്‍ (10 പന്തില്‍ 12) എന്നിവര്‍ പെട്ടെന്ന് മടങ്ങി. യൂസഫ് പത്താന്‍ 20 പന്തില്‍ 24 റണ്‍സ് നേടി പുറത്തായി. ചെന്നൈയ്ക്കായി ബ്രാവോ രണ്ട് വിക്കറ്റ് വീഴ്ത്തി. ചഹാര്‍, എന്‍ഗിഡി, താക്കൂര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
