ലുക്ക് കൊണ്ട് ഓക്കെയായിരുന്നു, മിസ്സാക്കിയല്ലോ കുഞ്ഞിക്കാ, തല്ലുമാല ദുല്‍ഖര്‍ ചെയ്തിരുന്നെങ്കിലുള്ള എ.ഐ ചിത്രങ്ങള്‍ വൈറല്‍
Malayalam Cinema
ലുക്ക് കൊണ്ട് ഓക്കെയായിരുന്നു, മിസ്സാക്കിയല്ലോ കുഞ്ഞിക്കാ, തല്ലുമാല ദുല്‍ഖര്‍ ചെയ്തിരുന്നെങ്കിലുള്ള എ.ഐ ചിത്രങ്ങള്‍ വൈറല്‍
അമര്‍നാഥ് എം.
Monday, 16th February 2026, 5:30 pm

മലയാളത്തില്‍ ട്രെന്‍ഡ്‌സെറ്ററായി മാറിയ ചിത്രമായിരുന്നു തല്ലുമാല. മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയില്‍ ഖാലിദ് റഹ്‌മാന്‍ അണിയിച്ചൊരുക്കിയ ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ ട്രെന്‍ഡ് കൊണ്ടുവന്നു. മലബാറിലെ ഒരുകൂട്ടം യുവാക്കളുടെ സൗഹൃദവും അവരുടെ തമ്മില്‍തല്ലുമെല്ലാം കാണിച്ച ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയമായി മാറി.

ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് തല്ലുമാല. എന്നാല്‍ കഴിഞ്ഞദിവസം ചിത്രത്തെക്കുറിച്ച് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രത്തിന്റെ കഥ ആദ്യം ദുല്‍ഖറിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ താരത്തിന് കഥ ഇഷ്ടമായില്ലെന്നുമായിരുന്നു സന്തോഷ് കുരുവിള പറഞ്ഞത്.

ദുല്‍ഖര്‍ ഒഴിവാക്കിയതോടെ സന്തോഷ് നിര്‍മാണത്തില്‍ നിന്ന് പിന്മാറുകയും ആഷിഖ് ഉസ്മാന്‍ നിര്‍മാണ ചുമതല ഏറ്റെടുക്കുകയുമായിരുന്നു. നായകനായ മണവാളന്‍ വസീം ടൊവിനോ ഗംഭീരമാക്കി. എന്നാല്‍ സന്തോഷ് കുരുവിളയുടെ അഭിമുഖം വൈറലായതോടെ ചിലര്‍ ദുല്‍ഖറിനെ വസീമാക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെക്കുകയാണ്.

എ.ഐ ഉപയോഗിച്ച് ടൊവിനോക്ക് പകരം ദുല്‍ഖറിനെ തല്ലുമാലയില്‍ നായകനാക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ ഇതിനോടകം വൈറലായി. ടൊവിനോയെപ്പോലെ ദുല്‍ഖറിനും മണവാളന്‍ വസീമിന്റെ ലുക്ക് നന്നായി ചേരുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ദുല്‍ഖറില്‍ നിന്ന് ഇത്തരം ട്രെന്‍ഡ്‌സെറ്റര്‍ സിനിമകളാണ് പ്രതീക്ഷിക്കുന്നതെന്നും ചിലര്‍ പോസ്റ്റില്‍ കുറിച്ചു.

ദുല്‍ഖറിനെ തല്ലുമാലയില്‍ നായകനാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ Photo: David K /Facebook

ദുല്‍ഖറിന്റെ കരിയറിലെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു തല്ലുമാലയെന്നും താരത്തിന്റെ സ്റ്റാര്‍ഡം ഉയര്‍ത്താന്‍ തല്ലുമാല സഹായിച്ചേനെയെന്നും കമന്റുകളുണ്ട്. ദുല്‍ഖര്‍ ചെയ്തിരുന്നെങ്കില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മിനിമം 50 കോടിയെങ്കിലും തല്ലുമാല സ്വന്തമാക്കിയേനെയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ദുല്‍ഖറിന് പകരം ടൊവിനോ അത് ഗംഭീരമാക്കിയെന്നും കമന്റുകളുണ്ട്.

‘ഇതിന്റെ കഥ വായിച്ച് ഒന്നുമില്ലെന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല, ഒന്നുമില്ലാത്ത കഥയെ മേക്കിങ് കൊണ്ട് വേറെ ലെവലാക്കിയത് ഖാലിദ് റഹ്‌മാനാണ്’, ‘ദുല്‍ഖറിന്റേത് നല്ല തീരുമാനമാണ്. ഇതിന്റെ കഥ ആദ്യം വായിക്കുമ്പോള്‍ ആര്‍ക്കായാലും കണ്‍ഫ്യൂഷനുണ്ടാകും. ഖാലിദിന്റെ മേക്കിങ്ങും നിഷാദിന്റെ എഡിറ്റിങ്ങുമാണ് ചിത്രത്തിന്റെ ക്വാളിറ്റി ഉയര്‍ത്തിയത്’ എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍.

തല്ലുമാല Photo: David K / Facebook

കേരളത്തിന് പുറത്ത് ഒരുപാട് ചര്‍ച്ചയായ ചിത്രമായിരുന്നു തല്ലുമാല. ലോകേഷ് കനകരാജ് പോലും ചിത്രം കണ്ട് പ്രശംസിച്ചു. ചിത്രത്തിലെ ഫൈറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അന്യഭാഷയിലും പല ഫൈറ്റ് സീനുകള്‍ വന്നിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിയിലേറെ തല്ലുമാല സ്വന്തമാക്കി.

Content Highlight: Dulquer Salmaan’s AI photo in Thallumaala movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം