ദൃശ്യം 3ക്ക് വേണ്ടി 1,20000 രൂപയുടെ വാഴയാണ് ഇവിടെ വെച്ചത്; അനുഭവം പങ്കുവെച്ച് ദൃശ്യം വീടിന്റ ഉടമ
Malayalam Cinema
ദൃശ്യം 3ക്ക് വേണ്ടി 1,20000 രൂപയുടെ വാഴയാണ് ഇവിടെ വെച്ചത്; അനുഭവം പങ്കുവെച്ച് ദൃശ്യം വീടിന്റ ഉടമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th May 2026, 7:09 pm

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ത്രില്ലറുകളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013 ഇൽ പുറത്തിറങ്ങിയ ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒ.ടി.ടിയിൽ വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന്റെ ട്രൈലെർ പുറത്തുവരുമ്പോൾ മറ്റൊരു സസ്പെൻസ്‌ ത്രില്ലറാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ദൃശ്യം സിനിമയോളം തന്നെ പ്രശസ്തമാണ് ചിത്രത്തിലെ ജോർജ് കുട്ടിയുടെ വീടും. ദൃശ്യം 3 തിയേറ്റർ റിലീസിന് ഒരുങ്ങുമ്പോൾ ജോർജ് കുട്ടിയുടെ ജീവിതത്തിലെ 12 വർഷങ്ങളാണ് നമുക്ക് മുന്നിൽ കടന്നു പോയത്. കാലഘട്ടത്തിനനുസരിച്ച് ജോർജ് കുട്ടിയുടെ ജീവിതനിലവാരത്തിൽ വരുന്ന മാറ്റങ്ങളും ചിത്രത്തിൽ വളരെ വ്യക്തമാണ്. സംഭവം നടക്കുന്ന തൊടുപുഴയിലെ ഒരു വീട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചുറ്റും വാഴ കൃഷിയും റബ്ബറും നിറഞ്ഞതാണ് വീട്ടുപരിസരം. ജോർജ് കുട്ടി ഒരു കർഷകനായതിനാൽ അത്തരത്തിലുള്ള ഒരു വീടുതേടിയാണ് ജീത്തു എന്നിലേക്ക്‌ എത്തിയതെന്ന് വീട്ടുടമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ദൃശ്യം 3. Photo: TOI

‘കൃഷിയും കേബിൾ ടി വി ഓഫീസുമായി ജീവിക്കുന്ന സാധാരണ നാട്ടിൻപുറത്തുകാരനെയാണ് ഒന്നാം ഭാഗത്തിൽ പ്രേക്ഷകർ കണ്ടത്. ഒരു മഹീന്ദ്ര ജീപ്പ് ആയിരുന്നു അന്ന് ജോർകുട്ടിക്കുണ്ടായിരുന്നത്. അതിനുവേണ്ടി ചെറിയ ഒരു ഷെഡും വീടിനോടു ചേർത്ത് ഒരുക്കിയിരുന്നു. രണ്ടാം ഭാഗത്തിലേക്കെത്തുമ്പോൾ സിനിമ സ്വപ്നം കണ്ടുനടന്ന ജോർജ് കുട്ടി സ്വന്തമായി ഒരു തിയേറ്റർ സ്വന്തമാക്കുകയും സിനിമ പ്രൊഡ്യൂസിങ്ങിലേക്കെത്തുന്നതായും കാണാം.

സാമ്പത്തികമായി മെച്ചപ്പെട്ടതോടെ വീട്ടിലും മാറ്റങ്ങൾ സംഭവിച്ചു. സ്വന്തമായി കാർ വാങ്ങിയ ജോർജ് കുട്ടി വീടിനോടു ചേർന്ന് പുതുതായി ഒരു കാർപോര്ച്ചും പുതിയ ഒരു മുറിയും പണിഞ്ഞതായി കാണാം.വീടിനുള്ളിലേക്ക് എത്തിയാൽ പ്രധാന സീനുകളിൽ ഭക്ഷണം കഴിക്കാനിരിക്കുന്ന മേശ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദൃശ്യം ഒന്നിൽ തടികൊണ്ടുള്ള മേശയിൽ പ്ലാസ്റ്റിക് കവർ വിരിച്ച നിലയിലായിരുന്നു. രണ്ടിലേക്കെത്തുമ്പോൾ അത് ചില്ലിട്ട മേശയായി മാറിയത് കാണാം. കൂടാതെ ആദ്യ ഭാഗത്തിലെ സ്റ്റീൽ അലമാര രണ്ടിൽ തടികൊണ്ടുള്ളതായി മാറി. കൂടാതെ വീട്ടിലാകെ സി.സി.ടി.വി യും പിടിപ്പിക്കുന്നുണ്ട്’,വീട്ടുടമ പറയുന്നു.

സംവിധായകനായ ജീത്തു ജോസഫ് തന്റെ അനുവാദത്തോടു കൂടിയാണ് 12 വർഷങ്ങൾക്കിടയിൽ ഇത്രയുമധികം മാറ്റങ്ങൾ വരുത്തിയതെന്നും വീട്ടുടമയായ ജോസഫ് കുരുവിള പറയുന്നു. ‘പന്ത്രണ്ടു ദിവസത്തെ ചിത്രീകരണമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആദ്യം 6000 രൂപയായിരുന്നു ദിവസ വാടകയായി ലഭിച്ചത്. രണ്ടിലേക്കെത്തിയപ്പോൾ അത് 10,000 ആയി. മൂന്നിൽ 1500 ആയി. രണ്ടാം ഭാഗത്തിനായി 1,20,000 രൂപയുടെ വാഴയാണ് ഇവിടേക്ക് എത്തിച്ചത്. മുറ്റത്ത് ഫ്ലോർ ടൈൽസും പതിപ്പിച്ചു. മൂന്നിൽ വാഴകൃഷിക്ക് പകരം കപ്പക്കൃഷിയാണ് ചിത്രത്തിലുള്ളത്. പുതിയ നിറത്തിലുള്ള പെയിന്റും വീടിന് അടിച്ചു. ഇതൊക്കെ കഴിഞ്ഞ 12 വർഷത്തിനിടയിൽ ജോർജ് കുട്ടി എന്ന കഥാപത്രത്തിന്റെ ജീവിതത്തിൽ വന്ന സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നതാണ്.

ദൃശ്യം 3. Photo: Panorma studios

മോഹൻലാലിന്റെ ജന്മദിനമായ മെയ് 21 ന് ആണ് ദൃശ്യം 3 തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആദ്യ രണ്ടു ഭാഗങ്ങൾക്ക് പുറമെ മറ്റു ഒട്ടനവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

Content Highlight: Drishyam movie house owner talks about the changes happened to the house in  years